ലഷ്കർ ഇ ത്വയ്ബ ഭീകരന്‍ അബു ഖത്തൽ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു; രജൗരി ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍

2023 രജൗരി ആക്രമണക്കേസിൽ മറ്റ് രണ്ട് ലഷ്കർ ഭീകരർക്കൊപ്പം അബു ഖത്തലിന്റെ പേരിലും എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

ലഷ്‌കർ-ഇ-തൊയ്യിബ ഭീകരൻ അബു ഖത്തൽ ശനിയാഴ്ച രാത്രി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. 2023 രജൗരി ഭീകരാക്രമണക്കേസിൽ എൻഐഎ തിരയുന്ന ഖത്തൽ ജമ്മു കശ്മീരിൽ ഒന്നിലധികം ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. അജ്ഞാത സംഘമാണ് പാതിസ്ഥാനിലെ പഞ്ചാബില്‍ വെച്ച് അബു ഖത്തലിനെ കൊലപ്പെടുത്തിയത്.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അബു ഖത്തൽ. ലഷ്‌കറിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറായി അബു ഖത്തലിനെ നിയമിച്ചത് ഹാഫിസ് സയീദായിരുന്നു. ഹാഫിസ് സയീദ് നേരിട്ടാണ് അബു ഖത്തലിന് ഉത്തരവുകൾ നൽകിയിരുന്നത്. ജൂൺ 9 ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഖത്തലായിരുന്നു.

2023 രജൗരി ആക്രമണക്കേസിൽ മറ്റ് രണ്ട് ലഷ്കർ ഭീകരർക്കൊപ്പം അബു ഖത്തലിന്റെ പേരിലും എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2023 ജനുവരി ഒന്നിനാണ് രജൗരിയിലെ ധാൻഗ്രിയിൽ സാധാരണക്കാർക്കെതിരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിനു പിന്നാലെ പിറ്റേന്ന് ഒരു ഐഇഡി സ്ഫോടനവും നടന്നിരുന്നു. ഈ കേസുകളിലാണ് ഖത്തലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ലഷ്കർ ഇ തൊയ്ബ നേതാക്കളായ സാജിദ് ജട്ട്, മുഹമ്മദ് ഖാസിം എന്നിവരാണ് ആക്രമണത്തിന്റെ ആസൂത്രണത്തില്‍ ഖത്തലിനൊപ്പം പ്രവർത്തിച്ചത്. അബു ഖത്തലും സാജിദ് ജട്ടും പാകിസ്ഥാൻ പൗരന്മാരാണ്. എന്നാൽ ഖാസിം 2002 ഓടെ പാകിസ്ഥാനിലേക്ക് കടന്ന് ലഷ്കർ ഇ തൊയ്ബയിൽ ചേരുകയായിരുന്നു.

ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നുള്ള ലഷ്കർ ഇ തൊയ്ബയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും വിന്യസിക്കുന്നതിനും മൂവരും പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com