
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഒമ്പത് മണിമുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരിയിൽ പൊതുദർശനത്തിന് വെക്കും . ശേഷം വൈകിട്ട് നാലുമണിയോടെയാണ് സംസ്കാരം നടക്കുക. ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ച ആലുവയിലെ വീട്ടിൽ തന്നെയാണ് മലയാളത്തിന്റെ കവിയൂര്‍ പൊന്നമ്മ അന്ത്യ വിശ്രമം കൊള്ളുക.
കഴിഞ്ഞ ദിവസം എറണാകുളം ലിസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കവിയൂർ പൊന്നമ്മ വിടവാങ്ങിയത്. പരിശോധനയിൽ സ്റ്റേജ്-4 കാൻസർ കണ്ടെത്തിയിരുന്നെന്നും രോഗം മൂർച്ഛിച്ചതാണ് മരണ കാരണമെന്നും എറണാകുളം ലിസി ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു. വൈകീട്ട് 5.53 ഓടെയായിരുന്നു മരണം.
ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ കവിയൂർ പൊന്നമ്മ 700ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1945 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് ജനനം. അന്തരിച്ച പ്രശസ്ത സിനിമ-നാടക നടിയായിരുന്ന കവിയൂര്‍ രേണുക സഹോദരിയാണ്.
അവസാന നാളുകളില്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു കവിയൂര്‍ പൊന്നമ്മ താമസിച്ചിരുന്നത്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. ഏക മകള്‍ ബിന്ദു അമേരിക്കയിലാണ്.
നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കെപിഎസിയുടെ ഗായികയായിട്ടാണ് അരങ്ങത്തേക്ക് എത്തിയത്.