താമരശ്ശേരി ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതിൽ അവ്യക്തത തുടരുന്നു. വയനാട് - കോഴിക്കോട് കളക്ടർമാരുടെ ഉത്തരവുകളിൽ ആശയക്കുഴപ്പം.
അത്യാവശ്യ വാഹനങ്ങൾ മാത്രം കടത്തിവിടുമെന്നാണ് വയനാട് കളക്ടർ പറയുന്നത്. മഴ ഇല്ലാത്ത സമയത്ത് ചെറുവാഹനങ്ങൾക്കും അനുമതിയെന്നാണ് കോഴിക്കോട് കളക്ടറുടെ നിലപാട്. ഇത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
കണ്ണൂർ അലവിലിലെ ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പൊലീസ്. ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഭർത്താവ് തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കല്ലാളത്തിൽ പ്രേമരാജൻ, എ.കെ. ശ്രീലേഖ എന്നിവരെ ആണ് ഇന്നലെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീലേഖയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ട്. മകൻ വിദേശത്ത് നിന്ന് എത്തുന്നതിന് തൊട്ടുമുൻപാണ് സംഭവം.
തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ബസ് മറിഞ്ഞ് അപകടം. കൈപ്പറമ്പ് പുറ്റെക്കരയിൽ ഇന്ന് പുലർച്ചെ 5.30 യോടെ ആണ് ബസ് മറിഞ്ഞത്. അപകടത്തിൽ പതിനേഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ബസ്സിന്റെ മുൻവശം പൂർണമായും തകർന്നു. അകടത്തെ തുടർന്ന് തൃശൂർ കുന്നംകുളം റോഡിൽ ഗതാഗത സ്തംഭിച്ചു.
കളമശ്ശേരിയില്‍ ഗ്ലാസ് വര്‍ക്ക് നടത്തുന്ന സ്ഥാപനത്തില്‍ ലോഡ് ഇറക്കവേയാണ് അപകടമുണ്ടായത്. അസം സ്വദേശി അനില്‍ പട്‌നായിക് ആണ് മരിച്ചത്. ലോറിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഗ്ലാസുകള്‍ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഉപയോഗിച്ച തടവുകാരനെതിരെ കേസ്. സെൻട്രൽ ജയിൽ ഒന്നാം ബ്ലോക്കിലെ തടവുകാരൻ സുജിത്തിനെതിരെയാണ് കേസെടുത്തത്.
ഇന്നലെ രാവിലെയാണ് സുജിത് മൊബൈൽ ഉപയോഗിക്കുന്നത് ജീവനക്കാർ കണ്ടത്. രണ്ടാഴ്ചയ്‌ക്കിടെ ആറ് ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്.
കൊച്ചിയിൽ ഓഹരിയിടപാടുകളിലൂടെയുണ്ടായ കടം വീട്ടാൻ ടയർ മോഷണം. ചേരാനല്ലൂരിലെ യാർഡിൽ നിന്ന് സ്റ്റെപ്പിനി ടയറുകൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ.
വടക്കേക്കര സ്വദേശികളായ സിറിൽ, ജിതിൻ കൃഷ്ണ എന്നിവരാണ് ചേരാനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഒരു മാസത്തിനിടെ 31 സ്റ്റെപ്പിനി ടയറുകളാണ് ഇരുവരും മോഷ്ടിച്ച് വിറ്റത്.
മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ സിറിലാണ്. ഷെയർ ട്രേഡിങ്ങിലൂടെ പത്ത് ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നും കടം വീട്ടാനാണ് മോഷണമെന്നാണ് സിറിലിന്റെ മൊഴി. വാഹനങ്ങളിൽ വിനൈൽ കോട്ടിങ് ചെയ്യുന്ന സിറിൽ യാർഡിൽ ജോലിചെയ്തിട്ടുണ്ട്. ഈ പരിചയം മുതലെടുത്തായിരുന്നു മോഷണം.
മട്ടന്നൂർ കോളാരിയിലെ സി മുഈനുദ്ദീന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരക്കാണ് സംഭവം. വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്
മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെ കാത്ത് ലാബുകൾ പ്രതിസന്ധിയിലേക്ക്. 158 കോടി രൂപയുടെ കുടിശ്ശികയെ തുടർന്ന് കമ്പനികൾ ഉപകരണ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഉപകരണങ്ങളുടെ വില വിതരണത്തിലാണ് കുടിശ്ശികയുള്ളത്. കാത്ത് ലാബുകളിലേക്കുളള ഉപകരണങ്ങളുടെ വിലയാണ് നൽകാനുളളത്.
മെഡിക്കൽ കോളേജുകൾ ഉൾപ്പടെ 21 ആശുപത്രികളിൽ 19 മാസമായി പണം നൽകാനുണ്ട്. ഏറ്റവും കൂടുതൽ കുടിശ്ശിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ്. 34.90 കോടി രൂപ. തിരുവനന്തപുരത്ത് 29.56 കോടിയും കോട്ടയത്ത് 21.74 കോടിയും കുടിശ്ശികയുണ്ട്. പണം കിട്ടാത്തതിനെ തുടർന്ന് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തി വെച്ചിരിക്കുകയാണ് കമ്പനികൾ.
കോഴിക്കോട് നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. വയനാട് സ്വദേശി റഹീസിനെയാണ് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
നടക്കാവ് സെയിൽ ടാക്സ് ഓഫീസിനു സമീപമുള്ള ജവഹർനഗർ കോളനിയിൽ പുലർച്ചെയാണ് സംഭവം. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
സിനിമ നടി ലക്ഷ്മി മേനോൻ പ്രതിയായ തട്ടികൊണ്ടുപോകല്‍ കേസില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. നഗരത്തിലെ നാല് ഇടങ്ങളിൽ നിന്ന് സിസിടിവി ക്യാമറകളും അഞ്ച് സാക്ഷികളേയും പൊലീസ് കണ്ടെത്തി വിവരം ശേഖരിച്ചു.
സിനിമ നടിയോടൊപ്പം ഉണ്ടായിരുന്ന ക്വട്ടേഷൻ സംഘാംഗം മിഥുൻ മോഹൻ ഐടി ജീവനക്കാരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പൊലിസിന് മൊഴിയും ലഭിച്ചു. അതേസമയം IT ജീവനക്കാരനെതിരെ ലക്ഷ്മിയും, സോനയും നൽകിയ പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് കുറ്റ്യാടിയില്‍ കാന്‍സര്‍ ബാധിതയായ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അക്യുപങ്ചര്‍ ചികില്‍സകര്‍ രോഗിയായ യുവതിയെ രോഗം ഭേദമാകും എന്ന് തെറ്റിധരിപ്പിച്ച് ചികില്‍സ തുടര്‍ന്നതായ വിവരങ്ങള്‍ പുറത്ത്. രോഗം കടുത്ത ഘട്ടത്തില്‍ അക്യുപങ്ചര്‍ ചികില്‍സകയെ വിളിച്ച് വേദന കൊണ്ട് വിളിച്ച് കരയുന്ന യുവതിയുടെ ശബ്ദരേഖ പുറത്ത്.
റിപ്പോർട്ടർ ടിവി തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഓഫീസിൽ കരിയോയിൽ ഒഴിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ചാനലിലെ മുൻ ജീവനക്കാരിയുടെ ഫേസ്ബുക്ക് കുറിപ്പിലെ ആരോപണത്തിന് പിന്നാലെയാണ് പ്രതിഷേധം. സംഭവത്തിൽ യൂത്ത് കോൺഗ്രസിന് ഇടയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായി. ഷാഫി പറമ്പിൽ അനുകൂലികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
കോഴിക്കോട് നഗരത്തിൽ ലഹരി വേട്ട. 30 ഗ്രാം എംഡിഎംഐയുമായി സഹോദരങ്ങളടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. പന്തീരങ്കാവിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിന് മുന്നിൽ വിൽപ്പനക്കായി എത്തിച്ച എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്. ഓണാഘോഷം ലക്ഷ്യമാക്കിയാണ് ലഹരി എത്തിച്ചതെന്നാണ് റിപ്പോർട്ട്.
അരീക്കാട് സ്വദേശികളായ അബ്ദുൽ സമദ്, സാജിദ് ജമാൽ, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫാ നദീർ എന്നിവരാണ് പിടിയിലായത്. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഫ്ലാറ്റിന്റെ ഡോറിൽ വളർത്തു നായ്ക്കളെ കെട്ടിയിട്ടിരുന്നു. പ്രതികൾ ഉപയോഗിച്ച എംജി ഹെക്ടർ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണ റിപ്പോർട്ടിന് മുഖ്യമന്ത്രിയുടെ അംഗീകാരം ഉണ്ടെന്ന വിജിലൻസ് രേഖകൾ പുറത്ത്. വിജിലൻസ് കോടതിയിൽ സമർപ്പിച്ച രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു. എം.ആർ. അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. എഡിജിപി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നത് അയൽവാസികൾ പറയുന്നു. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മാനസിക ബുദ്ധിമുട്ടുകളുള്ള വ്യക്തിയായിരുന്നു മേരിയെന്ന് കുടുംബം പറഞ്ഞു. മാനന്തവാടി പൊലീസ് തുടർ നടപടി സ്വീകരിച്ചിട്ടുണ്ട്.
തലപ്പാടി ബസ് അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര വീഴ്ചയെന്ന് കർണാടക ആർടിസിയുടെ കണ്ടെത്തൽ. അമിത വേഗതയും അശ്രദ്ധയും അപകടത്തിനിടയാക്കിയെന്നും കണ്ടെത്തി. സർവീസ് റോഡിലൂടെ മാത്രം യാത്രയ്ക്ക് അനുമതി ഉണ്ടെന്നിരിക്കെ ദേശീയ പാതയിലൂടെ സർവീസ് നടത്തിയത് വീഴ്ചയെന്നും കണ്ടെത്തി.
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനായി വടകര എംപി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം.
രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി പറയാൻ പാടില്ലെന്ന് യോഗത്തില്‍ ചർച്ചയായി. ഒഴിവാക്കി നിർത്തേണ്ട സാഹചര്യമില്ല. മണ്ഡലത്തിൽ നിന്ന് എംഎല്‍എ ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി.
രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കേ കെപിസിസിയുടെ ഗൃഹസമ്പർക്ക പരിപാടി കണ്ണൂരിൽ തുടക്കമായി. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക വിവാദം ഉൾപ്പെടെ വോട്ടർമരെ നേരിൽ കണ്ട് വിശദീകരിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഉചിതമായ നടപടി എടുത്തുവെന്നും കോൺഗ്രസിന്റെ നിലപാട് പാർട്ടിയുടെ മതിപ്പ് വർധിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം റോഡിൽ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടുന്നു. ശക്തമായ മഴയുള്ളപ്പോൾ വാഹന ഗതാഗതം അനുവദിക്കില്ല. ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി നാടുകാണി ചുരം വഴി തിരിഞ്ഞുപോകണം.
അതേസമയം നിലവിൽ നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമേ കടത്തി വിടുന്നുള്ളൂവെന്ന് പറഞ്ഞ കോഴിക്കോട് ജില്ലാ കളക്ടർ ഉച്ച കഴിഞ്ഞ് വിദഗ്ധ സംഘം പരിശോധിക്കുമെന്നും വ്യക്തമാക്കി. ഭാര വാഹനങ്ങൾ കടത്തി വിടുന്നതിൽ അതിന് ശേഷം മാത്രമായിരിക്കും തീരുമാനമെടുക്കുക.
താമരശേരി ചുരത്തിലെ മണ്ണിടിച്ചിലിന് കാരണം പോസ്റ്റ് മൺസൂൺ ഇംപാക്ട് ആണെന്ന് മുൻ മണ്ണ് സംരക്ഷണ വിദഗ്ധൻ പി.യു. ദാസ്. ശക്തമായ മഴയാണ് ഇവിടെ ലഭിച്ചത്. വെള്ളത്തോടൊപ്പം മണ്ണും കല്ലും നിരങ്ങി നീങ്ങിയതാണ്. മുകളിലെ പാറയ്ക്ക് വിള്ളലുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടുത്ത മൺസൂണിനു മുമ്പ് കൃത്യമായ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും പി.യു.ദാസ് പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭയ്ക്ക് മുന്നിൽ കലാ രാജുവിനെതിരെ കുടുംബശ്രീ പ്രവർത്തകരുടെ പ്രതിഷേധം. കലാ രാജു സിഡിഎസ് ചെയർപേഴ്സൺ ആയിരുന്ന സമയത്ത് 13 ലക്ഷത്തിലേറെ രൂപ തിരിമറി നടത്തി എന്ന് ആരോപിച്ചാണ് പ്രതിഷേധം.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ മൊഴി നൽകാൻ പരാതിക്കാരി സുമയ്യ. കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലാണ് സുമയ്യ എത്തിയത്. കഴിഞ്ഞ ദിവസമാണ് സഹോദരൻ പരാതി നൽകിയത്. നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് സുമയ്യ പറയുന്നു. സുമയ്യയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
108 ആംബുലൻസ് പദ്ധതിയിൽ സർക്കാറിനെതിരെ അഴിമതി ആരോപണം കടുപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സർവീസ് നടത്തിവന്ന ജിവികെ ഇഎംആര്‍ഐ കമ്പനിയുടെ അയോഗ്യത സർക്കാർ മറച്ചു വെച്ചു. 250 കോടി കമ്മീഷന്റെ ഉപകാരസ്മരണയാണ് സര്‍ക്കാര്‍ കാണിച്ചത്. ടെക്‌നിക്കല്‍ ബിഡില്‍ പരാജയപ്പെടണ്ട കമ്പനിയെ സര്‍ക്കാര്‍ സംരക്ഷിച്ചു. സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അയോഗ്യരാകുമെന്നിരിക്കെ സത്യവാങ്മൂലത്തില്‍ സർക്കാർ ഇക്കാര്യം മറച്ചുവെച്ചെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ വ്യാജമാണെന്നാണ് കമ്പനിയുടെ വിശദീകരണം.
മലപ്പുറം പൊന്നാനി താലൂക്ക് ആശുപത്രിയിൽ മദ്യപാനിയുടെ അതിക്രമം. പൊന്നാനി സ്വദേശി സിദ്ദിഖാണ് മദ്യപിച്ച് എത്തി ജീവനക്കാരെയും ഡോക്ടർമാരെയും അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തത്. ആശുപത്രി അധികൃതർ പൊന്നാനി പോലീസിൽ പരാതി നൽകി. ഇയാൾ ആവശ്യപ്പെടുന്ന മരുന്ന് നൽകിയില്ലെങ്കിൽ ആക്രമിക്കാൻ ശ്രമിക്കുന്നു എന്നാണ് അധികൃതരുടെ പരാതി.
യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്. അടൂരിൽ വ്യാപക പരിശോധന നടത്തുകയാണ് ക്രൈം ബ്രാഞ്ച്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലും പരിശോധന നടക്കുകയാണ്. രാഹുലിന്റെ അടുത്ത അനുയായി നുബിൻ ബിനുവിന്റെ ഫോൺ ക്രൈംബ്രാഞ്ച് പരിശോധനയ്ക്കായി പിടിച്ചെടുത്തു. ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിയാണ് ഫോൺ പിടിച്ചെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിനായി യോഗം നടന്നിട്ടില്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ. താൻ വന്നത് കല്യാണത്തിനാണെന്നാണ് ഷാഫി പറമ്പിലിൻ്റെ വിശദീകരണം. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിൽ യോഗം നടന്നെന്നായിരുന്നു റിപ്പോർട്ട്.
പത്തനംതിട്ട കണ്ണങ്കരയിൽ വൻ ലഹരിവേട്ട. 50 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ ഇസ്താപുര ആലം, മാലാ മൊണ്ഡൽ എന്നിവരാണ് പിടിയിലായത് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്നായിരുന്നു പരിശോധന. കണ്ണങ്കരയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കടകളിലും വ്യാപക പരിശോധന നടത്തി. കഞ്ചാവും കഞ്ചാവ് അടങ്ങിയ മിഠായികളും കണ്ടെടുത്തു.
സംസ്ഥാന സർക്കാർ കർഷകരെ ദ്രോഹിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകർ മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്നുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ ഒരു മാറ്റവുമില്ല. ബിജെപി കർഷകരെ പിന്തുണയ്ക്കുമെന്നും നീതി ലഭിക്കുന്നത് വരെ കൂടെ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഓണസമയത്ത് സംസ്ഥാനത്തിന് ലഭിക്കുന്ന എല്ലാ അരിയും കൊടുത്തത് കേന്ദ്രമാണെന്നും രാജീവ് ചന്ദ്രശേഖർ.
സ്വർണാഭരണശാലകളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വെട്ടിപ്പ്. 100 കോടി രൂപയിലധികം വിറ്റുവരവ് വെട്ടിപ്പാണ് കണ്ടെത്തിയത്. തൃശൂർ ജില്ലയിലെ 42 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 'ഓപ്പറേഷൻ ആർക്കൻസ്റ്റോൺ' എന്നപേരിൽ പരിശോധന തുടരുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി തള്ളി കണ്ണൂർ ജില്ലാ കോടതി. പി.പി. ദിവ്യക്കെതിരായ കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.
വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും വേദിയായ കൂത്താട്ടുകുളം നഗരസഭയിലെ തെരഞ്ഞെടുപ്പിൽ കലാ രാജുവിന് ജയം. നഗരസഭാ ചെയർപേഴ്സണായി കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ ആണ് കലാ രാജു മത്സരിച്ചത്. കലാ രാജു 13 വോട്ട് നേടിയപ്പോൾ മുൻ ചെയർപേഴ്സൺ വിജയ ശിവന് ലഭിച്ചത് 12 വോട്ടാണ്.
കോഴിക്കോട് നാദാപുരം അരൂരിൽ കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. പൂവന്റവിട റിഫാദിനാണ് ഗുരുതരമായി പരിക്കേറ്റത്. റിഫാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച നേതാവിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് മുൻ വനിത നേതാവ്. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭാ സുബിനും യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന മറ്റു രണ്ടുപേർക്കും എതിരെയാണ് യുവതി പരാതി നൽകിയിരുന്നത്. മൂന്ന് വർഷത്തിനിടയിൽ മാറി വന്ന കെപിസിസി-ഡിസിസി അധ്യക്ഷന്മാർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് പാർട്ടി നേതൃത്വമെന്നും പരാതിക്കാരി പറയുന്നു.
ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിൽ എതിര്‍പ്പറിയിക്കാനുള്ള അന്തിമ സമയം നീട്ടണമെന്ന് ഹര്‍ജിക്കാര്‍. സുപ്രീംകോടതിയിലാണ് ആര്‍ജെഡിയുടെ ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ ആവശ്യം. ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് രോഗിയുടെ ബന്ധു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. നഷ്ടപരിഹാരം വേണമെന്നും സാബിർ എന്നയാൾ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിൻ. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി.
തെളിവില്ലെന്നും തങ്ങൾ പ്രതികൾ അല്ലെന്നും കണ്ടെത്തിയ കേസ്. ക്രൈം ബ്രാഞ്ചാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തന്നെ കേസിൽ കുടുക്കി കളങ്കിതനായി ചിത്രീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പ്രതികൂല ആരോപണങ്ങള്‍ എന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ആരോപിച്ചു.
അന്ന് നടന്ന സംഭവത്തിൽ പരാതി ഉന്നയിച്ച യുവതിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങൾ. ചില മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നുവെന്നും ശോഭ സുബിന്‍ പറഞ്ഞു.
കെപിസിസിക്ക് ലഭിച്ച പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു. എ.എ. ഷുക്കൂർ നേതൃത്വം നൽകിയ കമ്മറ്റിയാണ് പരാതി അന്വേഷിച്ചത്. പൊലീസ് നടപടികൾ അനുസരിച്ച് പാർട്ടിതല നടപടികൾ സ്വീകരിക്കാനാണ് അന്ന് തീരുമാനിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൻ്റെ പകർപ്പ് ആർക്കും കൈമാറാൻ തയ്യാറാണ്. താനടക്കമുള്ള മൂന്ന് പ്രതികളും കുറ്റക്കാരല്ല എന്നാണ് അതിൽ പറയുന്നതെന്നും ശോഭാ സുബിന്‍ കൂട്ടിച്ചേർത്തു.
പ്രവാചക കേശം വളർന്നെന്ന കാന്തപുരത്തിൻ്റെ പ്രസ്താവനയെ പരിഹസിച്ച് മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ. ഒരു വർഷം കൊണ്ട് അര സെൻ്റിമീറ്റർ വളർന്നെന്ന് പറയുന്നു. എങ്കിൽ 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നിട്ടുണ്ടാകും. പണം ഉണ്ടാക്കാൻ കാന്തപുരം മതത്തെ ഉപയോഗിക്കുക ആണെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളിയുടെ പാതാള കിണറിൽ ചാടി യുവാവ് ജീവനൊടുക്കി. ഇന്ന് രാവിലെ പതിനൊന്നരയോടുകൂടിയാണ് സംഭവം. കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള പോയോടം പള്ളിയുടെ പുറകുവശത്തുള്ള കിണറിലാണ് യുവാവ് ചാടിയത്. ഏകദേശം 30 വയസ് പ്രായമുള്ള യുവാവാണ്. ഇയാൾ കിണറിന്റെ അടിഭാഗത്തുള്ള ചില്ലുകൂട് തകർത്ത് കിണറിലേക്ക് ചാടുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരവേ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച. യോഗം ചേരാൻ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നിർദേശം നൽകി. തിങ്കളാഴ്ച ഫിനാൻസ് കമ്മിറ്റി യോഗം ചേരും. ബജറ്റ് പാസാക്കലാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ട.
കണ്ണൂർ അലവിലിലെ ദമ്പതികളുടെ മരണത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. എ. കെ. ശ്രീലേഖയുടേത് കൊലപാതകമാണെന്നും, പ്രേമരാജൻ്റേത് മരിച്ചത് തീപൊള്ളലേറ്റാണെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ലെന്നും, ആ വാർത്ത കൊടുത്തതിന് റിപ്പോർട്ടർ ടിവിയെ ആക്രമിക്കുന്നതിലൂടെ വ്യക്തമാക്കുന്നത് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് ആണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
വയനാട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ കൽപ്പറ്റ ലേബർ ഓഫീസറെ ഉപരോധിക്കുന്നു. ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്തപ്പോൾ പറഞ്ഞ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കിയിട്ടില്ല എന്നാണ് പരാതി. മുന്നൂറോളം തൊഴിലാളികൾക്കാണ് പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ടത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം.
മലപ്പുറത്ത് ശരീരത്തിൽ കെട്ടിവച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് 4.5 കിലോ കഞ്ചാവുമായി പിടിയിലായത്. മോങ്ങത്ത് നിന്നാണ് ഇയാൾ കൊണ്ടോട്ടി പൊലീസിൻ്റെ പിടിയിലായത്.
കോഴിക്കോട് ബാലുശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൂട്ടാലിട സ്വദേശി പ്രമോദിനെയാണ് (44) കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് കൂരാച്ചുണ്ട്- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്. കൂരാച്ചുണ്ട് എസ്‌ഐ സൂരജിൻ്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നത് ഒത്തുകളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് കണ്ണില്‍ പൊടിയിടാൻ ശ്രമിക്കുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കേൾക്കാത്ത പരാതി പരമ്പകളാണ് രാഹുലിനെ നേരെ ഉയരുന്നത്. രാഹുലിന്റെ പ്രവർത്തനം മനസ്സാക്ഷിയുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി.
പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കേട്ടതിനേക്കാൾ കൂടുതൽ കേൾക്കാനുണ്ട് എന്നതാണ് യാഥാർഥ്യം. പരാതി ഉയർന്ന ഘട്ടത്തിൽ തന്നെ ഇല്ലാതാക്കാനും തേച്ചു മായ്ച്ച് കളയാനുമാണ് കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. മനസാക്ഷിയുള്ള കേരള ജനതയും, സാധാരണ കോൺഗ്രസ് പ്രവർത്തകരും പ്രതികരിച്ചപ്പോഴാണ് നടപടിയെക്കുറിച്ച് നേതൃത്വം ആലോചിച്ചത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാർട്ടി രാഹുലിന് വീരപരിവേഷം നൽകിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
ആഗോള അയ്യപ്പസംഗമത്തിലെ എൻഎൻഎസ് പിന്തുണയിൽ പ്രതികരണവുമായി എം.വി. ഗോവിന്ദൻ. മൂന്നാം ടേമിലേക്കുള്ള യാത്രയിൽ സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. അയ്യപ്പൻ്റെ മാത്രമല്ല, എല്ലാവരുടേയും കടാക്ഷം ലഭിക്കും. അയ്യപ്പസംഗമം പൊള്ളുന്നത് ആർക്കാണെന്ന് ഇപ്പോൾ മനസിലായില്ലേയെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ ചോദ്യം.
വിശ്വാസികൾ വർഗീയവാദികളെല്ലാം, വർഗീയവാദികൾ വിശ്വാസികളെല്ലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ നല്ല പങ്കു വഹിക്കേണ്ടത് വിശ്വാസികളാണ്. "ക്ഷണിച്ചാൽ പങ്കെടുക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.എല്ലാ വിശ്വാസികളെയും ക്ഷണിക്കും.ഒരു വർഗീയവാദിയേയും ക്ഷണിക്കില്ല," എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടും. കോഴിക്കോട് -വയനാട് കലക്ടർമാർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും. അതേസമയം ചുരത്തിൽ നിരീക്ഷണം തുടരും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. കോഴിക്കോട് നിന്നും റഡാറുകൾ എത്തിച്ച് പരിശോധന നടത്താനും കളക്ടറുടെ യോഗത്തിൽ തീരുമാനമായി.
പാലക്കാട് വച്ച് എ ഗ്രൂപ്പ് യോഗം ചേർന്നിട്ടില്ലെന്ന് ആവർത്തിച്ച് ഷാഫി പറമ്പിൽ എംപി. വീട്ടിൽ ഇല്ലാത്ത സി. ചന്ദ്രൻ്റെ വീട്ടിൽ വച്ച് എങ്ങനെ യോഗം ചേരുമെന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ ചോദ്യം.
കൊച്ചി ചേരാനല്ലൂരിൽ രാസ ലഹരി വേട്ട. 24.740 ഗ്രം എംഡിഎംഎയുമായി ജിം ഇൻട്രക്ടറടക്കം 2 പേർ ഡാൻസാഫ് പിടിയിലായി. ചേന്ദമംഗലം സ്വദേശി അബ്ദുൽ റൗഫ്,കണ്ണൂർ സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. ജിമ്മുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
സമസ്തയുടെ മുൻ ഉപാധ്യക്ഷമായിരുന്ന സി.എം.അബ്ദുല്ല മൗലവി(ചെമ്പരിക്ക ഖാസി)യുടെ മരണവുമായി ബന്ധപ്പെട്ട് ഹക്കിം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ് അന്വേഷണത്തിൻ്റെ ചുമതല. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് പല തെളിവുകളും കൈയ്യിൽ ഉണ്ടെന്ന ഹക്കിം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
രാഹുൽമാങ്കൂട്ടത്തിലിനെതിരെ ക്രെംബ്രാഞ്ച് എടുത്ത കേസിൽ ഡിവൈഎസ്‌പി ഷാജിക്ക് അന്വേഷണ ചുമതല. പുതിയ അന്വേഷണസംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് സംഘത്തിലുള്ളവർ.
വയലിൽ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസ്. കോഴിക്കോട് നരിക്കുനി ഭരണിപ്പാറയിലെ റഹീസ്, തൻ്റെ വീട്ടിൽ കൂട്ടിലടച്ചു വളർത്തുകയായിരുന്നു തത്തയെയാണ് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്. നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ 2പട്ടികയിൽ പെടുന്നതാണ്.
നിലവിൽ മിൽമ പാൽ വില കൂട്ടില്ല. വില കൂട്ടുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം ആകും തീരുമാനം. തീരുമാനം എടുക്കുന്നതിൽ ക്ഷീരകർഷകരെ കൂടി പരിഗണിക്കുമെന്ന് മിൽമ അറിയിച്ചു.
കൊല്ലം ഇളമാട് പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർക്ക് പരിക്ക്. പതിനൊന്ന് വയസുകാരൻ നിസ്വാൻ, രക്ഷിക്കാൻ ശ്രമിച്ച സ്ത്രീക്കുമാണ് പരിക്കേറ്റത്. ശരീരത്തിൽ പൊള്ളലേറ്റ നിസ്വാനെ എസ്.എ.റ്റി. ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവായ സ്ത്രീ ആയൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനാപകടം. കല്ലുവെട്ടാൻ കുഴിയിൽ കാറ് തല കീഴായി മറിഞ്ഞ് ആണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ആറ് വിദ്യാർഥികൾക്ക് നിസ്സാരമായ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച നടത്താൻ നിർദേശം. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനാണ് യോഗം ചേരാനുള്ള നിർദേശം നൽകിയത്. രജിസ്ട്രാർ കെ. എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ പിൻവലിച്ച യോഗത്തിനുശേഷം ഇതാദ്യമായാണ് വീണ്ടും സിൻഡിക്കേറ്റ് ചേരുന്നത്.
ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്. കോളേജിൽ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരിന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്ക്ശു ആശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർഥി മരിച്ചു.
മംഗളൂരു- ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ. ഓണക്കാല യാത്രാ തിരക്ക് പ്രമാണിച്ചാണ് റെയിൽവേയുടെ തീരുമാനം. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് പ്രത്യേക സർവീസ് ഉണ്ടാവുക. നാളെ മുതൽ സ്പെഷ്യൽ ട്രെയിനുള്ള ബുക്കിംഗ് ആരംഭിക്കും.
നെഹ്‌റു ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ട് ജില്ലയിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ എല്ലാ ഓഫീസുകൾക്കും 30/08/2025 (ശനിയാഴ്ച) അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്.വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.
വടകര നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. വടകര നഗരസഭയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർക്കും ഓവർസിയർക്കുമാണ് സസ്പെൻഷൻ. വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റൻ്റ് എഞ്ചിനീയർ അജിത് കുമാർ, ഓവർസിയർ അനിഷ. പി എന്നിവരെ എന്നിവരെ സസ്പെൻഡ് ചെയ്തത്.
ലക്ഷങ്ങൾ തട്ടിയെടുത്ത് 60കാരിയായ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൻ അറസ്റ്റിൽ. കഠിനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി മൻസൂർ ആണ് അറസ്റ്റിലായത്. കോടതി നിർദേശ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഷിജിലയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 60കാരിയായ മാതാവ് ഫാത്തിമ ബീവിയെ ആണ് വീട്ടിൽ നിന്ന് പുറത്താക്കിയത്.
സ്കൂട്ടർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കാസർഗോഡ് ഇച്ചിലങ്കോട് സ്വദേശി യൂസഫാണ് മരിച്ചത്. കുമ്പള മാവിനക്കട്ടയിലാണ് അപകടം.
ദേഹത്ത് ബസ് കയറി വയറിങ് തൊഴിലാളി മരിച്ചു. പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ബാലൻ്റെ മകൻ ഷിബിൻ (26) മരിച്ചത്. കോഴിക്കോട് അരയിടത്തുപാലത്ത് ഇന്ന് വൈകുന്നേരം മൂന്നു മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ബൈക്കിന് പിന്നിൽ ബസ്സിടിച്ച് ബൈക്കിൻ്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഷിബിൻ തെറിച്ച് വീണ് ബസിനടിയിൽ പെടുകയായിരുന്നു.
ട്രാഫിക്കിനിടെ വനിതാ പൊലീസ് ആംബുലൻസിന് വഴിയൊരുക്കിയതിൽ ട്വിസ്റ്റ്. രോഗിയില്ലാതെ വന്ന ആംബുലൻസിനാണ് അന്ന് വഴിയൊരുക്കിയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ എഎസ്ഐ ആയ അപർണ ലവകുമാറാണ് ആംബുലൻസിന് വഴിയൊരുക്കിയത്.