കണ്ണൂർ കണ്ണപുരം കീഴറയിൽ വാടക വീടിനുള്ളിൽ സ്ഫോടനം. വീട് പൂർണമായും തകർന്നു. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ള വീടാണ് തകർന്നത്. കെട്ടിടത്തിനകത്ത് ആളുണ്ടായിരുന്നതായി സംശയമുണ്ട്.
ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരം ഇന്ന്. 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് രാവിലെ 11 മണിക്ക് തുടക്കമാകും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാകും ആദ്യം നടക്കുക. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും നടക്കും.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തെരഞ്ഞെടുപ്പ് രേഖ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് മൊഴി കൊടുക്കാൻ ഹാജരായേക്കില്ല. ക്രൈം ബ്രാഞ്ച് നോട്ടീസ് കിട്ടിയിട്ടില്ല എന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. മൊഴി എടുക്കലിന് മറ്റൊരു ദിവസം ഹാജരാകാൻ ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടിസ് നൽകിയേക്കും.
തിരുവനന്തപുരം കാര്യവട്ടത്ത് കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി. പോത്തൻകോട് സ്വദേശി ശ്രീരാഗാണ് പിടിയിലായത്. ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ എസ്ഐ ജീവനൊടുക്കിയ നിലയിൽ. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുടുംബസമേതം ക്യാമ്പ് ക്വാട്ടേഴ്സിൽ ആയിരുന്നു താമസം. കുഞ്ഞുമോന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് പൊലീസ് നിഗമനം.
കണ്ണൂർ കണ്ണപുരത്തെ സ്‌ഫോടനത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസ് എടുത്ത് പൊലീസ്. അനൂപ് മാലിക് എന്നയാൾക്കെതിരെ കേസെടുത്തു. വീട്ടിൽ താമസിച്ചിരുന്നവരെക്കുറിച്ച് പ്രദേശവാസികൾക്ക് അറിവില്ല. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ള വീട് പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലം കണ്ണൂർ കമ്മീഷണർ പി. നിധിൻ രാജ് സന്ദർശിച്ചു. വീട്ടിൽ കിടന്നുറങ്ങിയിരുന്ന ആളാണ് മരിച്ചതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചു.
കോഴിക്കോട് പൊയിൽക്കാവ് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. പൊയിൽക്കാവ് സ്വദേശി പ്രകാശൻ്റെ സ്‌കൂട്ടറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട വീട്ടുകാർ വെള്ളമുപയോഗിച്ച് തീ അണക്കുകയായിരുന്നു.
കോഴിക്കോട് വടകരയിൽ എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡൻ്റിൻ്റെ വീടിന് നേരെ കല്ലേറ്. വടകര കുറുമ്പയിലെ മീത്തലെ മഠത്തിൽ ദാമോദരൻ്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. രാത്രി 12.30ഓടെയായിരുന്നു സംഭവം. വീടിൻ്റ മുൻഭാഗത്തെ മൂന്ന് ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.
കണ്ണൂരിലെ സ്ഫോടനം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനമാണെന്നാണ് കോൺഗ്രസ് വിമർശനം. മുക്കിലും മൂലയിലും ബോംബ് നിർമാണമെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
കണ്ണൂർ കണ്ണപുരത്തെ സ്‌ഫോടനത്തിൽ പൊലീസ് കേസെടുത്ത വ്യക്തി കോൺഗ്രസുമായി ബന്ധമുള്ളയാളെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. അനൂപ് മാലികിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നായിരുന്നു രാഗേഷിൻ്റെ പ്രസ്താവന. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത സമയത്ത് സ്ഫോടക വസ്തു നിർമിച്ചത് എന്തിനാണെന്നും രാഗേഷ് ചോദിച്ചു.
പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ ഇന്നലെ രാത്രിയാണ് സംഭവം. വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുളള പാടത്തിൽ വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്.
സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈൻ വലിച്ചയാൾ, കൃഷി സ്ഥലത്തിന്റെ ഉടമ എന്നിവരെയാണ് ചെർപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ കണ്ണപുരം സ്ഫോടനത്തിൽ മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം. പ്രതി അനൂപ് മാലികിൻ്റെ ബന്ധുവാണ് കൊല്ലപ്പെട്ടയാളെന്ന് കമ്മീഷണർ. അനുമതിയില്ലാതെയാണ് അനൂപ് മാലിക് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് എസ്പി കേസ് അന്വേഷിക്കും. പൊട്ടിത്തെറിച്ചത് ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളെന്ന് നിഗമനം. അനൂപ് മാലിക്കിനെതിരെ സമാന കേസുകളുണ്ടെന്നും കമ്മീഷണർ.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി അറിയിപ്പ്. മുന്നറിയിപ്പുകൾ അയക്കുവാനോ സന്ദേശം സ്വീകരിക്കാനോ സാധിക്കുന്നില്ല. പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടങ്ങി
ഇടുക്കിയിൽ മകന്റെ ക്രൂര മർദനമേറ്റ അച്ഛൻ മരിച്ചു. രാജാക്കാട് കജനപ്പാറ സ്വദേശി ആണ്ടവർ (84)ആണ് മരിച്ചത്. മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആക്രമണത്തിൽ മകൻ മണികണ്ഠനെ പൊലീസ് റിമാൻഡ് ചെയ്തു.
കണ്ണപുരം സ്ഫോടനത്തിൽ കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപിയും. പ്രതി അനൂപ് മാലിക് കെ. സുധാകരന്റെ അടുത്തയാളെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു. സിപിഐഎം ശക്തി കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. പൊലീസ് അനൂപ് മാലിക്കിനെ സംരക്ഷിക്കുകയാണെന്നും കെ.കെ. വിനോദ് കുമാർ ആരോപിച്ചു.
കണ്ണപുരം സ്ഫോടനത്തിലെ പ്രതി അനൂപ് മാലിക്കിനെതിരെ നിരവധി കേസുകൾ. കണ്ണൂർ, വളപട്ടണം, മട്ടന്നൂർ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ആറ് കേസുകളുണ്ട്. പടക്കക്കച്ചവടത്തിനായി സ്ഫോടകവസ്തുക്കൾ നിർമിച്ച് സൂക്ഷിക്കുന്നതാണ് ഇയാളുടെ രീതി. 25 വർഷമായി സ്ഫോടക വസ്തുക്കൾ നിർമിക്കുന്നു. പല സ്ഥലങ്ങളിൽ വീട് വാടകക്കെടുത്ത് സ്ഫോടക വസ്തു നിർമ്മിക്കുന്നതാണ് രീതി. ആളുകൾക്ക് സംശയം തോന്നുമ്പോൾ സ്ഥലം മാറും
വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റുപയോഗിച്ച് നിയമനം നടത്തിയെന്ന ന്യൂസ് മലയാളം വാർത്തയിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. സംഭവം ഗൗരവമായി പരിശോധിക്കുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് സാമൂഹിക നീതി വകുപ്പാണ്. വിദ്യാഭ്യാസ മേഖലയിലാണ് നിയമനം കൂടുതലായി നടക്കുന്നത്. പരാതി ഉള്ളവർക്ക് സർക്കാരിനെ അറിയിക്കാമെന്നും വിഷയം ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നെഹ്റുട്രോഫി വള്ളംകളി ഇക്കുറി സംഘടിപ്പിക്കുന്നത് പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. പുന്നമട കായലിനെയും സമീപ പ്രദേശങ്ങളെയും മാലിന്യമുക്തമായി സൂക്ഷിക്കാൻ ആലപ്പുഴ നഗരസഭ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ട്. വള്ളംകളി കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ നഗരം പൂർണമായി വൃത്തിയാക്കും. എല്ലാ ആഘോഷവേളകളിലും ഇത്തരം ഒരുക്കങ്ങൾ നടത്താൻ നമുക്ക് കഴിയണം. ഈ സജീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും എം.ബി. രാജേഷ് പറഞ്ഞു.
തൃശൂരിൽ സ്വകാര്യബസും കെഎസ്ആർടിസി ലോ ഫ്ലോർ ബസും കൂട്ടിയിടിച്ച് അപകടം. കുന്നംകുളം കേച്ചേരിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.
കണ്ണൂർ കണ്ണപുരം സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സ്ഫോടനത്തിൽ പിന്നിൽ അസ്വാഭാവികത ഉണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണം. എല്ലാം പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു.
സർക്കാരിൻ്റെ ഓണം വാരാഘോഷ പരിപാടികൾ സെപ്തംബർ മൂന്ന് മുതൽ ഒൻപത് വരെ സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ബേസിൽ ജോസഫ്, ജയം രവി എന്നിവർ മുഖ്യാതിഥികളായി എത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി അറയിച്ചു.
എറണാകുളം അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎ പിടികൂടി. ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷാ, അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും അങ്കമാലി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ നിന്നാണ് രാസലഹരി കണ്ടെടുത്തത്. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ.
കൊല്ലം പള്ളിവേട്ടക്കാവിൽ കടയിൽ ഉണ്ടായ സംഘർഷത്തിൽ കടയുടമയ്ക്ക് കുത്തേറ്റു. കടയുടമയായ ജോയിക്കാണ് പരിക്കേറ്റത്. ഗൂഗിൽ പേയിൽ നൽകിയ പണത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഇടുക്കി കാഞ്ചിയാറിൽ പിഎംഎവൈ പദ്ധതിയിൽ അനുവദിച്ച വീടിന് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധം. കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ വിധവയായ വീട്ടമ്മ രണ്ട് ദിവസമായി നിരാഹാര സമരം നടത്തുകയാണ്. നടപടി ഉണ്ടാകും വരെ നിരാഹാരം തുടരാനാണ് വീണ ഷാജിയുടെ തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ തെരുവുയുദ്ധം. പാലക്കാട് എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഷർഷഭരിതമായി. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. രാഹുല്‍ മാങ്കുട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
കൊല്ലം തെൻമല ശെന്തുരുണിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർഥികൾക്ക് നേരെ കടന്നൽകൂട്ടത്തിൻ്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റിൽ കടന്നൽ കൂട് ഇളകിയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെൻമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ ആദിവാസി കുടുംബത്തിന് ആംബുലൻസ് ലഭ്യമായില്ലെന്ന് പരാതി. ളാഹ മഞ്ഞത്തോട് ഉന്നതിയിലെ രവിചന്ദ്രനും ഭാര്യയുമാണ് പരാതിയുമായി രംഗത്തെത്തിയത്. ആശുപത്രിയിൽ നിന്നും ഇന്നലെ ഡിസ്ചാർജ് ആയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ആംബുലൻസ് ലഭ്യമായില്ലെന്നാണ് ആരോപണം.
ഫീസ് വർധന നടപ്പാക്കുന്നതിൽ നിന്നും താൽക്കാലികമായി പിൻവാങ്ങി കാർഷിക സർവകലാശാല. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്നാണ് തീരുമാനം. സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഫീസ് വർധനയ്ക്കുള്ള നീക്കം നടക്കുന്നത് എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. നിയമാനുസൃത നിരക്കിലുള്ള ഫീസ് അല്ലാതെ അന്യായ വർധന അനുവദിക്കില്ല. തീരുമാനം നടപ്പാക്കാൻ ശ്രമിച്ചാൽ തുടർ സമരങ്ങളുമായി മുന്നോട്ടു വരും. ചർച്ചയ്ക്ക് തയ്യാറാവാതെ വിസിയും രജിസ്ട്രാറും ഒളിച്ചോടുകയാണെന്നും സഞ്ജീവ് പറഞ്ഞു.
നെഹ്റു ട്രോഫിക്ക് എത്തുന്നതിനിടെ ചുണ്ടൻ വള്ളം കെട്ടിവലിച്ചുകൊണ്ടുവന്ന കയർ പൊട്ടി അപകടം. നടുവിലപറമ്പൻ ചുണ്ടൻ മുങ്ങി. വേമ്പനാട് കായലിൽ ചിത്തിരയ്ക്ക് സമീപം ആണ് അപകടം.ആളപായമില്ല , തുഴകൾ നഷ്ടമായി.
തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മത്സരിച്ച് മദ്യപാനം. പ്ലസ് ടു വിദ്യാർഥി കുഴഞ്ഞു വീണു. ഇന്നലെ വെള്ളയമ്പലം ആൾത്തറയിലായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വിദ്യാർഥികളാണ് ഓണം ആഘോഷിക്കാൻ ഒത്തുകൂടിയത്. എട്ട് പെഗ് കുടിച്ചതിന് ശേഷം ബാക്കി മദ്യം വെള്ളം ഒഴിക്കാതെ കുടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യാത്രാമധ്യേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം എസ് എസ് മൻസിൽ ഷമീന ബീവിയുടെ ബാഗിൽ ഉണ്ടായിരുന്ന 20 പവൻ സ്വർണമാണ് കവർന്നത്. നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
ആദ്യ ഹീറ്റ്സില്‍ കെസിബിസി പായിപ്പാട് തുഴഞ്ഞ കാരിച്ചാല്‍ ഒന്നാമത്.
ട്രാക്ക് 1- ആനാരി ചുണ്ടൻ (കൈനകരി ടൗൺ ബോട്ട് ക്ലബ്) 6.28.371
ട്രാക്ക് 2- വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്)
5.18.876
ട്രാക്ക് 3- ശ്രീവിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
6.27.071
ട്രാക്ക് 4- കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)
വിജയി - കാരിച്ചാൽ (4.30.501)
രണ്ടാം ഹീറ്റ്സിൽ കരുവാറ്റ, ചെറുതന പുത്തൻചുണ്ടൻ, നടുവിലെ പറമ്പൻ, പായിപ്പാടൻ 2 എന്നീ വള്ളങ്ങള്‍ മാറ്റുരയ്ക്കും
ട്രാക്ക് 1- കരുവാറ്റ (ബിബിഎം ബോട്ട് ക്ലബ്)
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)
ട്രാക്ക് 3- നടുവിലെ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
ട്രാക്ക് 4- പായിപ്പാടൻ 2 (പായിപ്പാട് ബോട്ട് ക്ലബ്)
വിജയി - നടുവിലെ പറമ്പൻ
ട്രാക്ക് 1- ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്)
ട്രാക്ക് 2- തലവടി ചുണ്ടന്‍ (യുബിസി കൈനകരി)
4:23.351
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) 4:22.123
ട്രാക്ക് 4- ആലപ്പാടൻ (വെള്ളൂർ ബോട്ട് ക്ലബ്)
വിജയി - മേൽപ്പാടം ചുണ്ടൻ (4:22.123)
ട്രാക്ക് 1 - സെന്റ് ജോര്‍ജ് (ഗാഗുല്‍ത്ത ബോട്ട് ക്ലബ്)
ട്രാക്ക് 2 - നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
4:20.904
ട്രാക്ക് 3 - നിരണം ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്)
4:21.269
ട്രാക്ക് 4 - വലിയ ദിവാന്‍ജി (നിരണം ചുണ്ടന്‍ ഫാന്‍സ്)
വിജയി- നടുഭാഗം (4:20.904)
ട്രാക്ക് 1 - സെന്റ് പയസ് ടെന്‍ത് (സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്)
ട്രാക്ക് 2 - ജവഹര്‍ തായങ്കരി (ഫ്രണ്ട്സ് ബോട്ട് ക്ലബ്)
ട്രാക്ക് 3 - പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്)
വിജയി - പായിപ്പാടന്‍
ട്രാക്ക് 1 - വീയപുരം (വിബിസി കൈനകരി)
ട്രാക്ക് 2 - ആയാപറമ്പ് പാണ്ടി (കെസിബിസിബി)
വിജയി - വീയപുരം (4:21.810)
ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ ലൈനപ്പ് ആയി.
നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്) - 4:20.904
നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) - 4:21.269
വീയപുരം ചുണ്ടൻ (വിബിസി കൈനകരി) - 4:21.810
മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) - 4:22.123
ട്രാക്ക് 1 - മേല്‍പ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ട്രാക്ക് 2 - നിരണം ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്)
ട്രാക്ക് 3 - നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
ട്രാക്ക് 4 - വീയപുരം (വിബിസി കൈനകരി)
ഫൈനല്‍ യോഗ്യത നേടിയ നിരണം (നിരണം ബോട്ട് ക്ലബ്), നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) എന്നീ ചുണ്ടന്‍വള്ളങ്ങള്‍ 25 ശതമാനം പ്രൊഫഷണല്‍ തുഴച്ചില്‍ക്കാർ എന്ന നിയമം ലംഘിച്ചുവെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ്. ഈ വള്ളങ്ങളെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. എന്‍ടിബിആർ ചെയർമാനാണ് പരാതി നല്‍കിയിരിക്കുന്നത്.
പായിപ്പാടൻ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്)
കരിച്ചാൽ (കെസിബിസി, കാരിച്ചാല്‍)
തലവടി (യുബിസി കൈനകരി)
നടുവിലെ പറമ്പൻ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്)
യുബിസി കൈനകരി തുഴയുന്ന തലവടി ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ പങ്കെടുത്തില്ല.
വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്.
2017ല്‍ ചുണ്ടന്റെ പണി തുടങ്ങി
സാബു നാരായണന്‍ ആചാരിയായിരുന്നു ശില്‍പ്പി.
2019ല്‍ നീറ്റിലിറക്കി. ആദ്യ നെഹ്റു ട്രോഫിയിൽ തന്നെ സിബിഎൽ യോഗ്യത.
2022ലെ പായിപ്പാട് ജലോത്സവത്തിൽ ആദ്യ ട്രോഫി
2023ൽ നെഹ്റു ട്രോഫി സ്വന്തമാക്കി. സിബിഎല്‍ ചാംപ്യന്മാര്‍.
2024 നെഹ്റു ട്രോഫിയിൽ മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടാമതായി.
തുടർച്ചയായി അഞ്ചു നെഹ്റു ട്രോഫി വിജയങ്ങളെന്ന നേട്ടത്തിലെത്തുന്ന ആദ്യ ടീമായ പിബിസി ഡബിള്‍ ഹാട്രിക്കിനായാണ് ഇത്തവണ ഇറങ്ങിയത്. 2018, 19, 22, 23, 24 വർഷങ്ങളിലായാണു നേട്ടം. 2020, 21 വർഷങ്ങളിൽ നെഹ്റു ട്രോഫി നടന്നിരുന്നില്ല. 1988, 1998 വർഷങ്ങളിലും നേരത്തെ പിബിസി നെഹ്റു ട്രോഫി നേടിയിരുന്നു. ആദ്യ നാലു ചാംപ്യൻസ് ബോട്ട് ലീഗുകളിൽ ടൈറ്റിൽ വിജയികളായതും പിബിസിയാണ്.
പിബിസി, പള്ളാത്തുരുത്തി - കഴിഞ്ഞ അഞ്ച് ജയം
2024 - കരിച്ചാല്‍
2023 - വീയപുരം
2022 - മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍
2019 - നടുഭാഗം
2018 - പായിപ്പാടന്‍
71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്നാം സ്ഥാനം മാത്രമാണ് പ്രഖ്യാപിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് പരാതി ഉന്നയിച്ച സാഹചര്യത്തിൽ ബാക്കി ഫലം പിന്നീടാകും പ്രഖ്യാപിക്കുക. 2,3,4 സ്ഥാനകാരെ പിന്നീട് പ്രഖ്യാപിക്കും. പിബിസിയുടെ പരാതിയില്‍ ജൂറി അന്തിമ തീരുമാനം എടുക്കും.
കാസർഗോഡ് മധു വാഹിനി പുഴയോട് ചേരുന്ന ചാലിൽ ഒഴുക്കിൽപ്പെട്ട് 12 വയസുകാരൻ മരിച്ചു. ചെർക്കള പാടിയിയിലെ മിഥിലാജ് ആണ് മരിച്ചത്. ചാലിൽ കുളിച്ചു കൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ആലംപാടിയിൽ നിന്നാണ് മിഥിലാജിന്റെ മൃതദേഹം ലഭിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം
വഖഫ് സ്വത്തുകൾ സംരക്ഷിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആയിരത്തോളം പള്ളികളിൽ താൻ ഖാളിയാണ്. വഖഫ് ചെയ്ത സ്വത്തുകൾ ചിലർ കയ്യേറിയിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം. വഖഫ് സ്വത്തുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. വഖഫുമായി ബന്ധപ്പെട്ട ആശങ്ക സർക്കാരുകൾ പരിഹരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. മുന്നണി മര്യാദ പാലിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. ജാനുവിൻ്റെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോൾ സ്വതന്ത്രമായി നിൽക്കാനുമാണ് ജെആർസിയുടെ തീരുമാനം
കണ്ണൂർ കണ്ണപുരം സ്ഫോടന കേസിലെ പ്രതി പോലീസ് പിടിയിൽ. അനു മാലിക്ക് എന്ന അനൂപ് കുമാറാണ് പിടിയിലായത്. കാഞ്ഞങ്ങാട് വച്ചാണ് കണ്ണപുരം പൊലീസ് പിടികൂടിയത്.
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റു. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് മർദനമേറ്റത്.
മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്‌കറിയ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ . കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ സഹായിയായി പ്രവർത്തിച്ച കാറൽമണ്ണ മണ്ണിങ്ങൽ വീട്ടിൽ എം.കെ ഹരിദാസൻ , പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴ കൃഷി നടത്തിയിരുന്ന ചെർപ്പുളശ്ശേരി പാറക്കൽ വീട്ടിൽ പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായത്
ഡോ. ബി. അശോക് ഐഎഎസിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. കെടിഡിഎഫ്‌സി ചെയർമാനായിട്ടാണ് പുതിയ നിയമനം. ഡെപ്യൂട്ടേഷൻ തസ്തികയിലാണ് പദവി.
ടിങ്കു ബിസ്വാള്‍ ഐഎഎസിനാണ് പകരം ചുമതല. 'കേര' പദ്ധതി വാർത്ത ചോരല്‍ വിവാദത്തിന് പിന്നാലെയാണ് നടപടി.
പി.ബി. നൂഹിന് കേരള വാട്ടർ അതോറിറ്റി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
ഡോ. ബി. അശോക് ഐഎഎസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം. വഴുതക്കാടുള്ള കാബ്കോയുടെ ഓഫീസിൽ വച്ചാണ് സംഭവമുണ്ടായത്.
കാർഷിക സർവകലാശാല ഫീസ് വിഷയം ചർച്ച ചെയ്യാനാണ് എസ്എഫ്ഐ പ്രവർത്തകർ ബി. അശോകിനെ കാണാൻ പോയത്. തട്ടിക്കയറിയ അശോക് മോശമായി പെരുമാറിയെന്ന് എസ്എഫ്ഐ പ്രവർത്തകർ പറയുന്നു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. അശോകിനെ കാണാൻ എത്തിയ രണ്ട് എസ്എഫ്ഐ സംസ്ഥാന ഉപഭാരവാഹികളുമായാണ് വാക്കേറ്റമുണ്ടായത്.
ആര്യനാട് ആസിഡ് കുടിച്ച് കോൺഗ്രസ് പഞ്ചായത്തംഗം ശ്രീജ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ജയകുമാർ ഡിജിപിക്ക് പരാതി നൽകി. പൊലീസ് പ്രതികൾക്കെതിരെ നടപടി എടുത്തില്ലെന്നാണ് പരാതി.സിപിഐഎമ്മിന്റെ വ്യക്തിഹത്യ മൂലമുണ്ടായ മനോവിഷമത്തിൽ ശ്രീജ ജീവനൊടുക്കി എന്നാണ് ആരോപണം.
പഞ്ചായത്ത് പ്രസിഡൻറ് ബിജു മോഹൻ, ഷിജി കേശവൻ (മുൻ വാർഡ് മെമ്പർ), മഹേഷ് (ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി മെമ്പർ), സിഡിഎസ് ചെയർപേഴ്സൺ സുനിതകുമാരി എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.