മട്ടാഞ്ചേരിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. വീട്ടമ്മയ്ക്ക് ലഭിച്ച ലിങ്കുകളും, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും സൈബർ പൊലീസ് ബ്ലോക്ക് ചെയ്തു. രണ്ടുകോടി 88 ലക്ഷം രൂപയാണ് മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് തട്ടിപ്പിലൂടെ നഷ്ടമായത്. അഞ്ച് ഉത്തരേന്ത്യക്കാരെ പ്രതിയാക്കി മട്ടാഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം 25 കോടി സൈബർ തട്ടിപ്പ് കേസിൽ ക്യാപിറ്റലിക്സ് എന്ന ആപ്പിനെതിരെ കൊച്ചി സിറ്റി പൊലീസിന് 5 പരാതികൾ കൂടി ലഭിച്ചു.
കോഴിക്കോട് സുരേഷ് ഗോപി എംപിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാസ് മാമ്പൊയിൽ, ഷമീൻ പുളിക്കൂൽ, റനീഷ് മുണ്ടോട്ട് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. തൃശൂർ വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് സുരേഷ് ഗോപിയെ കരിങ്കൊടി കാണിക്കാൻ എത്തിയതായിരുന്നു പ്രവർത്തകർ.
ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിര സഫാരി നടത്തിയ ആൾക്കെതിരെ കേസ്. കുതിരയെ അശ്രദ്ധമായ റോഡിലേക്ക് ഇറക്കി എന്നാണ് എഫ്ഐആർ. കുതിരയുടെ പോസ്റ്റ്മോർട്ടം ഇന്ന് മണ്ണുത്തി വെറ്റിനറി മെഡിക്കൽ കോളേജിൽ നടക്കും. കുന്നുംപുറം സ്വദേശി നദിറാണ് കുതിരയുടെ ഉടമ.
പൊലീസിൽ നിന്നും നേരിട്ട ക്രൂരപീഡനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട്. കോന്നി സിഐ ആയിരുന്ന മധുബാബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു മർദനമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ചെവിയുടെ ഡയഫ്രം തകർത്തുവെന്നും ജയകൃഷ്ണൻ.
അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. പുതൂർ പൊലീസ് ആണ് പ്രതി ഈശ്വരനെ (35) അറസ്റ്റ് ചെയ്തത്. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു.
ഓണത്തലേന്നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് അട്ടപ്പാടി പുതൂർ ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് (24) കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തർക്കം
ഒത്തുതീർപ്പാക്കിയതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
തിരുവനന്തപുരം കാര്യവട്ടത്ത് പിതാവ് മകനെ വെട്ടിക്കൊന്നു. പുത്തൻവീട്ടിൽ ഉല്ലാസ് ആണ് മരിച്ചത്. പിതാവ് ഉണ്ണികൃഷ്ണൻ നായരെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അടിപിടിക്കിടെ സംഭവിച്ചതാണെന്ന് പ്രാഥമിക വിവരം.
74ാം ജന്മദിനം ആഘോഷിക്കുകയാണ് മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ലോകമെങ്ങുമുള്ള മലയാളികൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും താര രാജാവിന് പിറന്നാൾ ആശംസകൾ നേരുന്ന തിരക്കിലാണ്. അതേസമയം, തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അതിരില്ലാത്ത സ്നേഹത്തിന് ആരാധകർക്കും ദൈവത്തിനും നന്ദിയറിയിച്ചിരിക്കുകയാണ് മമ്മൂക്ക. "Love and Thanks to All and The Almighty" എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
കണ്ണൂർ ഏളന്നൂരിൽ പുഴയിൽ കാണാതായ വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇർഫാന ഇന്നലെയാണ് ഒഴുക്കിൽപ്പെട്ടത്. തിരച്ചിലിനായി പഴശി ഡാമിന്റെ ഷട്ടറുകൾ പൂർണമായി അടച്ചു.
വടകരയിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് വാദം പൊളിഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിലാണ് വഴിത്തിരിവ്. വൺവേ തെറ്റിച്ച് വാഹനം ഓടിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയെന്നായിരുന്നു പൊലീസ് വാദം. ദുൽഖിഫിൽ വൺവേ തെറ്റിച്ചില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ചതയ ദിനാഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു. എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി കൂടിയായ കെ.എ. ബാഹുലേയനാണ് ബിജെപി വിട്ടത്.
പാലക്കാട് കൊല്ലങ്കോട്ടെ ബിവറേജ് ഔട്ട്ലെറ്റിലെ മോഷണത്തിൽ മുഖ്യ പ്രതി കസ്റ്റഡിയിൽ. കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെന്മേനി സ്വദേശി രവിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കുന്നംകുളം കസ്റ്റഡി മർദന കേസിലെ പ്രതികളായ പൊലീസുകാര്‍ക്കെതിരായ തുടര്‍നടപടിക്ക് നാളെ തുടക്കമാവും. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ തൃശൂര്‍ റേഞ്ച് ഡിഐജി, നാളെ ഉത്തരമേഖലാ ഐജിക്ക് കൈമാറും. അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
സംസ്ഥാനത്ത് പൊലീസ് അതിക്രമം വർധിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കാതെ മന്ത്രി വി. ശിവൻകുട്ടി. എട്ട് മാസം കഴിഞ്ഞു പറയാമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ചതയ ദിനത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയ ബിജെപിയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ശ്രീനാരായണ ഗുരുദേവൻ്റെ ചരിത്രം പാഠപുസ്തകത്തിൽ നിന്ന് വെട്ടിമാറ്റിയവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മമ്മൂട്ടിക്ക് ഫേസ്ബുക്കിലൂടെ പിറന്നാൾ ആശംസ പങ്കുവച്ച് മോഹൻലാൽ. "ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക" എന്നാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ്സിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്. അടൂർ സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം. തിരുവനന്തപുരം വർക്കലയിലാണ് അപകടം ഉണ്ടായത്. ഡ്യൂക്ക് ബൈക്ക് മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടിയുമായാണ് കൂട്ടിയിടിച്ചത്. വർക്കല സ്വദേശി അബ്ദുൽ റഫൂഫ്, ആറ്റിങ്ങൽ സ്വദേശി ദീപക് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. മകളുടെ ഭർത്താവ് പ്രദീപ് ആണ് ഇരുവരെയും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് ആക്രമിക്കാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. ഏറെ നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. ബീനയും മകൾ സൗമ്യയും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം അരീക്കോട് കുഴൽപ്പണം പിടികൂടി. 5.23 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി ഷൗക്കത്താണ് പൊലീസ് പിടിയിലായത്. ബസിൽ പണവുമായി യാത്ര ചെയ്യുന്നതിന് ഇടയിലാണ് പൊലീസ് പിടികൂടിയത്.
ആംബുലൻസിൽ മയക്കു മരുന്ന് കടത്തിയ ഡ്രൈവർ പിടിയിൽ. തളിപ്പറമ്പ് കണ്ടിവാതുക്കൽ സ്വദേശി മുസ്തഫ. കെ.പി. ആണ് പിടിയിലായത്. മുസ്തഫയിൽ നിന്ന് 430 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. കർണാടകയിലെ ആശുപത്രികളിലേക്ക് രോഗികളുമായി പോയി മടങ്ങുമ്പോഴാണ് ഇയാൾ ലഹരി കടത്തുന്നതെന്ന്
കോഴിക്കോട് ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് കുട്ടി മാതാവിനോപ്പം ചെറുപുഴയിൽ കുളിക്കാനായി എത്തിയത്. കടവിലെ പാറയിൽ നിന്നും തെന്നി വീണ തൻഹ ചുഴിയിൽപ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു. കാണാതായി മൂന്നാം ദിനമാണ് മൃതദേഹം കണ്ടെത്തുന്നത്.
ശിവഗിരി മഠം സംഘടിപ്പിച്ച ചെമ്പഴന്തിയിലെ ചതയ ദിന പരിപാടിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുഖമില്ലാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പരിപാടിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പങ്കെടുത്തത് വിട്ടുനില്‍ക്കാന്‍ കാരണമായെന്ന് സൂചന. പ്രതിപക്ഷ നേതാവ് കൊച്ചിയിലെ പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുത്തു. മാധ്യമങ്ങളെ കാണുകയും ചെയ്തു
കത്തോലിക്ക സഭയ്ക്ക് രണ്ട് പുതിയ വിശുദ്ധർ കൂടി രണ്ട് യുവാക്കളെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത് കാർലോ അക്യൂട്ടിസിനെയും പിയർ ജോർജിയോ ഫ്രസാറ്റിയെയും വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തി വത്തിക്കാനിൽ അൽപം മുൻപ് നടന്ന ചടങ്ങിൽ ലിയോ പതിനാലാം മാർപ്പാപ്പയാണ് ഇരുവരെയും വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
പുല്‍പ്പള്ളിയില്‍ മദ്യവും തോട്ടയും പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ തങ്കച്ചനെ വിട്ടയച്ചു. തങ്കച്ചന്‍ വൈത്തിരിയിലെ സബ്ജയിലില്‍ കഴിഞ്ഞത് 17 ദിവസം. നിരപരാധി ആണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. യഥാര്‍ത്ഥ പ്രതി പ്രസാദ് പൊലീസ് അറസ്റ്റില്‍. കേസിന് പിന്നില്‍ ഗൂഢാലോചന എന്ന് കുടുംബം
നിരപരാധിയാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എത്ര പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. കവറില്‍ ഫിംഗര്‍പ്രിന്റ് പരിശോധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. പ്രഥമ ദൃഷ്ട്യാ നോക്കിയാല്‍ തന്നെ ആരോ കൊണ്ട് വച്ചതാണെന്ന് മനസ്സിലാകും. നിരപരാധിത്വം പറയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തട്ടിക്കയറി.
കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.ബി. രാജേഷ്. സമൂഹമാധ്യമങ്ങളെ അന്തസുളള രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിക്കാത്ത ആളാണ് വി.ടി. ബൽറാം. എകെജി, കെ.ആർ. മീര, ബെന്യാമിൻ, മുല്ലപ്പള്ളി, വി.എം. സുധീരൻ എന്നിവരെയെല്ലാം വ്യക്തിഹത്യ ചെയ്ത ബൽറാം ഒരു തെറിക്കൂട്ടത്തെ വളർത്തിയെടുത്തെന്നും വിമർശനം. ബീഡി ബിഹാർ വിവാദത്തോടെ ബൽറാമിന്റെ യോഗ്യത ഹൈക്കമാൻഡിന് ബോധ്യമായെന്നും പരിഹാസം.
കോഴിക്കോട് കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മുക്കത്തിനടുത്ത് വലിയപറമ്പിലാണ് അപകടമുണ്ടായത്. കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നു. പന്നിക്കോട് സ്വദേശികളായ സഹോദരങ്ങൾ സംഞ്ചരിച്ച ബൈക്കാണ് അപകടത്തിൽ പെട്ടത്.
കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിയ പ്രതി തൂങ്ങി മരിച്ചു. മുണ്ടക്കയം സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാൾ ഭാര്യ സൗമ്യ അമ്മ ബീന എന്നിവരെ വെട്ടിയത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി ഇയാൾ ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു.
പത്തനംതിട്ടയിൽ യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസുകാരന് സസ്പെൻഷൻ. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിലിന് എതിരെയാണ് നടപടി. യുവതിയുടെ മൊഴിയിൽ തിരുവല്ല പൊലീസ് കേസെടുത്തതോടെയാണ് സസ്പെൻഡ് ചെയ്തത്.
എറണാകുളത്ത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിലാണ് വി.ഡി. സതീശൻ പങ്കെടുക്കുക. ഉദ്ഘാടകനായാണ് പരിപാടിക്കെത്തുക.
ഇന്ന് രാത്രി ആകാശത്ത് അസാധാരണമായി ചന്ദ്രൻ കടുംചുവന്ന നിറത്തിൽ ദൃശ്യമാകും. രാത്രി 8:58 മുതൽ ആരംഭിക്കുന്ന പ്രതിഭാസം പുലർച്ചെ രണ്ടരവരെ തുടരും. അതേസമയം സമ്പൂർണഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും. എട്ടാം തീയതി അർദ്ധരാത്രി കഴിയുന്നതോടെ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. ഇന്ത്യയിൽ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. 2028 ഡിസംബറിലാകും ഇന്ത്യയിൽ നിന്നും ഇനി ചന്ദ്രഗ്രഹണം ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും മനോഹരമായി കാണാൻ കഴിയുന്ന ചന്ദ്രഗ്രഹണം കൂടിയാണിത്.
കൊല്ലം ഓച്ചിറ ആലുംപീടികയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സജീവിൻ്റെ കാറാണ് ആലുംപീടിയ ജങ്ഷന് സമീപത്ത് വെച്ച് തീപിടിച്ചത്. കാറിൽ പുക ഉയരുന്നത് കണ്ട് സജീവ് കാർ നിർത്തി ഓടി മാറുകയായിരുന്നു. സജീവ് കാർ നിർത്തി ഇറങ്ങിപ്പോഴേക്കും തീ ആളിപ്പടരികയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി. ആൾട്ടോ കാറിനാണ് തീ പിടിച്ചത്
കുന്നംകുളത്തെ പൊലീസ് മർദനത്തിൻ്റെ വാർത്ത അറിഞ്ഞപ്പോൾ മനസുകൊണ്ട് തളർന്നു പോയെന്ന് കെ. സുധാകരൻ. സുജിത്ത് എങ്ങനെ പിടിച്ചുനിന്നു എന്നതിൽ അത്ഭുതം തോന്നുന്നു. സുജിത്തിനെ കൈകൊണ്ട് ഇടിക്കുന്നത് ഇപ്പോഴും കണ്ണിലുണ്ട്. നാട്ടിലെ നിയമസംവിധാനം തകർന്നു. സുജിത്തിൻ്റെ നിയമ പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കും. സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രി ഒരു കാര്യത്തിലും പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിക്ക് വല്ല മനുഷ്യത്വവും ഉണ്ടോ. മനുഷ്യത്വം തൊട്ടു തീണ്ടാത്ത ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും കെ. സുധാകരൻ പറഞ്ഞു.
കുന്നംകുളത്തെ പൊലീസ് മർദനം രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചുവെന്ന് കെ.സി. വേണുഗോപാൽ. കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്നു കാണിക്കുന്ന സംഭവമാണത്. പ്രശ്നം പൂഴ്ത്തി വയ്ക്കാൻ സർക്കാരും പൊലീസും പരമാവധി ശ്രമിച്ചു. അന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഒക്കെ ഈ സിസിടിവി കണ്ടിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രതികളാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഈ കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല. സ്വന്തം ഗൺമാൻ യൂത്ത് കോൺഗ്രസുകാരെ തല്ലി ചതച്ചപ്പോൾ സംരക്ഷിച്ച മുഖ്യമന്ത്രിയാണ്. കേരള പൊലീസിനെ നരനായാട്ടിന്റെ പോലീസ് ആക്കി മാറ്റിയതിന്റെ കാരണഭൂതനായാണ് പിണറായി അറിയപ്പെടുകയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. ചുരം ഒൻപതാം വളവിനു താഴെ ചുരം കയറുകയായിരുന്ന കാറാണ് രാത്രി അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന നാല് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.