താമരശേരി ചുരത്തിലൂടെ ഒറ്റവരിയിൽ ചെറുവാഹനങ്ങള്‍ കടത്തിവിടും

ഈ നിമിഷത്തെ പ്രധാന വാർത്തകള്‍ അറിയാം
താമരശേരി ചുരത്തിലൂടെ ഒറ്റവരിയിൽ ചെറുവാഹനങ്ങള്‍ കടത്തിവിടും
Source: News Malayalam 24x7

യുഎസില്‍ സ്കൂളില്‍ വെടിവെപ്പ്

യുഎസിലെ മിനിയാപൊളിസ് കാത്തലിക് സ്കൂളിൽ വെടിവെപ്പ്. രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ 20ല്‍ ഏറെ പേർക്ക് പരിക്ക്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. അന്വേഷണം ഏറ്റെടുത്ത് എഫ്ബിഐ.

വെടിവെച്ചയാൾക്ക് വലിയ ക്രിമിനൽ റെക്കോർഡ് ഒന്നുമില്ലെന്നും, ഇരുപതുകളുടെ തുടക്കത്തിൽ പ്രായമുള്ള റോബിൻ വെസ്റ്റ്മാൻ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികൾ രാവിലത്തെ പ്രാർഥനയില്‍ പങ്കെടുത്ത് കൊണ്ടിരിക്കെയായിരുന്നു വെടിവെപ്പ് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇടുക്കിയില്‍ മദ്യാപാനത്തിനിടെ സംഘർഷം; ഒരാള്‍ വെട്ടേറ്റ് മരിച്ചു

ഇടുക്കി തൊടുപുഴ കരിമണ്ണൂരിൽ മദ്യപാനത്തിനിടെയുണ്ടായ സംഘർഷത്തില്‍ ഒരാള് മരിച്ചു. കിളിയറ പുത്തൻപുരയ്ക്കൽ വിൻസെന്റ് ആണ് വെട്ടേറ്റ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റു. മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച ശേഷം ഉണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ മേഖലകളിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദത്തിൻ്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനുള്ള സാധ്യതയുമുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

അച്ചൻകോവിൽ ആറ്റിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി

അച്ചൻകോവിൽ ആറ്റിൽ കാണാതായ രണ്ടാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൊന്നമൂട് സ്വദേശി നബീൽ നിസാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത് കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു നബീലും സുഹൃത്ത് അജ്സലും അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടത്. അജ്സലിന്റെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.

പോര് മുറുകുന്നു; പി.കെ. ശശി വിഭാഗത്തിന്റെ സഹകരണ ബാങ്ക് ഉദ്ഘാടനം ബഹിഷ്കരിച്ച് സിപിഐഎം

പി.കെ. ശശി വിഭാഗത്തിൻ്റെ സഹകരണ ബാങ്ക് ഉദ്ഘാടനത്തിൽ നിന്നും പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കാൻ നിർദേശം. പാലക്കാട്‌ കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങ് സിപിഐഎം പ്രവർത്തകർ ബഹിഷ്കരിച്ചു.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പ്രവർത്തകർ പങ്കെടുക്കരുതെന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ആഹ്വാനം ചെയ്തിരുന്നു. ഉദ്ഘാടകയായ കെ. ശാന്തകുമാരി എംഎല്‍എ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതീ രാമരാജൻ അടക്കം ചടങ്ങിൽ പങ്കെടുത്തില്ല.

കണ്ണുരുട്ടി പേടിപ്പാക്കാൻ നോക്കേണ്ടെന്നായിരുന്നു പി.കെ. ശശിയുടെ പ്രതികരണം. ഇത് വെള്ളരിക്കാ പട്ടണമല്ല. ഇത് അവസാന വെള്ളിയാഴ്ചയല്ലെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണം. പാപത്തിൻ്റെ ശിക്ഷ എന്താണെന്ന് ബൈബിൾ നോക്കി പഠിക്കണമെന്നും പി.കെ ശശി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി മുടങ്ങി

കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ മുടങ്ങി. ചികിത്സാ ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയകൾ മുടങ്ങിയത്.

ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളായ ബലൂണുകൾ, ഗൈഡ് വയറുകൾ ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശികയെ തുടർന്ന് ഏജൻസി മരുന്ന് വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസുകാർക്ക് സ്ഥലംമാറ്റം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസുകാർക്ക് സ്ഥലംമാറ്റം. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാർക്കാണ് സ്ഥലംമാറ്റം. ലോക്കപ്പിൽ പ്രതികളുള്ളപ്പോൾ പൊലീസുകാർ ഉറങ്ങിയെന്നാണ് കണ്ടെത്തൽ.

തളിപ്പറമ്പ് ഡിവൈഎസ്പി പുലർച്ചെ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത്. കെ പ്രശാന്ത്, വി. സി. മുസമ്മിൽ, വി. നിധിൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. സമീപ സ്റ്റേഷനുകളിലേക്കാണ് സ്ഥലംമാറ്റം.

മൂവാറ്റുപുഴ പെറ്റി കേസ് തട്ടിപ്പ്: രണ്ട് എസ്ഐമാരുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിച്ചു

മൂവാറ്റുപുഴ പെറ്റി കേസ് പിഴ തുക തട്ടിപ്പ് കേസിൽ രണ്ട് എസ്ഐമാരുടെ സാമ്പത്തിക വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. എസ്ഐമാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന പ്രതി ശാന്തി കൃഷ്ണൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.

ശാന്തികൃഷ്ണനെ അന്വേഷണസംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും.

താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗതം നിരോധനം

താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്‌പി സുഷീർ അറിയിച്ചു. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ പൊലീസ് തടയും

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഉപരോധം

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ വൈപ്പിൻ ഫിഷറിസ് ഓഫീസ് ഉപരോധം. റോ റോ സർവീസ് നിർത്തി.

ലൈസൻസ് പുതുക്കാത്ത 'ജപമാല' എന്ന വള്ളം ഫിഷറിസ് വിഭാഗം പിടിച്ചെടുത്തതിൽ ആണ് ഉപരോധം. കായലിൽ വള്ളങ്ങൾ നിരത്തിയതിനാൽ ജങ്കാർ സർവ്വീസ് ഉൾപ്പെടെയുള്ള ജലഗതാഗതം തടസ്സപ്പെടുന്നു.

'വേട്ടക്കാർക്ക് കൂട്ടുപോകുന്നവർ' - രാഹുല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം

കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 'വേട്ടക്കാർക്ക് കൂട്ടുപോകുന്നവർ' എന്ന തലക്കെട്ടില്‍ എഴുതിയ ദേശാഭിമാനി ലേഖനത്തിലാണ് പരാമർശം.

സ്ത്രീപക്ഷ നിലപാടല്ല പുരുഷാധിപത്യത്തിന് വഴങ്ങുന്ന നിലപാടാണ് കോൺഗ്രസിന് എന്ന് എം.വി. ഗോവിന്ദന്‍ വിമർശിക്കുന്നു. പൊതു വികാരത്തിന് വിരുദ്ധമായി യുവ നേതാവിനെ എങ്ങനെയും സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാഹുലിനെതിരായ പരാതി സതീശൻ ഒറ്റപ്പെട്ട സംഭവമായി കണ്ടുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

മൂന്നുവർഷം മുമ്പ് തന്നെ രാഹുലിന് എതിരായ പരാതി സതീശന് അറിയാമായിരുന്നു. സമീപനം തിരുത്താൻ പൊതുസമൂഹം കോൺഗ്രസിനെ നിർബന്ധിക്കുമെന്നും ലേഖനത്തില്‍ എം.വി ഗോവിന്ദൻ വ്യക്തമാക്കി.

സുരേഷ് ഗോപിക്കെതിരായ പരാതി: കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. നിയമോപദേശത്തിൽ പൊലീസ് കൂടുതൽ വ്യക്തത തേടി.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം പൂർത്തിയാകും. കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ പരാതിയിലാണ് നടപടി. സുരേഷ് ഗോപിയും കുടുംബവും ചട്ടം ലംഘിച്ച് വോട്ടുകൾ ചേർത്തു എന്നാണ് പരാതി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇരകൾ ആരും പരാതി നൽകിയിട്ടില്ല, പിന്നെങ്ങനെ കേസ് എടുക്കും: കൊടിക്കുന്നില്‍ സുരേഷ്

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത് വരെ ഇരകൾ ആരും പരാതി നൽകിട്ടില്ല. പിന്നെങ്ങനെ സർക്കാരിന് കേസ് എടുക്കാൻ കഴിയും. രാഹുലിന് കോടതിയെ സമീപിക്കാവുന്നതാണെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

പ്ലസ് ടു മാർക്ക് ലിസ്റ്റുകളിലെ പിഴവ്: രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് ടു മാർക്ക് ലിസ്റ്റുകളില്‍ പിഴവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുമെന്നും മന്ത്രിയുടെ ഉറപ്പ്.

മാർക്ക് ലിസ്റ്റുകളിൽ പിഴവ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല എന്ന ന്യൂസ് മലയാളം വാർത്തയിലാണ് മന്ത്രിയുടെ ഇടപെടൽ.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി

ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി. ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി ഉൾപ്പെടെയുള്ള കോളേജുകൾക്കാണ് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തി കോളേജ് ക്യാംപസുകൾ ഒഴിപ്പിച്ചു.

പൊലീസിന്റെ തെരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയാണ് 20 കോളേജുകള്‍ക്ക് ഭീഷണി ഇ മെയിലുകള്‍ ലഭിച്ചത്. ഉടനടി പൊലീസിനെ വിവരം അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ നാല് തവണയായി 100ഓളം സ്കൂളുകള്‍ക്കാണ് വ്യാജ ഭീഷണി ഇമെയിലുകള്‍ ലഭിച്ചത്.

മൂവാറ്റുപുഴ കോളേജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഗതാഗതം സ്തംഭിപ്പിച്ചു; ഓട്ടോ ഡ്രൈവറെ മർദിച്ചു

മൂവാറ്റുപുഴ ഇലാഹിയ ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ ഓണാഘോഷ പരിപാടിയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി ഗതാഗതം സ്തംഭിപ്പിച്ചതിനും ഓട്ടോ ഡ്രൈവറെ മർദിച്ചതിലുമാണ് പൊലീസ് അന്വേഷണം നടന്നുന്നത്.

പെൺകുട്ടികൾ ഉൾപ്പെട്ട സംഘം അപകടകരമായ യാത്ര നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചത്.

താമരശ്ശേരി ചുരത്തിൽ അത്യാവശ്യ വാഹനങ്ങൾ മാത്രം കടത്തിവിടുന്നു

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരുന്നു. ഫയർ ഫോഴ്സ് എത്തി റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കി. ആംബുലൻസും ചുരത്തിലേക്ക് നേരത്തെ കയറിയ വാഹനങ്ങളും ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് ചുരം വഴി കടത്തിവിടുന്നത്.

സരോവരത്ത് ഇന്നും തിരച്ചിൽ

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിലിനെ കുഴിച്ചുമൂടിയ സംഭവത്തിൽ സരോവരത്ത് രണ്ടാം ദിനവും തിരച്ചിൽ. പ്രതി നിഖിലിനെ എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. പരിശോധനയ്ക്ക് കഡാവര്‍ നായ്ക്കളെയും എത്തിച്ചിട്ടുണ്ട്.

അമ്പലപ്പുഴയിലെ ക്ഷേത്രത്തിൽ മോഷണം

അമ്പലപ്പുഴ അടിമന ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. 3 കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. ഇന്ന് രാവിലെ ക്ഷേത്ര ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്; 28 പേർക്ക് എതിരെ കേസ്

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ 28 പേർക്ക് എതിരെ കേസ് എടുത്ത് പൊലീസ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചു, പൊലീസിൻ്റെ ഉപകരണങ്ങൾ നശിപ്പിച്ചു, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. വടകരയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ഡിവൈഎഫ്ഐ നടത്തിയ അക്രമ സമരത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ അവധി അപേക്ഷ നല്‍കിയിട്ടില്ല: സ്പീക്കർ എ.എന്‍. ഷംസീർ

രാഹുൽ മാങ്കൂട്ടത്തിൽ അവധി അപേക്ഷ നൽകിയിട്ടില്ലെന്ന് നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീർ. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുവെന്ന കത്തും കിട്ടിയിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. കത്ത് കിട്ടിയാൽ വേണ്ടതുപോലെ ചെയ്യും ഷംസീർ അറിയിച്ചു.

ഷാഫിക്കെതിരെ നടന്ന പ്രതിഷേധത്തിലും സ്പീക്കർ പ്രതികരിച്ചു. പ്രതിഷേധക്കാരോട് അതേ രീതിയിൽ പ്രതികരിക്കരുത്. ജനപ്രതിനിധികൾ പക്വത കാണിക്കണം. ഞങ്ങൾ അങ്ങനെ ചെയ്യാറില്ലെന്നും എ.എന്‍. ഷംസീർ അറിയിച്ചു.

ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അയ്യപ്പൻമാരെ ദ്രോഹിച്ച പിണറായിയും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കരുതെന്നാണ് പറഞ്ഞത്: രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രിയെ പോലൊരു വിദ്വാനാകാൻ ആഗ്രഹമില്ലെന്നും തനിക്ക് സമാന്യ ബുദ്ധിയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.

അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരെയാണ് മണ്ടനാക്കാൻ ശ്രമിക്കുന്നത്. സ്റ്റാലിനെ ക്ഷണിച്ചത് ആര്? എന്തിന്? ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അയ്യപ്പൻമാരെ ദ്രോഹിച്ച പിണറായിയും പങ്കെടുക്കരുതെന്നാണ് പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിനെട്ട് തവണ ശബരിമല കയറിയ തനിക്കാണോ, അതോ...: രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പിന് മുമ്പ് അയ്യപ്പ സംഗമം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് തുറന്നു പറയണം. പതിനെട്ട് തവണ ശബരിമല കയറിയ തനിക്കാണോ നാസ്തികനായ മുഖ്യമന്ത്രിക്കാണോ വിശ്വാസ കാര്യത്തിൽ അറിവുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. വിരട്ടൽ രാഷ്ട്രീയമാണ് സിപിഐഎമ്മിൻ്റെത് എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അയ്യപ്പ സംഗമം സർക്കാരിൻ്റെ കപട മുഖം വെളിവാക്കുന്നത്: കുമ്മനം രാജശേഖരൻ

അയ്യപ്പ സംഗമം സർക്കാരിൻ്റെ കപട മുഖം വെളിവാക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അയ്യപ്പനെന്ന വികാരം ഉയർത്തി വോട്ട് നേടി അധികാരത്തിലെത്താനാണ് നീക്കമെന്നും കുമ്മനം ആരോപിച്ചു. അയ്യപ്പ സംഗമത്തിൽ പിണറായി വിജയൻ പങ്കെടുക്കുകയാണെങ്കിൽ ഭക്തരോട് മാപ്പ് പറയണം. എടുത്ത കേസുകൾ പിൻവലിക്കണമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.

താമരശേരി ചുരം സ്തംഭനാവസ്ഥ: ഇടപെടാതെ കോഴിക്കോട് ജില്ലാ ഭരണകൂടം

താമരശേരി ചുരത്തിലെ സ്തംഭനാവസ്ഥയില്‍ ഇടപെടാതെ കോഴിക്കോട് ജില്ലാ ഭരണകൂടം. കോഴിക്കോട് ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയില്ല.

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിലവിലുള്ളത് വയനാട്ടിലെ ഉദ്യോഗസ്ഥരാണ്. ഇന്നലെയും സ്ഥിതിഗതികൾ നിയന്ത്രിച്ചത് വയനാട്ടിലെ ഉദ്യോഗസ്ഥർ തന്നെയാണ്.

ചുരം അടച്ച് രണ്ടാം ദിവസം പിന്നിടുമ്പോഴും ഗതാഗത നീക്കത്തിന് നടപടികൾ വൈകുകയാണ്. ചുരം അടച്ചതോടെ യാത്രാ ദുരിതം രൂക്ഷമാണ്. മുകളിൽ നിന്ന് കല്ലുകൾ റോഡിലേക്ക് വീണ്ടും പതിക്കുന്നു. ഇടിഞ്ഞ ഭാഗത്ത് ഗാബിയോൺ ഭിത്തി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കി ഗതാഗതം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം

ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം

നാദാപുരം വാണിമേലിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം. ഭൂമിവാതുക്കലിലെ അമ്പലപ്പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരുടെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. ക്ഷേത്ര ഓഫീസിൻ്റെ ജനവാതിൽ തകർത്ത നിലയിലാണ്. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

11 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ഒഴുകെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ്.

എറണാകുളത്ത് കനത്ത മഴ

എറണംകുളം ജില്ലയിൽ കനത്ത മഴ. നഗരത്തിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും കുരുക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

വിദ്യാർഥിയെ റാഗ് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു 

പാമ്പാക്കുടയിൽ ഒന്നാംവർഷ പോളിടെക്നിക്ക് വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചത ശേഷമാണ് കാല് പിടിപ്പിച്ചത്. മർദനത്തിനിരയായ വിദ്യാർഥി ഇതുവരെ പരാതി നൽകിയില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ മർദിച്ചവരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഭൂപതിവ് നിയമ ഭേദഗതി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും: ഷോൺ ജോർജ്

ഭൂപതിവ് നിയമ ഭേദഗതി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഷോൺ ജോർജ്. ഇത് ഇടുക്കിയെ അപ്പാടെ തകർക്കും. കുടിയേറ്റക്കാരെ വീണ്ടും കയ്യേറ്റക്കാരാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇപ്പോൾ പരിഹരിച്ചു എന്നുപറയുന്ന പ്രശ്നം ഉണ്ടാക്കിയത് തന്നെ ഇടതുസർക്കാരാണ്.

വൻതോതിൽ പിരിവിനുള്ള നീക്കം കൂടിയാണ് ഭൂപതിവ് നിയമ ഭേദഗതിയിലൂടെ നടക്കുന്നത്. ഇടുക്കിയിൽ ഇനിയൊരു നിർമാണം നടക്കണമെങ്കിൽ സിപിഐഎമ്മിൻ്റെയോ സിപിഐയുടെയോ ഓഫീസിൽ പോയി കെട്ടിക്കിടക്കേണ്ട സ്ഥിതി ഉണ്ടാകുമെന്നും ഷോൺ ജോർജ് വിമർശിച്ചു.

അയ്യങ്കാളി ദിനത്തിൽ ഓണാഘോഷം; സ്കൂളിനെതിരെ എഐവൈഎഫ് 

അധ്യാപികമാർ ഓണാഘോഷത്തെ കുറിച്ച് വർഗീയ പരാമർശം നടത്തിയ കുന്നംകുളത്തെ സ്കൂളിൽ അയ്യങ്കാളി ദിനത്തിൽ ഓണാഘോഷം. പൊതു അവധി പ്രഖ്യാപിച്ച നവോത്ഥാന നായകൻ്റെ ഓർമ ദിനത്തിൽ പരിപാടി സംഘടിപ്പിച്ച സ്കൂൾ മാനേജ്മെൻ്റിനെതിരെ പരാതി നൽകുമെന്നും എഐവൈഎഫ് അറിയിച്ചു. വിവാദങ്ങളെ തുടർന്ന് പോലീസ് കാവലിലാണ് സ്കൂളിൽ ഓണാഘോഷം നടത്തുന്നത്.

11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത്  വിട്ടയച്ചു 

ഷാഫി പറമ്പിൽ എംപിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധ സൂചകമായി വൈകീട്ട് യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്ട്രർ ചെയ്തിട്ടുണ്ട്.

ഭൂപതിവ് ചട്ട ഭേദഗതി അംഗീകരിക്കാൻ ആകില്ല: മാത്യു കുഴൽനാടൻ

ഭൂപതിവ് ചട്ട ഭേദഗതി കുരുക്ക് അഴിക്കുകയല്ല അവസാന കുരുക്ക് മുറുക്കുകയാണ് എന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. സാങ്കേതികത്വവും നിയമവശവും ഉള്ളതുകൊണ്ട് വ്യാജമായി തെറ്റായ പ്രചരണം സർക്കാർ നടത്തുന്നുവെന്നും എംഎല്‍എ ആരോപിച്ചു.

ഭേദഗതി അംഗീകരിക്കാൻ ആകില്ല. ഇടുക്കി ജനത ഇരട്ടി നികുതി അടക്കേണ്ടി വരും. ജനവിരുദ്ധ നടപടി സാധാരണക്കാരുടെ ആവശ്യങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നും എംഎല്‍‌എ പറഞ്ഞു.

പൊതുരംഗത്തുള്ളവരുടെ ഏറ്റവും വലിയ കരുത്ത് ധാർമികതയാണെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. അത് ഉറപ്പിച്ച് നിർത്താൻ നേതാക്കൾ ശ്രമിക്കണം. റിയൽ വർക്ക് ഇല്ലാത്ത റീൽസ് ജനം അംഗീകരിക്കില്ലെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു.

വി. ഡി. സതീശൻ ദുബായിലേക്ക് പുറപ്പെട്ടു 

ദുബായിലെ സംഘടനകളുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ ആണ് പോയത്. 31ന് തിരികെയെത്തും.

കണ്ണൂരിൽ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂർ ചെറുവാഞ്ചേരിയിൽ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഓണാഘോഷം അതിരുവിട്ടു; കേസെടുത്ത് പൊലീസ്

മലപ്പുറം വെളിയങ്കോട് കോളേജ് വിദ്യാർഥികൾ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രൂപമാറ്റം വരുത്തിയ ആറു കാറുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർഥികൾ അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനാണ് പെരുമ്പടപ്പ് പൊലീസ് വാഹനങ്ങൾ പിടികൂടിയത്.

കനത്ത മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കനത്ത മഴയെത്തുടർന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

യൂട്യൂബർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി ബിജെപി വനിത നേതാവ്

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് യൂ ട്യൂബർക്കെതിരെ ബിജെപി വനിത നേതാവിൻ്റെ പരാതി. മലപ്പുറം വണ്ടൂരിൽ യൂട്യൂബർ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം പത്തിന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്,

തലപ്പാടിയിൽ നിയന്ത്രണം വിട്ട ബസ്  ഇടിച്ച് ആറ് മരണം

കാസർഗോഡ് തലപ്പാടിയിൽ ബസ് ഇടിച്ച് ആറ് പേർ മരിച്ചു. അപകടത്തിനിടയാക്കിയത് കർണാടക ആർടിസിയുടെ ബസാണ്. നിയന്ത്രണം വിട്ട വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

റിമാൻഡ് പ്രതിയുടെ കൈയ്യിൽ നിന്നും മയക്കു മരുന്ന് പിടികൂടി 

റിമാൻഡ് പ്രതിയുടെ കൈയ്യിൽ നിന്നും മയക്ക് മരുന്ന് പിടികൂടി. കാക്കനാട് ജില്ലാ ജയിലിലേക്ക് മയക്ക് മരുന്ന് കയറ്റാൻ ശ്രമം. ജില്ലാ ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി തിയോഫീൻ്റെ കൈയ്യിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. 9.12 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും, ബീഡികളുമാണ് കണ്ടെത്തിയത്.

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ പ്രഖ്യാപിച്ചു. ഫാദർ ജെയിംസ് പട്ടേരിൽ, ഫാദർ ജോസഫ് തച്ചപ്പറമ്പത്ത് എന്നിവരാണ് മെത്രാന്മാർ. നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി. കൂരിയ മെത്രാൻ ആയിരുന്ന സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനെ കല്യാൺ രൂപതയിലേക്ക് മാറ്റിയതാണ് പ്രധാന പ്രഖ്യാപനം.

"യുവതിയുടെ ഉള്ളിൽ കുടുങ്ങിയ ഗൈഡ് വയർ ആരോഗ്യപ്രശ്നം ഉണ്ടാകില്ല"

യുവതിയുടെ ഉള്ളിൽ കുടുങ്ങിയ ഗൈഡ് വയർ ആരോഗ്യപ്രശ്നം ഉണ്ടാക്കില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അതുകൂടി ഉൾപ്പെടുത്തി കൂടുതൽ പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറയിച്ചു.

കൂടുതലൊന്നും പറയാനില്ല: ആരോഗ്യ മന്ത്രി

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ കൂടുതലൊന്നും പറയാനില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യൂട്യൂബ് ചാനലുമായി സിപിഐ

'കനല്‍' എന്ന പേരിൽ യൂട്യൂബ് ചാനലുമായി സിപിഐ. മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യധാര മാധ്യമങ്ങളിൽ സിപിഐക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്.

താമരശ്ശേരി ചുരം ഉൾപ്പെടുന്ന വനമേഖലയിൽ ശക്തമായ മഴ

കോഴിക്കോട് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. ചുരത്തിനോട് ചേർന്നുള്ള അടിവാരം പൊട്ടി കൈ പുഴയിൽ മലവെള്ളപാച്ചിൽ ഉണ്ടായി. കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തൊട്ടിൽപ്പാലം പുഴയിൽ ഒഴുക്ക് വർധിച്ചു. കുറ്റ്യാടി ചുരത്തിൽ പക്രംതളത്തിന് സമീപം നേരിയ മണ്ണിടിച്ചുണ്ടായെന്ന് റിപ്പോർട്ട്.

തനിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ

തനിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്റർ. പരാതിയിലൂടെ രാഷ്ട്രപതിയെ പോലും ചോദ്യം ചെയ്യാനാണ് ഇവർ ശ്രമിക്കുന്നത്. കേസില്ലാ വക്കീലിനെ ഉപയോഗിച്ചാണ് പരാതി നൽകിയിരിക്കുന്നത് എന്നും സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് മർദനം

വൈറ്റില ജംഗ്ഷനിൽ ലോറിയുടെ ഗ്ലാസ് പൊട്ടിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് മർദനം. പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവർ ഉമ്മർ മരടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ; ഭരണകൂടം ഇടപെടുന്നുണ്ടെന്ന് കളക്ടർ

കോഴിക്കോട് താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിൽ ജില്ലാ ഭരണകൂടം ഇടപെടുന്നുണ്ടെന്ന് ജില്ലാ കളക്ടർ. ഡെപ്യൂട്ടി കളക്ടർ , തഹസിൽദാർ ഉൾപ്പെയുളളവർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എല്ലായിടത്തും പോകണമെന്നില്ലെന്നും കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചില്ലെന്ന് ടി. സിദ്ധിഖ് എംഎൽഎ വിമർശിച്ചതിന് പിന്നാലെയാണ് കളക്ടറുടെ പ്രതികരണം.

കോൺഗ്രസ് സീരിയൽ സെക്ക്ഷ്വൽ ഒഫൻഡറെ പ്രതിരോധിക്കുന്നു: ബൃന്ദ കാരാട്ട്

കോൺഗ്രസ് സീരിയൽ സെക്ക്ഷ്വൽ ഒഫൻഡറെ പ്രതിരോധിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന കോൺഗ്രസ് നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരേ സമയം നടപടിയും പ്രതിരോധവുമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരനെന്ന് സംശയം, തിരുവനന്തപുരത്ത് ബംഗ്ലാദേശ് സ്വദേശി പിടിയില്‍

തിരുവനന്തപുരം ബ്രഹ്‌മോസില്‍ കരാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയില്‍. പിടിയിലായത് ഗര്‍മി പ്രണോബ് എന്ന ബംഗ്‌ളാദേശ് സ്വദേശി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഭീകരവിരുദ്ധ സ്‌ക്വാഡും മൊഴിയെടുക്കുന്നു.

ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഷാഫി പറമ്പില്‍

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഷാഫി പറമ്പില്‍ എംപി. പാലക്കാട് അനാഥമായോ, രാഹുല്‍ എന്ന് മണ്ഡലത്തില്‍ വരും എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞെന്നു മാത്രം പറഞ്ഞു. ഷാഫി പാലക്കാട് എത്തിയത് അയല്‍വാസിയുടെ വിവാഹത്തിന്

ആത്മീയ പൈതൃകം നഷ്ടപ്പെടുന്നിടത്ത് വ്യാജ ആത്മീയ നേതാക്കളുണ്ടാകുന്നു- മുഖ്യമന്ത്രി

മതാതീതമായ ആത്മീയത നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ അങ്ങേയറ്റം പ്രയാസകരമെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ ചരിത്ര നിര്‍മ്മാണത്തില്‍ ആത്മീയ ആചാര്യന്മാര്‍ പകര്‍ന്ന വെളിച്ചം ചെറുതല്ല. ഇരുണ്ട കാലത്തെ തകര്‍ത്തെറിഞ്ഞത് നവോത്ഥാന നായകരുടെ ശക്തമായ നിലപാട്. അതില്‍ പലരും ആത്മീയ നേതാക്കള്‍ ആയിരുന്നു. ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കേണ്ടതുണ്ട്. അത് നഷ്ടപ്പെടുന്നയിടങ്ങളിലാണ് വ്യാജ ആത്മീയ നേതാക്കള്‍ ഉണ്ടാകുന്നത്. ആത്മീയതയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് കേരളത്തിലെ ആചാര്യന്മാര്‍ കാണിച്ചുതന്നു മഹാരഥന്മാര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് പകരം അവയെ വക്രീകരിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. ഇന്ന് ഇക്കൂട്ടരുടെ സങ്കുചിത താല്പര്യ മൂലം സമൂഹം പലതരം വെല്ലുവിളികള്‍ നേരുന്നു. വര്‍ഗീയതയുടെ ,വിഭാഗീയതയുടെ വിഷം സമൂഹത്തില്‍ കലര്‍ത്തി മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യരെ ഭിന്നപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. എത്ര ഭീകരമാണ് ഈ അവസ്ഥ. ഭരണഘടനെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരുടെ നേതൃത്വത്തിലാണ് മനുഷ്യീനമായ സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി.

അധികാരത്തിലേക്ക് കടന്നു കയറാനുള്ള മാര്‍ഗമാണ് വര്‍ഗീയത: എം.വി. ഗോവിന്ദന്‍

വര്‍ഗീയവാദിയ്ക്ക് യഥാര്‍ത്ഥത്തില്‍ വിശ്വാസം ഇല്ല. വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. അധികാരത്തിലേക്ക് കടന്നു കയറാനുള്ള മാര്‍ഗമാണ് വര്‍ഗീയത. ഒരു വിശ്വാസിയ്ക്കും വര്‍ഗീയവാദിയാകാന്‍ കഴിയില്ലെന്നും എം.വി. ഗോവിന്ദന്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോപ്ലാസ്റ്റി ഉടന്‍ പുനരാരംഭിക്കും:സൂപ്രണ്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോപ്ലാസ്റ്റി ഉടന്‍ പുനരാംഭിക്കുമെന്ന് സൂപ്രണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും സൂപ്രണ്ട്. മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ നടപടി ആരംഭിച്ചതായും അധികൃതര്‍.

80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം- കെ. രാജന്‍

താമരശേരി ചുരത്തിലെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തര യോഗം വിളിച്ചത്. 26 മുതല്‍ ഇതുവരെയുള്ള കാര്യങ്ങളില്‍ കൃത്യമായ അവലോകനം നടത്തി. തുടര്‍ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. ഇത് വളരെ ഗുരുതരമായ കാര്യമാണ്. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഉഗ്ര ശബ്ദത്തോടെ വീണ്ടും പൊട്ടലുണ്ടായി. കുറച്ചു കൂടി ഗുരുതരമാണ്. ബ്ലോക്ക് ബ്ലോക്കായാണ് പാറകള്‍ പൊട്ടിയിരിക്കുന്നത്. പൊട്ടലുകള്‍ താഴോട്ട് പോയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതിനാല്‍ റിസ്‌ക് എടുത്ത് വലിയ വാഹനങ്ങള്‍ വിടാന്‍ കഴിയില്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുവെന്നും റവന്യൂ മന്ത്രി.

കണ്ണൂർ അലവിലിൽ ഭാര്യയും ഭർത്താവും പൊള്ളലേറ്റ് മരിച്ച നിലയിൽ

കണ്ണൂർ അലവിലിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കല്ലാളത്തിൽ പ്രേമരാജൻ, എ.കെ. ശ്രീലേഖ എന്നിവരാണ് മരിച്ചത്. വൈകീട്ട് ഡ്രൈവർ എത്തി വിളിച്ചപ്പോൾ വാതിൽ തുറന്നിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

താമരശേരി ചുരത്തിലെ ഗതാഗതത്തിന് കർശന നിയന്ത്രണം

താമരശേരി ചുരത്തിലെ ഗതാഗതത്തിന് കർശന നിയന്ത്രണം. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. അടിയന്തര സർവീസുകൾ ആംബുലൻസ്/ഹോസ്പിറ്റൽ എമർജൻസി, പാൽ, പത്രം, ഇന്ധനം എന്നിവ കടത്തിവിടും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റു വാഹനങ്ങൾ കടത്തി വിടില്ല.

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി നീങ്ങുന്നു

ഡിസംബറിൽ ഐഎസ്എൽ നടത്താൻ നീക്കവുമായി എഐഎഫ്എഫ്. വാണിജ്യ പങ്കാളിയെ കണ്ടെത്താൻ സുതാര്യമായ ടെൻഡർ വിളിക്കാനൊരുങ്ങി എഫ്എസ്ഡിഎലും എഐഎഫ്എഫും. ഒക്ടോബർ 15 ന് മുമ്പ് നടപടികൾ പൂർത്തിയാകുമെന്നും എഐഎഫ്എഫ്.

തിരുവനന്തപുരം മെഡിക്കൽ കൊളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

തിരുവനന്തപുരം മെഡിക്കൽ കൊളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. നഴ്സിംഗ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ. 25ലധികം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ

കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ. നിലവില്‍ സ്പെയ്നിലെ ഇന്ത്യന്‍ സ്ഥാനപതിയായ ദിനേഷ് പട്നായികിനെയാണ് ഹെെക്കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് പട്നായിക്, ദീർഘകാല അനുഭവപരിചയമുള്ള നയതന്ത്രജ്ഞനാണ്.

താമരശേരി ചുരത്തിലൂടെ ഒറ്റവരിയിൽ ചെറുവാഹനങ്ങള്‍ കടത്തിവിടും

താമരശേരി ചുരത്തിലൂടെ ഒറ്റവരിയിൽ ചെറുവാഹനങ്ങള്‍ കടത്തിവിടും. ഈ ഇളവ് മഴ കുറയുന്ന സമയങ്ങളില്‍ മാത്രം. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിൽ ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നൽകി ഇരയുടെ സഹോദരന്‍. നാളെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. കൻ്റോൺമെൻ്റ് പൊലീസിലാണ് പരാതി നൽകിയത്.

തലപ്പാടി വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

തലപ്പാടി വാഹനാപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ. കർണാടക ആർടിസി ബസിൻ്റെ ഡ്രൈവറാണ് അറസ്റ്റിലായത്. കർണാടക ബാഗൽകോട്ട് സ്വദേശി നിജലിംഗപ്പ (47) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

News Malayalam 24x7
newsmalayalam.com