അടൂരിലെ ദളിത്‌ യുവാവിൻ്റെ മർദന പരാതി: പൊലീസുകാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്

ഇന്നത്തെ പ്രധാന വാർത്തകൾ...
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രംSource: Files

ആൻ്റോ അഗസ്റ്റിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എം.ഡി ആൻ്റോ അഗസ്റ്റിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനോട് ആൻ്റോ അഗസ്റ്റിൻ സഹകരിക്കുന്നുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. മദ്യവുമായി ബന്ധപ്പെട്ട ചോദ്യത്തോട് അറിയില്ലെന്നാണ് ആൻ്റോയുടെ മറുപടി. വീട് ആന്റോയുടെ പേരിൽ ആണെന്ന് തെളിയിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ആൻ്റോയുടെ കസ്റ്റഡി കാലാവസ്ഥി ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് അവസാനിക്കും.

സന്നിധാനത്ത് അരവണ പ്രതിസന്ധി തുടരുന്നു

സന്നിധാനത്ത് അരവണ പ്രതിസന്ധി തുടരുന്നു. ഒരാൾക്ക് ഒരു അരവണ മാത്രം നൽകുന്നതിൽ പ്രതിഷേധത്തിലാണ് ഭക്തർ. അരവണ പ്ലാന്റിൻ്റെ നിർമാണം നടക്കുന്നതിനാൽ അരവണ ഉത്പാദനം നടക്കുന്നില്ല. ദേവസ്വം ബോർഡിൻ്റെ വീഴ്ചയെന്നാണ് ആക്ഷേപം.

ദളിത്‌ യുവാവിൻ്റെ മർദനപരാതി:  പൊലീസുകാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്

അടൂരിലെ ദളിത്‌ യുവാവിൻ്റെ മർദന പരാതിയിൽ പൊലീസുകാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. നടപടിക്ക് ശുപാർശ ചെയ്ത് പത്തനംതിട്ട എസ്പി. ഐജിക്ക് റിപ്പോർട്ട്‌ കൈമാറി. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലീസുകാർ, കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചു എന്നായിരുന്നു 23കാരൻ്റെ പരാതി.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെ വിദേശ യാത്ര; ചോദ്യങ്ങളുമായി സംസ്ഥാന ഗതാഗത വകുപ്പ്

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെ വിദേശ യാത്രകളിൽ ചോദ്യങ്ങളുമായി സംസ്ഥാന ഗതാഗത വകുപ്പ്. കഴിഞ്ഞ അഞ്ച് വർഷം മെട്രോ എംഡിയും ജീവനക്കാരും നടത്തിയ വിദേശ യാത്രാചെലവിൻ്റെ കണക്കുകൾ വകുപ്പ് ആവശ്യപ്പെട്ടു. സർക്കാർ അനുമതി ഇല്ലാതെ മുൻ എംഡി ലോക്നാഥ് ബെഹ്റ നടത്തിയ വിദേശയാത്രയുടെ പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് റിപ്പോർട്ട് തേടിയത്.

മെസ്സി വിവാദം: മത്സരത്തിനായി ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചതിൻ്റെ രേഖകൾ കണ്ടെടുത്ത് എസ്ഐടി

മെസ്സി വിവാദത്തിൽ മത്സരത്തിനായി ദുരന്തനിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചതിൻ്റെ രേഖകൾ കണ്ടെടുത്ത് എസ്ഐടി. 2025 ഒക്ടോബർ 17ന് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. എറണാകുളം ജില്ലാ കളക്ടറാണ് ഫണ്ട് ലഭ്യമെന്ന് യോഗത്തെ അറിയിച്ചത്. സിഎസ്ആർ, സ്പോൺസർഷിപ്പ് എന്നിവക്കൊപ്പമാണ് ഈ ഫണ്ടിന്റെ കാര്യവും അറിയിച്ചത്. യോഗത്തിൻ്റെ മിനുട്സിൽ കായിക വകുപ്പ് സെക്രട്ടറി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മത്സര നടത്തിപ്പിന് ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചിലവാക്കില്ലെന്നായിരുന്നു സർക്കാരിൻ്റെ അവകാശവാദം.

എക്സ്-റേ മാറി നൽകിയതിൽ നടപടി

കോന്നി മെഡിക്കൽ കോളേജിൽ എക്സ്-റേ മാറി നൽകിയതിൽ നടപടി. റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്-റേ മാറി നൽകിയിട്ടും അത് മനസിലാകാതെ 16കാരിയെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്ക് താക്കീതും നൽകിയിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് നടന്നത് വ്യാപക താത്കാലിക നിയമനങ്ങൾ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് നടന്നത് വ്യാപക താത്കാലിക നിയമനങ്ങൾ. വിവാദമായ സ്വർണപ്പാളി കേസ് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വിജിലൻസ് ഓഫീസിൽ വരെ ഇത്തരത്തിൽ നിയമനങ്ങൾ നടന്നതിൻ്റെ രേഖകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർക്ക് സ്ഥിരനിയമനം നടത്തിയതായും രേഖകൾ വ്യക്തമാക്കുന്നു. താൽക്കാലിക ജീവനക്കാരെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താൻ കഴിയൂ എന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് ബോർഡിലെ ഈ ചട്ടലംഘനം.

'സുഹൃത്തുക്കളുടെ വാഹനം ഔദ്യോഗിക വാഹനമാക്കണം'; ഗണേഷ് കുമാറിൻ്റെ അപേക്ഷ തള്ളിയിരുന്നതായി രേഖകൾ

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മന്ത്രി ഗണേഷ് കുമാർ സുഹൃത്തുക്കളുടെ കാർ ഔദ്യോഗിക വാഹനമാക്കാൻ നല്കിയ അപേക്ഷ തള്ളിയിരുന്നതായി രേഖകൾ. സർക്കാർ അനുവദിച്ച സർക്കാർ വാഹനത്തിന് പുറമെ രണ്ട് സ്വകാര്യ കാറുകളിൽ ബോർഡ് വച്ച് യാത്ര ചെയ്യാനുള്ള അപേക്ഷയാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശപ്രകാരം തള്ളിയത്.

സർക്കാരിന് ഇന്ന് മുതൽ ഹെലികോപ്ടർ സേവനമില്ല

സംസ്ഥാന സർക്കാരിന് ഇന്ന് മുതൽ ഹെലികോപ്ടർ സേവനം ഇല്ല. കരാർ കാലാവധി ഇന്നലെ വൈകീട്ട് അവസാനിച്ചു. കരാർ പുതുക്കുന്നതിൽ അന്തിമ തീരുമാനം അടുത്തയാഴ്ച എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കരാർ ഒഴിവാക്കി അടിയന്തര ഘട്ടങ്ങളിൽ മാത്രം വാടകയ്ക്ക് എടുക്കുന്നതിലും ആലോചന.

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി മുടക്കം

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി മുടക്കം. ഇന്നലെ അർദ്ധരാത്രി വരെ പല തവണ വൈദ്യുതി മുടങ്ങി. ഇന്നലെ ഉപഭോഗം രേഖപ്പെടുത്തിയത് 90 ദശലക്ഷത്തിന് മുകളിൽ. അധിക വൈദ്യുതി എത്തിക്കാൻ കെഎസ്ഇബിയുടെ തിരക്കിട്ട നീക്കം.

ഉപാധികൾ യുഎസിനെ അറിയിച്ചെന്ന് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഉപാധികൾ യുഎസിനെ അറിയിച്ചെന്ന് ഇറാൻ. എല്ലാ മേഖലകളിലേയും യുദ്ധം അവസാനിപ്പിക്കണം എന്നും ഇറാൻ്റെ മരവിപ്പിച്ച മുഴുവൻ സ്വത്തുക്കളും വിട്ടുനൽകണം എന്നും വ്യവസ്ഥ. ഖത്തർ വഴിയാണ് പാധികൾ വൈറ്റ് ഹൗസിനെ അറിയിച്ചത്.

"വിവാദത്തിലായ റേഞ്ച് റോവർ വർഷങ്ങളായി ഉപയോഗിക്കുന്നത്"; വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ.എം. ഷാജി

ആഡംബര കാർ വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ.എം ഷാജി. വിവാദത്തിലായ റേഞ്ച് റോവർ വർഷങ്ങളായി ഉപയോഗിക്കുന്നത്. ആവശ്യമായ അനുമതി വാങ്ങിയാണ് കാർ ഉപയോഗിച്ചത്. ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന സൂചനയും ഷാജി നൽകുന്നുണ്ട്. തടയും എന്ന ഭീഷണി വേണ്ടെന്ന് ഡിവൈഎഫ്ഐക്കും മറുപടി. നാടിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾക്കിടയിൽ മാധ്യമങ്ങൾ റേഞ്ച് റോവർ വിഷയത്തിന് പിന്നാലെ പോകേണ്ടതുണ്ടോ എന്നും എഫ്.ബി പോസ്റ്റിൽ കെ.എം. ഷാജി ചോദിച്ചു. രാവിലെ 11.30-ന് പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നും ഷാജി.

News Malayalam 24x7
newsmalayalam.com