മുനമ്പം പ്രശ്നം ക്രൈസ്തവ- മുസ്ലീം സാമുദായിക സംഘർഷ വിഷയമാക്കാന്‍ ശ്രമം; വഖഫ് നിയമ ഭേദഗതിയിൽ KCBCയെ തള്ളി ലത്തീൻ സഭാ മുഖപത്രം

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെയും ലേഖനത്തില്‍ വിമർശിക്കുന്നുണ്ട്
മുനമ്പം പ്രശ്നം ക്രൈസ്തവ- മുസ്ലീം സാമുദായിക സംഘർഷ വിഷയമാക്കാന്‍ ശ്രമം; വഖഫ് നിയമ ഭേദഗതിയിൽ KCBCയെ തള്ളി ലത്തീൻ സഭാ മുഖപത്രം
Published on

വഖഫ് നിയമഭേദഗതിയിൽ കെസിബിസി നിലപാടിനെ തള്ളി ലത്തീൻ സഭാ മുഖപത്രമായ ജീവനാദം. മുനമ്പം പ്രശ്നത്തെ ക്രൈസ്തവ- മുസ്ലീം സാമുദായിക സംഘർഷ വിഷയമാക്കാനാണ് ശ്രമമെന്നാണ് വിമർശനം. വിദ്വേഷ പ്രചരണം കൊഴുപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങൾ തിരിച്ചറിയണം. നിയമഭേദഗതി വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിതുറക്കുന്നുവെന്നും ജീവാനാദത്തിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു. 'ഉമ്മീദിലെ നിയ്യത്ത്' എന്ന തലക്കെട്ടിലായിരുന്നു എഡിറ്റോറിയല്‍. നിയമ ഭേദഗതി അനിവാര്യമാണെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമുള്ള കെസിബിസി ആഹ്വാനത്തെ തള്ളുന്നതാണ് ലത്തീൻ സഭയുടെ നിലപാട്.

യഥാർത്ഥ ഭൂവുടമകളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് മുഖ്യപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. രേഖകൾ ഇല്ലാത്ത കയ്യേറ്റക്കാർ ഉണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാർ നോക്കണം. മലയോര മേഖലകളിലെ പോലെ തീരദേശത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാൻ മുനമ്പം ആയുധമാക്കുന്നു. ജെപിസി റിപ്പോർട്ടിൽ ഒരിടത്തും മുനമ്പം പരാമർശിക്കപ്പെട്ടിരുന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മുന്‍കാല പ്രാബല്യമില്ലാത്തതാണ് 2025-ലെ വഖഫ് ഭേദഗതി നിയമം എന്ന് അമിത് ഷായും, കിരൺ റിജിജുവും വ്യക്തമാക്കി. മുനമ്പത്തിന് സഹായകരമാകുന്ന വ്യവസ്ഥയേതെന്ന് ഈ പ്രദേശം ഉള്‍പ്പെടുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡൻ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജോർജ് കുര്യനെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതായിരുന്നു എന്ന് വിമർശനപരമായി മുഖപ്രസംഗത്തില്‍ പറയുന്നു.

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെയും ലേഖനത്തില്‍ വിമർശിക്കുന്നുണ്ട്. വഖഫ് ബോര്‍ഡുകള്‍ മതപരമായ കാര്യങ്ങള്‍ക്കായുള്ളതല്ല, ആസ്തികളുടെ ലാഭകരമായ വിനിയോഗം ഉറപ്പുവരുത്തേണ്ട സ്റ്റാറ്റിയൂട്ടറി സംവിധാനമാകയാല്‍ അവയില്‍ അമുസ്ലീങ്ങളുടെ സാന്നിധ്യമുണ്ടാകുന്നത് കൂടുതല്‍ സുതാര്യതയ്ക്കു സഹായകമാകുമെന്നാണ് മന്ത്രി റിജിജു വാദിക്കുന്നത്. ബിഹാറിലെ മഹാബോധി മഹാവിഹാരത്തിലെ ഭരണസമിതിയില്‍ പ്രാതിനിധ്യവും ബോധ്‌ഗയയുടെ മേല്‍നോട്ടചുമതലയും ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ ബുദ്ധിസ്റ്റ് ഫോറം കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച മഹാബോധി മുക്തി ആന്ദോളന്‍ സത്യഗ്രഹ സമരം ഇപ്പോഴും തുടരുകയാണ്. ബുദ്ധമതക്കാരനായ മന്ത്രി റിജിജുവിന് സ്വന്തം ന്യൂനപക്ഷ സമുദായത്തിന്റെ കാര്യത്തിലല്ല വേവലാതിയെന്ന് എഡിറ്റോറിയലില്‍ പറയുന്നു. ബുദ്ധമതക്കാരുടെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രത്തില്‍ ബുദ്ധമതവിശ്വാസത്തിനു വിരുദ്ധമായി ശിവലിംഗ പ്രതിഷ്ഠ നടത്തുകയും, ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി വ്യാഖ്യാനിച്ച് ഹൈന്ദവ പൂജ നടത്തുകയും ചെയ്യുന്നവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അഖിലേന്ത്യാ ബുദ്ധിസ്റ്റ് ഫോറത്തിന്‍റെ സമരം.

മുനമ്പം നിവാസികളെ കുടിയിറക്കരുതെന്നും, അവരുടെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയെയും പിന്താങ്ങുമെന്നും മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ ഉമ്മീദ് നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ എടുത്തുപറയുന്നുണ്ടെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. ലത്തീൻ സഭയക്ക്‌ മുൻതൂക്കമുള്ള മുനമ്പത്ത് കിരൺ റിജിജുവിനെയടക്കം എത്തിച്ച് രാഷ്ട്രീയ മേൽക്കൈ നേടാൻ ബിജെപി ഒരുക്കങ്ങൾ നടത്തുമ്പോഴാണ് സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com