
പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കൽപ്പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അത് ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന് പ്രയാസമാകുമെന്നും ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും രാമകൃഷ്ണൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13 തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും. നവംബർ നാലിനാണ് നാമനിർദേശ പത്രിക നൽകാനായുള്ള അവസാന തീയതി.