എഡിജിപിയെ നീക്കണമെന്ന ആവശ്യം ശക്തം; വിവാദങ്ങൾക്കിടെ നിർണായക യോഗം ചേർന്ന് എൽഡിഎഫ്

എഡിജിപിയെ നീക്കണമെന്ന ആവശ്യം ശക്തം; വിവാദങ്ങൾക്കിടെ നിർണായക യോഗം ചേർന്ന് എൽഡിഎഫ്

മദ്യനയമാണ് പ്രധാന അജണ്ടയെങ്കിലും എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ വിഷയമായിരിക്കും യോഗം പ്രധാനമായും ചർച്ച ചെയ്യുക
Published on


ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ച, സിപിഎം-ആർഎസ്എസ് ബന്ധം തുടങ്ങി പുകയുന്ന വിവാദങ്ങൾക്കിടെ നിർണായക യോഗം ചേർന്ന് എൽഡിഎഫ്. എകെജി സെൻ്ററിൽ ചേർന്ന യോഗത്തിന് മുന്നോടിയായി സിപിഐ, സിപിഎം സംസ്ഥാന സെക്രട്ടറിമാരും ചർച്ച നടത്തി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റി നിർത്തണമെന്ന അഭിപ്രായമാണ് മുന്നണിയിൽ ഉയരുന്നത്.  മദ്യനയമാണ് പ്രധാന അജണ്ടയെങ്കിലും എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ വിഷയമായിരിക്കും യോഗം പ്രധാനമായും ചർച്ച ചെയ്യുക.

എഡിജിപി എം.ആർ. അജിത് കുമാറിനെ നീക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) പറഞ്ഞു. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ഇടതുപക്ഷ സർക്കാരിന് യോജിച്ച കാര്യമല്ല. ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി വിശദമാക്കി. ഒപ്പം സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും ആർജെഡി വലിയ വിമർശനമുയർത്തി. ആർഎസ്എസും ഒരു സംഘടനയാണെന്ന സ്പീക്കറിൻ്റെ വാദം ആർജെഡി തള്ളി. ആർഎസ്എസ് പ്രധാനപ്പെട്ട സംഘടനയല്ല, മറിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടനയാണെന്ന് പാർട്ടി വിമർശിച്ചു.

ALSO READ: "ആർഎസ്എസിനെ പൊന്നുപോലെ സംരക്ഷിക്കുകയെന്നത് പൊലീസ് അജണ്ട"; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ശരി വെച്ച് സന്ദീപാനന്ദഗിരി

എന്നാൽ എഡിജിപിയെ നീക്കണമെന്ന ആർജെഡി ആവശ്യം പ്രായോഗികമല്ലെന്ന് എംഎൽഎ ആന്റണി രാജു പറഞ്ഞു. ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നും അതിന് നടപടിക്രമങ്ങൾ പാലിക്കണമെന്നും ആൻ്റണി രാജു വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും എംഎൽഎ പറഞ്ഞു. എഡിജിപി-ആർഎസ്എസ് ബന്ധം ഗൗരവമുള്ള വിഷയമാണെന്നും യോഗത്തിൽ നിലപാട് പറയുമെന്നും എൻസിപി വ്യക്തമാക്കി. നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തന്നെയായിരുന്നു മന്ത്രി കെ രാജന്റെയും മറുപടി.




News Malayalam 24x7
newsmalayalam.com