
പാലാ നഗരസഭ ചെയർമാനെതിരെ സ്വതന്ത്ര കൗൺസിലറിനൊപ്പം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്ത എൽഡിഎഫ് പിന്തുണച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ഷാജു വി. തുരുത്തേലിനെ കേരള കോൺഗ്രസും സിപിഎമ്മും, സിപിഐയും ചേർന്ന് പുറത്താക്കുകയായിരുന്നു. അവിശ്വാസം കൊണ്ടുവന്ന സ്വതന്ത്രനും യുഡിഎഫും വോട്ടിങ്ങിൽ നിന്നു വിട്ടുനിന്നു . കേരള കോൺഗ്രസ് എമ്മിനൊപ്പം ഇനി പ്രവർത്തിക്കില്ലെന്ന് സ്ഥാനം ഒഴിയേണ്ടിവന്ന ഷാജു വി. തുരുത്തേൽ പ്രതികരിച്ചു .
26 അംഗ കൗണ്‍സിലിൽ 14 എല്‍ഡിഎഫ് കൗൺസിലർമാരാണ് സ്വന്തം ചെയർമാനെതിരെ വോട്ട് ചെയ്തത്. അതേസമയം അവിശ്വാസം കൊണ്ടുവന്ന സ്വതന്ത്ര കൗൺസിലറും പിന്തുണച്ച യുഡിഎഫും വോട്ടിങ്ങിൽ നിന്ന് വിട്ടുനിന്നു. നിലവിൽ ഉണ്ടായിരുന്ന ചെയർമാനും കേരള കോൺഗ്രസ് എം അംഗവുമായ ഷാജു വി തുരുത്തേൽ അവസാന വർഷം ഒഴിയണമെന്ന ഫോർമുലയാണ് കേരള കോൺഗ്രസ് എം മുന്നോട്ടുവെച്ചിരുന്നത്. ഇതു സംബന്ധിച്ച ധാരണ പാർട്ടിയിൽ ഉണ്ടായിരുന്നതായി മണ്ഡലം ഭാരവാഹികൾ പറയുന്നു. യുഡിഎഫ് കുതന്ത്രം പൊളിക്കാൻ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തുവെന്നാണ് എൽഡിഎഫ് കൗൺസിലർമാർ പറയുന്നത്.
ഇനി കേരള കോൺഗ്രസ് എമ്മിനൊപ്പമില്ലെന്നും അവസാന വർഷം ഒഴിയണമെന്ന് പാർട്ടി ഉടമ്പടി ഉണ്ടായിരുന്നില്ലെന്നും പുറത്താക്കപ്പെട്ട ചെയർമാൻ ഷാജു വി തുരുത്തേൽ പറഞ്ഞു. വെറും വെള്ളപ്പേപ്പറിൽ ഒപ്പ് വെയ്പ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഷാജു കൂട്ടിച്ചേർത്തു. ചികിത്സയിൽ ആയിരുന്നതിനാൽ ഷാജു ഇന്ന് കൗൺസിൽ മീറ്റിങ്ങിൽ എത്തിയിരുന്നില്ല. ജോസ് കെ മാണിക്ക് കാര്യങ്ങൾ തന്നോട് വിശദീകരിക്കാമായിരുന്നുവെന്നും ഷാജു പറഞ്ഞു.
മുമ്പ് സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ടു നിലപാടെടുത്തിരുന്നു. എന്നാൽ കേരള കോൺഗ്രസ് എം സമ്മർദത്തിന് വഴങ്ങി സിപിഎം ബിനുവിനെതിരായി നിലപാട് സ്വീകരിച്ചു. തുടർന്ന് ബിനുവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി മറ്റൊരംഗത്തെ ചെയർമാനാക്കി. പിന്നീട് ധാരണ പ്രകാരം കേരള കോൺഗ്രസ് എമിന് സ്ഥാനം ലഭിച്ചതോടെയാണ് ഷാജു വി തുരുത്തേൽ ഒരുവർഷം മുമ്പ് ചെയർമാൻ ആയത്.