
എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി എന്താണ് ചർച്ച ചെയ്തതെന്നതാണ് പ്രധാന കാര്യമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണന്‍. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഇടതുപക്ഷ മുന്നണി കണ്‍വീനർ. ഉപതെരഞ്ഞെടുപ്പ്, വയനാട് പുനരധിവാസം, സംസ്ഥാനത്തെ കാർഷിക പ്രതിസന്ധി, കേന്ദ്ര സർക്കാർ സമീപനം എന്നിവ യോഗം ചർച്ച ചെയ്തതായി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്തു. വയനാട് പുനരധിവാസത്തിനുള്ള സർക്കാർ നടപടികളില്‍ മുന്നണിക്ക് സംതൃപ്തിയുണ്ട്. എന്നാല്‍, കേന്ദ്ര നിലപാടുകൾ ജനജീവിതത്തെ സങ്കീർണമാക്കുന്നുവെന്ന് യോഗം നിരീക്ഷിച്ചു. കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്നുണ്ട്. കേന്ദ്രം കേരളത്തിനുമേല്‍ സാമ്പത്തിക ഉപരോധം സൃഷ്ടിക്കുന്നുവെന്നും ടി.പി. പറഞ്ഞു. ഓണക്കാലത്ത് ജനങ്ങളെ സഹായിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നുണ്ട്. സപ്ലൈകോയിൽ സാധനം ഇല്ലെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, സപ്ലൈകോകളിൽ എല്ലാം ലഭ്യമാണെന്നും കണ്‍വീനർ അറിയിച്ചു.
ALSO READ: എൽഡിഎഫ് യോഗം അവസാനിച്ചു; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ മുന്നണി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പരിശോധന ആഭ്യന്തര വകുപ്പ് എപ്പോഴേ ആരംഭിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും സംരക്ഷിക്കില്ല. കടുത്ത നടപടിക്ക് വിധേയമാക്കും. അതാണ് സർക്കാരിന്‍റെയും മുന്നണിയുടെയും നിലപാടെന്ന് ടി.പി വ്യക്തമാക്കി. സർക്കാർ ഉചിതമായ തീരുമാനമെടുത്തിട്ടുണ്ട്. അതാണ് മുന്നണി ബോധ്യമെന്നും ഇടതുപക്ഷ മുന്നണി കണ്‍വീനർ കൂട്ടിച്ചേർത്തു.
ആർഎസ്എസുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടുകെട്ടുമായി ഞങ്ങൾ മുന്നോട്ടു പോകില്ലെന്നും ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. സർക്കാർ ഉചിതമായ നിലപാടെടുത്ത് മുന്നോട്ട് പോകും. മുന്നണിയില്‍ ഒരു അതൃപ്തിയുമില്ല. അന്വേഷണം വരെ കാത്തുനിൽക്കുന്നതിൽ എന്താണ് പ്രശ്നം? സർക്കാരിന് നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് ഉണ്ടാകുമെന്നും ഘടകക്ഷികളായ പാർട്ടികൾ അവരുടെ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി അഭിപ്രായമാണ് പറയുന്നതെന്നും കണ്‍വീനർ കൂട്ടിച്ചേർത്തു.
ALSO READ: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടി; എ. രാജയുടെ ഹർജി പരിഗണിക്കാന്‍ മാറ്റി സുപ്രീം കോടതി
ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റിയത് ബിജെപി നേതാവ് പ്രകാശ് ജാവദേവക്കറിനെ കണ്ടതിനാണെന്ന് മാധ്യമങ്ങളോട് ആരാണ് പറഞ്ഞതെന്നും ടി.പി ചോദിച്ചു. അത് സംഘടനാപരമായ തീരുമാനമാണെന്നും ആ പ്രശ്നത്തെ വേറെ രീതിയിൽ വ്യാഖ്യാനിക്കരുതെന്നും ടി.പി പറഞ്ഞു.
ആർഎസ്എസ് കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംഘടനയാണ് എന്ന നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീറിന്‍റെ പ്രസ്താവനയോടും എല്‍ഡിഎഫ് കണ്‍വീനർ പ്രതികരിച്ചു. സ്പീക്കർ എന്നത് സ്വതന്ത്ര പദവിയാണെന്നും എന്തും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറിൻ്റെ അഭിപ്രായത്തോട് അദ്ദേഹം കൂടുതല്‍ പ്രതികരിച്ചില്ല. എന്നാല്‍, ആർഎസ്എസ് ഒരു പ്രധാന സംഘടനയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നായിരുന്നു ടി.പിയുടെ മറുപടി.
പി.വി. അന്‍വർ ഉന്നയിച്ച ഫോണ്‍ ചോർത്തല്‍ ആരോപണങ്ങളിലും എല്‍ഡിഎഫ് കണ്‍വീനർ പ്രതികരിച്ചു. ഫോൺ ചോർത്തലിനെ പിന്തുണയ്ക്കില്ല. അത് ആര് ചെയ്താലും തെറ്റാണെന്നും ടി.പി. പറഞ്ഞു. അൻവർ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കും. അൻവറിന് പരാതിയുണ്ടെങ്കിൽ കൊടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി. ശശിക്കെതിരായുള്ള അന്‍വറിന്‍റെ ആരോപണങ്ങളില്‍ നേരത്തെ നൽകിയ പരാതിയില്‍ ശശിയെക്കുറിച്ച് പരാമർശമില്ലെന്ന് ടി.പി വ്യക്തമാക്കി.
എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ? അൻവറിന് ന്യായമായ പരാതിയുണ്ടെങ്കിൽ നിശ്ചയമായി അന്വേഷിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.