
എം.ബി. രാജേഷ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് എഴുതിയ കത്തിന് മറുപടിയുമായി വി.ഡി. സതീശൻ. മാലിന്യ കൂമ്പാരത്തിന് നടുവിൽ കിടന്നു കൊണ്ട് ഇവിടെയെല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് പൊതുജനത്തോട് ഉള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
"മാലിന്യത്തിൻ്റെ അളവ് കുറയ്ക്കാൻ ശക്തമായ നിയമങ്ങൾ ആവശ്യമാണ്. ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ഇത്രത്തോളം വൃത്തി ഹീനമാകാൻ കാരണം കോർപറേഷൻ്റെ അനാസ്ഥയാണ്. മാനുവൽ സ്കാവഞ്ചിംഗ് രാജ്യത്ത് നിരോധിച്ചതാണെന്നും അതറിഞ്ഞിട്ടും തോട് വൃത്തിയാക്കാൻ മനുഷ്യനെ ഇറക്കിയവർക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം," വി.ഡി. സതീശൻ പറഞ്ഞു.
"മാലിന്യ നിർമാർജനത്തിന് സർക്കാർ ക്രിയാത്മകമായ എന്ത് നടപടി സ്വീകരിച്ചാലും പിന്തുണയ്ക്കും. ബ്രഹ്മപുരം പോലെ സ്വന്തക്കാർക്കും പാർട്ടി ബന്ധുക്കൾക്കും പൊതുപണം കൊള്ളയടിക്കാൻ ഉള്ള അവസരമാകരുത് അത്. അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവർ വിമർശനത്തിന് അതീതരാണെന്ന തോന്നൽ ജനാധിപത്യ വ്യവസ്ഥിതിയിൽ നല്ലതല്ല," പ്രതിപക്ഷ നേതാവ് വിമർശിച്ചു.