"മാസപ്പടി കേസ് അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, പിണറായിക്കെതിരെ കേന്ദ്ര ഏജൻസി ഒരു അന്വേഷണവും നടത്താറില്ല"

വീണ വിജയനെ ചോദ്യം ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രസ്താവന
"മാസപ്പടി കേസ് അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, പിണറായിക്കെതിരെ കേന്ദ്ര ഏജൻസി ഒരു അന്വേഷണവും നടത്താറില്ല"
Published on




എക്സാലോജിക് മാസപ്പടി കേസിലെ വീണ വിജയനെതിരായ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  വീണ വിജയനെ ചോദ്യം ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രസ്താവന. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രഹസനം മാത്രമാണ് ഇപ്പോൾ നടക്കുന്ന കേസ് അന്വേഷണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും സിപിഎമ്മും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയാണെന്ന് വരുത്തിതീർക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത് തന്നെ എല്ലാവരേയും രക്ഷിക്കാനായാണ്. ഒരു കേന്ദ്ര ഏജൻസിയും പിണറായി വിജയനെതിരെ ഒരു അന്വേഷണവും നടത്തില്ല. കരുവന്നൂരിലും തെരഞ്ഞെടുപ്പിന് മുൻപ് സമാന സംഭവങ്ങൾ നടന്നിരുന്നുവെന്നും ഇഡി അന്വേഷണം നടന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനും കെ. സുരേന്ദ്രനും പരസ്പരം സഹായിക്കുകയാണെന്നായിരുന്നു സതീശൻ്റെ ആരോപണം. മുഖ്യമന്ത്രി നന്ദിയുള്ളവനാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസിലും കൊടകര കുഴൽപ്പണകേസിലും പിണറായി വിജയൻ രക്ഷിച്ചു. കരുവന്നൂരിലും മഞ്ചേശ്വരത്തും നടത്തിയ അഡ്ജസ്റ്റ്‌മെന്റിന്റെ തുടർച്ചയാണ് പുതിയ നടപടിയെന്നും വി.ഡി സതീശൻ വിമർശിച്ചു.

മഞ്ചേശ്വരം കേസിൽ സുരേന്ദ്രനൊപ്പം നിന്ന സർക്കാർ, ഒരു വർഷത്തിനിടെ കൊടുക്കേണ്ട ചാർജ് ഷീറ്റ് 17 മാസം കഴിഞ്ഞാണ് കൊടുത്തത്. ഇതിനാൽ കോടതി സുരേന്ദ്രനെ വെറുതേ വിടുകയായിരുന്നെന്നും സതീശൻ പറയുന്നു.


അതേസമയം, ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് നേതാവ് വ്യക്തമാക്കി. വിഷയത്തിൽ ചർച്ചകൾ നടക്കുകയാണ്. നിലവിൽ സ്ഥാനാർഥികളെ സംബന്ധിച്ച വാർത്തകൾക്ക് കാമ്പില്ലെന്നും എല്ലാവരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ സ്ഥാനാർഥിയെ തീരുമാനിക്കുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മദ്രസ വിഷയത്തിൽ പ്രതികരിച്ച വി.ഡി. സതീശൻ, കേന്ദ്ര ഗവൺമെൻ്റ് നടപടികളെല്ലാം ന്യൂനപക്ഷ വിരുദ്ധമാണെന്ന് ആരോപിച്ചു. ഭിന്നിപ്പ് ഉണ്ടാക്കി ഭരണം നടത്തുകയാണ് കേന്ദ്രമെന്നും സതീശൻ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com