
ഓണാശംസകളുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു നേതാവിൻ്റെ ആശംസ. പൂക്കൾ കൊണ്ടുള്ള സദ്യയുടെ ചിത്രവും പങ്കുവെച്ചായിരുന്നു രാഹുലിൻ്റെ പോസ്റ്റ്.
"എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകൾ! ഈ ഓണാഘോഷം ജീവിതത്തിൽ പുതിയ സന്തോഷങ്ങളും തുടക്കങ്ങളും കൊണ്ടുവരട്ടെ," രാഹുൽ എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓണാശംസകൾ നേർന്നിരുന്നു. എക്സ് പോസ്റ്റിലൂടെ തന്നെയായിരുന്നു മോദിയുടെ കുറിപ്പ്. തിരുവോണദിനത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രധാനമന്ത്രിയുടെ സന്ദേശമെത്തി.
അതേസമയം മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഓണക്കാലം ദുരിതത്തെ അതിജീവിച്ചവരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കണെമന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓണസന്ദേശം. ഒരുമ ഉയർത്തിപ്പിടിക്കാൻ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിൽ പങ്കാളികളായി ഓണാഘോഷങ്ങളെ അർത്ഥവത്താക്കാമെന്നും മുഖ്യമന്ത്രിയുടെ സന്ദേശം പറയുന്നു.