
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും AMMA ഭരണസമിതിയുടെ രാജിയിലും പരസ്യ പ്രതികരണവുമായി സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ രംഗത്ത്. AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജി സ്വാഗതാർഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അമ്മ എന്ന മഹനീയമായ പേരിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങൾ പണക്കൊഴുപ്പിൻ്റെയും ആൺഹുങ്കിൻ്റെയും പേരിൽ നടന്നെന്നും ആ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചത് നല്ല കാര്യമെന്നും നേതാവ് അഭിപ്രായപ്പെട്ടു.
അതേസമയം, രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഓരോ ചെയ്തികളും പുറത്തുവരുന്നതെന്നും നിയമനടപടികൾ ഒട്ടും വൈകരുതെന്നുമായിരുന്നു ഐയുഎംഎൽ നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിൻ്റെ പ്രസ്താവന. ആരോപണവിധേയനായ മുകേഷ് രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായമെന്ന് സംസ്ഥാന പ്രസിഡൻ്റ് വി. മുരളീധരൻ വ്യക്തമാക്കി.
എം. മുകേഷിനെതിരെ ചലച്ചിത്രരംഗത്തെ രണ്ട് സ്ത്രീകൾ ആരോപണമുന്നയിച്ചതോടെ എംഎൽഎ സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് കൊണ്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്. സമാനരീതിയിലായിരുന്നു രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണം. 2013ലെ സുപ്രീം കോടതി വിധിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ആരോപണ വിധേയർക്കെതിരെ കേസെടുക്കണമെന്നും, ഇര പറഞ്ഞാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖം നോക്കാതെ നടപടിയെന്ന മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമാണ് താനെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആരോപണ വിധേയരായവർക്കെതിരെ ബന്ധപ്പെട്ട പാർട്ടികൾ നടപടി സ്വീകരിക്കണം എന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിൻ്റെ നിരീക്ഷണം. രഞ്ജിത്തും സിദ്ദീഖും സ്ഥാനം ഒഴിഞ്ഞതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും നോതാവ് അഭിപ്രായപ്പെട്ടു. ബിജെപി നേതാവ് വി. മുരളീധരനും മുകേഷിൻ്റെ രാജി വേണമെന്ന ആവശ്യം തന്നെയാണ് ഉന്നയിച്ചത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിയേയും നേതാക്കൾ ചോദ്യം ചെയ്തു. സുരേഷ് ഗോപി ജനപ്രതിനിധി ആണെന്ന് മറക്കരുതെന്നും ആക്ഷൻ ത്രില്ലർ ഹീറോ മാനസികാവസ്ഥയിലാണ് സുരേഷ് ഗോപിയെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
സുരേഷ് ഗോപി എന്ത് പറയുന്നു എന്നതല്ല മറിച്ച് ഇരകളുടെ നിലപാടാണ് പരിഗണിക്കേണ്ടതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ തള്ളിമാറ്റിയ നടപടി ശരിയല്ല. നടിമാരുടെ മൊഴികൾക്കെതിരെ ആരെങ്കിലും പ്രസ്താവന ഇറക്കിയിട്ടോ ഉറഞ്ഞ് തുള്ളിയിട്ടോ കാര്യമില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. എന്നാൽ, സുരേഷ് ഗോപിയുടെ പ്രസ്താവനയെകുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു വി. മുരളീധരൻ്റെ പ്രസ്താവന.