
കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായി പി.ജെ. ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫിനെ നിയമിച്ചു. കോട്ടയത്ത് ചേർന്ന പാർട്ടി ഹൈപവർ കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംഘടനാ ഭാരവാഹി സ്ഥാനത്ത് ആറാമനായും അപു മാറി.
പി.ജെ. ജോസഫിന്റെ മകൻ എന്ന നിലയിലല്ല ചുമതല ഏൽക്കുന്നതെന്നും മക്കൾ രാഷ്ട്രീയം ആണെങ്കിൽ താൻ നേരത്തെ തന്നെ എംഎൽഎ ആയേനെയെന്നും അപു പ്രതികരിച്ചു. നേരത്തെ പാർട്ടിയുടെ പ്രൊഫഷണൽ ആൻഡ് ഐടി വിങ്ങിൻ്റെ ചെയർമാനായിരുന്നു അദ്ദേഹം.
ചീഫ് കോർഡിനേറ്ററായിരുന്ന ടി.യു. കുരുവിളയെ ഡെപ്യൂട്ടി ചെയർമാനായും തെരഞ്ഞെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി ചെയർമാൻമാരായി ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ്, തോമസ് പുണ്യാളൻ എന്നിവരെയാണ് ഉന്നതാധികാര സമിതി തെരഞ്ഞെടുത്തത്.
കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫിനെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. പാർട്ടിയിൽ ആറ് വൈസ് ചെയർമാൻമാരാണുള്ളത്. മൂന്ന് ഉപദേശകരേയും പാർട്ടി ഹൈപവർ കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.