
യു.ഡി.എഫിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൻ്റെ സാമ്പത്തിക ശേഷി ഇല്ലാതാക്കി കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിച്ചുവെന്നും മുസ്‍ലിം ലീഗ് വോട്ട് നേടാനായി എസ്.ഡി.പി.ഐയുടെ മുഖമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ എങ്ങനെയും വിജയം നേടാമെന്നുള്ള ബിജെപിയുടെ ധാരണ മാറിയെന്നും, പ്രതീക്ഷിച്ച വിജയം നേടാൻ ബിജെപിക്ക് സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം എല്ലാക്കാലത്തും ബിജെപിക്ക് എതിരായിരുന്നു, ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായ കൂട്ടായ്മയാകാനാണ് സിപിഎം ശ്രമിച്ചത്. തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി നേട്ടമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും മുസ്‍ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനമാണ് പിണറായി നടത്തിയത്. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും, കേന്ദ്ര വിഹിതം ആവശ്യപ്പെടാൻ വലതുപക്ഷം തയ്യാറായില്ലെന്നും പിണറായി ആരോപിച്ചു. ലീഗ് നാല് വോട്ടിന് വേണ്ടി എസ്ഡിപിഐ ആയി മാറിയെന്നും, ലീഗിന് മുഖം നഷ്ടപ്പെടുന്നുവെന്ന് അവര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉദ്ഘാടന വേദിയിലേക്ക് പോകുന്നതിനിടെ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെയായിരുന്നു പ്രതിഷേധം. കരിങ്കൊടി കാണിച്ച കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.