വീണ്ടും കത്രിക വെക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ; എമ്പുരാൻ വിവാദങ്ങളിൽ ബിജെപിക്കെതിരെ ഇടത് നേതാക്കൾ

എമ്പുരാൻ വിഷയത്തിൽ എ.എം.എം.എ. അടക്കമുള്ള സിനിമാ സംഘടനകൾ കാണിക്കുന്ന സ്വയം തടി തപ്പുന്ന നിലപാട് നിർഭാഗ്യപരമാണെന്ന് ആനി രാജ ന്യൂസ് മലയാളത്തോട് പറഞ്ഞു
വീണ്ടും കത്രിക വെക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ; എമ്പുരാൻ വിവാദങ്ങളിൽ ബിജെപിക്കെതിരെ ഇടത് നേതാക്കൾ
Published on


എമ്പുരാൻ സിനിമയുടെ റീസെൻസറിങ്ങിനെ വിമർശിച്ച് സിനിമ മന്ത്രി സജി ചെറിയാൻ. വീണ്ടും കത്രിക വെക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലയാണ്. കേരളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് വ്യത്യസ്തമായ ലോക സിനിമയോട് തന്നെ കിടപിടിക്കുന്ന സിനിമ. സാമൂഹ്യമായ പല പ്രശ്നങ്ങളും സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്. നാട്ടിലെ ജനങ്ങൾ കാണേണ്ട സിനിമയാണ്. തന്റേടത്തോടെ ഇതെടുത്തതിന് പൃഥ്വിരാജിനെ അഭിനന്ദിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

സിനിമയാകുമ്പോൾ സാമൂഹ്യ പ്രശ്നങ്ങൾ പലതും ഉന്നയിക്കും. കലാരൂപത്തെ കലാരൂപമായി കാണണം. തെറ്റായ നീക്കങ്ങൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി നിലനിൽക്കണം. നമ്മളെല്ലാം ഒന്നാണ് എന്ന ആശയമാണ് സിനിമയിൽ പ്രകടിപ്പിക്കുന്നത്. അതിനെയാണ് ഉൾക്കൊള്ളേണ്ടത്. എല്ലാവരെയും വിമർശിക്കുന്നുണ്ട് സിനിമ. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

വിവാദങ്ങൾക്കിടെ എമ്പുരാൻ സിനിമ കാണാൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എത്തി. ചിറ്റൂർ കൈരളി തീയറ്ററിലാണ് മന്ത്രി സിനിമ കാണാൻ എത്തിയത്. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ശരിയല്ലെന്ന് സിനിമ കണ്ടതിന് ശേഷം കൃഷ്ണൻകുട്ടി പ്രതികരിച്ചു.

എമ്പുരാൻ സിനിമക്കെതിരെ നടക്കുന്ന ആക്രമണം ഉത്കണ്ഠാജനകമെന്ന് സിപിഐഎം നേതാവ് എം.എ. ബേബി പറഞ്ഞു. എമ്പുരാൻ സംഘപരിവാറിൻ്റെ കടന്നാക്രമണത്തിന് വിധേയമാകുന്നു. ഭരണഘടന മൂല്യങ്ങളെ സംഘപരിവാർ വെല്ലുവിളിക്കുകയാണെന്നും എം.എ. ബേബി പറഞ്ഞു. സിനിമയിൽ എഡിറ്റിങ് നടത്താൻ നിർമാതാക്കൾ നിർബന്ധിതരായി. ഓർഗനൈസറിൽ രണ്ട് ലേഖനങ്ങളാണ് ഇതിനോടകം വന്നത്. ഗുജറാത്തിൽ വംശീയ കൂട്ടക്കൊല നടന്നു എന്നത് യാഥാർഥ്യമാണെന്നും എം.എ. ബേബി പ്രതികരിച്ചു.

എമ്പുരാൻ വിഷയത്തിൽ എ.എം.എം.എ. അടക്കമുള്ള സിനിമാ സംഘടനകൾ കാണിക്കുന്ന സ്വയം തടി തപ്പുന്ന നിലപാട് നിർഭാഗ്യപരമാണെന്ന് സിപിഐ നേതാവ് ആനി രാജ ന്യൂസ് മലയാളത്തോട് പറഞ്ഞു. പൃഥ്വിരാജിനെയും കുടുംബത്തിനെയും നിലപാടുകളുടെ പേരിൽ വേട്ടയാടരുത്. പൗരത്വനിയമത്തിനെതിരെ അവർ നിലപാട് എടുത്ത സമയത്ത് എതിർക്കണമായിരുന്നുവെന്നും അന്ന് മിണ്ടാതിരുന്നിട്ട് ഇപ്പോൾ എല്ലാം കൂട്ടി എതിർക്കുന്നത് ഭീരുത്വമാണെന്നും ആനി രാജ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com