മുകേഷും ഇടവേള ബാബുവും ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയരാകണം; ഇരുവർക്കുമെതിരെ നിയമനടപടി തുടരും

ഇന്നലെയാണ് മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
മുകേഷും ഇടവേള ബാബുവും ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയരാകണം; ഇരുവർക്കുമെതിരെ നിയമനടപടി തുടരും
Published on

ലൈംഗികാതിക്രമ കേസിൽ എം. മുകേഷ് എംഎൽഎയ്ക്കും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും പ്രത്യേക അന്വേഷണ സംഘം നിയമനടപടി തുടരും. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കും വിധേയമാക്കും. ലൈംഗിക ശേഷി പരിശോധനയ്ക്കും ഇരുവരും വിധേയരാകണം. ഇന്നലെയാണ് മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം. മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രേസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. നടി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മുകേഷ് വാദം ഉന്നയിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷ്, ഇടവേള ബാബു എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെ ലൈംഗികാരോപണവുമായി ആലുവ സ്വദേശിയായ നടി രംഗത്തുവന്നത്. നടിയുടെ പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. അതേസമയം, മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com