"നിയമപോരാട്ടം തുടരും"; മാസപ്പടിക്കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ മാത്യു കുഴൽനാടൻ

"ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല"
"നിയമപോരാട്ടം തുടരും"; മാസപ്പടിക്കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ മാത്യു കുഴൽനാടൻ
Published on

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി വിധിക്ക് പിന്നാലെ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. മാത്യു കുഴൽനാടൻ എംഎല്‍എയും കളമശേരി സ്വദേശി ഗിരീഷ് ബാബുവും നൽകിയ റിവിഷൻ ഹർജിയിലാണ് നിർണായക വിധി. ജസ്റ്റിസ് കെ. ബാബു ആണ് വിധി പറഞ്ഞത്.

നേരത്തെ കേസ് തള്ളിയ വിജിലൻസ് കോടതിയുടെ ഒരു പരാമർശം ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് പറഞ്ഞിരുന്നു. വിജിലൻസ് കോടതിയുടെ ഈ പരാമർശമാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ വിജിലൻസ് അന്വേഷണത്തിൻ്റെ ആവശ്യമില്ല എന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ CMRLഉം തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മൂവാറ്റുപുഴ, തിരുവനന്തപുരം വിജിലന്‍സ് കോടതികള്‍ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും റിവിഷന്‍ ഹര്‍ജികൾ സമര്‍പ്പിച്ചത്. വാദത്തിനിടെ ഗിരീഷ് ബാബു മരിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് എക്‌സാലോജിക് കമ്പനി CMRLല്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുന്‍പ് വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച് കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com