
കൊല്ലം പത്തനാപുരത്ത് വീണ്ടും പുലിയിറങ്ങി. സിസിടിവികളിൽ പുലിയുടെ ദ്യശ്യങ്ങൾ പതിഞ്ഞതോടെ ഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ. പത്തനാപുരത്തെ ജനവാസ മേഖലയിലെ സിസിടിവികളിലാണ് രാത്രി കാലങ്ങളിൽ ഇറങ്ങിയ പുലിയുടെ ദ്യശ്യം പതിഞ്ഞിട്ടുള്ളത്. പലയിടത്തും വളർത്തു മൃഗങ്ങളെ പുലി അക്രമിക്കുന്നതും പതിവായി.
കിഴക്കേ ഭാഗം മാക്കുളത്ത് റബർ തോട്ടത്തിൽക്കൂടി പുലി വളർത്തുനായയെ ഓടിച്ചത് നാട്ടുകാരിൽ പലരും കണ്ടു. പുന്നല ചാച്ചിപ്പുന്ന ഭാഗത്തും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല. പുന്നല ചാച്ചിപ്പുന്ന ഭാഗത്തെ റബർ തോട്ടത്തിലും, മാക്കുളം ഭാഗത്തും രാത്രി കാലങ്ങളിലും വനം വകുപ്പിൻ്റെ പരിശോധന തുടരുകയാണ്.
വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് പത്തനാപുരം താലൂക്കിലെ ജനങ്ങൾ. മുൻപ് തോട്ടം, വനമേഖലകളുള്ള പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ ചില ഭാഗങ്ങളിൽ മാത്രമുണ്ടായിരുന്ന വന്യമൃഗ ശല്യമാണ് അടുത്തകാലത്തായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത്. കിഴക്കേഭാഗത്ത് ടാപ്പിങ് തൊഴിലാളിയെ പുലി ആക്രമിക്കാൻ ശ്രമിച്ച ശേഷം ടാപ്പിങ്ങ് തൊഴിലാളികൾ ആശങ്കയിലാണ്. പുലിസാന്നിധ്യം സ്ഥിരീകരിച്ച മേഖലകളിൽ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.