
രാജസ്ഥാൻ ഉദയ്പൂരിൽ നരഭോജി പുള്ളിപ്പുലി മരിച്ച നിലയിൽ. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ കർഷകനെ ആക്രമിച്ച പുള്ളിപ്പുലിയെയാണ് കഴുത്തിൽ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലിയുടെ മുഖത്ത് ആയുധം കൊണ്ട് പരിക്കേൽപ്പിച്ചതിൻ്റെ വലിയ പാടുമുണ്ട്. പുള്ളിപ്പുലി അതിക്രൂരമായി ആക്രമിച്ച കർഷകൻ ദേവരാമിൻ്റെ വീടിന് സമീപത്ത് നിന്നാണ് മുറിവുകളോടെ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ സുനിൽ കുമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം ദേവരാമിൻ്റെ വീട്ടിലെത്തിയ പുള്ളിപ്പുലി ആദ്യം പശുക്കളെയും, പിന്നീട് ദേവരാമിനേയും ആക്രമിച്ചു. ഓടിക്കൂടിയ നാട്ടുകാരും കുടുംബവും ബഹളം വെച്ചതിനെ തുടർന്ന് പുലി കാട്ടിലേക്ക് ഓടി പോകുകയായിരുന്നു. നാട്ടുകാരാണോ പുലിയെ കൊന്നത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഉദയ്പൂർ ഗോഗുണ്ടയിൽ എട്ട് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിയാണോ ഇതെന്ന കാര്യം വനം വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ പുള്ളിപ്പുലിയെ പിടികൂടുന്നതിനായി ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുകൾ നേരത്തെ പുറപ്പെടുവിച്ചിരുന്നു. വിവിധ കടുവാസങ്കേതങ്ങളിലെ വിദഗ്ദരടക്കമുള്ള 300 അംഗ ടീമിനെ പുലിയെ കണ്ടെത്തുന്നതിനായി നിയോഗിക്കുകയും ചെയ്തിരുന്നു.
പുലിയുടെ ആക്രമത്തിൽ പരിക്കേറ്റ ദേവരാമിനെ ആദ്യം അടുത്തുള്ള ഹെൽത്ത് സെൻ്ററിലെത്തിച്ചെങ്കിലും, ആരോഗ്യസ്ഥിതി വഷളായതോടെ, പിന്നീട് ഉദയ്പൂർ എംബി ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ആക്രമണത്തെ തുടർന്നുണ്ടായ ഭയം കാരണം ദേവരാം സംസാരശേഷി വീണ്ടെടുത്തിട്ടില്ല.