
കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണി നയിക്കുന്ന ലിബറൽ പാർട്ടിക്ക് വീണ്ടും വിജയം. കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി തുടരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം മാർക് കാർണി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ലിബറൽ പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് തുടർച്ചയായ നാലാം തവണ ലിബറൽ പാർട്ടി അധികാരം നിലനിർത്തുന്നത്.
കാനഡയിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ഏറ്റുമുട്ടുമെന്നും വോട്ടർമാർക്ക് ഉറപ്പുനൽകിയാണ് മാർക്ക് കാർണി വീണ്ടും അധികാര കസേരയിൽ തുടരുന്നത്. അതേസമയം, പരാജയം സമ്മതിക്കുന്നതായി കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ അറിയിച്ചു.
343 അംഗ പാർലമെന്റിൽ 167 സീറ്റുകളിൽ ലിബറലുകൾ വിജയമുറപ്പിച്ചിരിക്കുകയാണ്. 145 സീറ്റുകളിൽ ലീഡുമായി കൺസർവേറ്റീവ് പാർട്ടി രണ്ടാമതാണ്. ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്ക് 172 സീറ്റുകൾ ആവശ്യമാണ്. യെവ്സ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റിന്റെ നേതൃത്വത്തിലുള്ള ബ്ലോക്ക് ക്യൂബെക്കോയിസും 23 സീറ്റുകളിൽ ജയിച്ചിട്ടുണ്ട്. ജഗ്മീത് സിങ്ങിന്റെ എൻഡിപി ഏഴ് സീറ്റുകളിൽ മുന്നിലാണ്. ഗ്രീൻ പാർട്ടി ഒരു സീറ്റ് നേടി.
കഴിഞ്ഞ മാസം ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം പ്രധാനമന്ത്രിയായി നിയമിതനായ 60കാരനായ കാർണി, ട്രംപ് വിരുദ്ധ ക്യാംപെയ്നിലൂടെയാണ് ഫെഡറൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലിബറൽ പാർട്ടിയുടെ ചരിത്ര വിജയത്തിന് ട്രൂഡോയുടെ വിടവാങ്ങൽ നിർണായകമായിരുന്നു എന്നാണ് നേരിയ വ്യത്യാസത്തിലുള്ള വിജയം സൂചിപ്പിക്കുന്നത്.
ബ്രിട്ടനിലും കാനഡയിലും മുമ്പ് സെൻട്രൽ ബാങ്ക് ഗവർണറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് മാർക്ക് കാർണി. തൻ്റെ ആഗോള സാമ്പത്തിക പരിചയം കാനഡയെ ഒരു വ്യാപാര യുദ്ധത്തിലൂടെ നയിക്കാൻ സജ്ജമാക്കുമെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞിടത്താണ് കാർണിയുടെ വിജയം. കാനഡ തുടർന്നും അമേരിക്കയെ ആശ്രയിക്കുന്നത് തടയുന്നതിനായി വിദേശ വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുമെന്ന് കാർണി വാഗ്ദാനം ചെയ്തിട്ടുണ്ട്.