"കാട്ടിലേക്ക് വരണമെന്നില്ല ഞാൻ വീട്ടിലേക്ക് വരാം"; അടുക്കളയിൽ പൂച്ചയെന്നു കരുതി ഓടിയെത്തിയ വീട്ടുകാരെ കാത്തിരുന്നത് സിംഹം

നിരവധിപ്പേരാണ് ആശങ്ക അറിയിച്ചും, തമാശകൾ പറഞ്ഞുമെല്ലാം പ്രതികരിച്ചിരിക്കുന്നത്. അമ്റേലി ജനവാസമേഖലയിൽ ആദ്യമായല്ല സിംഹത്തെ കാണുന്നതെന്നും പ്രതികരണമുണ്ട്.
"കാട്ടിലേക്ക് വരണമെന്നില്ല ഞാൻ വീട്ടിലേക്ക് വരാം"; അടുക്കളയിൽ പൂച്ചയെന്നു കരുതി ഓടിയെത്തിയ വീട്ടുകാരെ കാത്തിരുന്നത്  സിംഹം
Published on

സിംഹത്തിനയൊക്കെ കാണാൻ കാട്ടിലേക്ക ട്രിപ്പ് അടിക്കുന്നവരാണ് പലരും, അല്ലെങ്കിൽ കാഴ്ച ബംഗ്ലാവ് തന്നെ ശരണം. ചില പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ജനവാസമേഖലകളേക്കിറങ്ങും. അത്തരം സാഹചര്യങ്ങൾ പലപ്പോഴും അപകടകരമാണ്. ഗുജറാത്തിലെ ജനവാസ മേഖലയിൽ അപ്രതീക്ഷിതമായി നടന്ന ഒരു വന്യജീവി സന്ദർശനമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ആശങ്ക നിറയ്ക്കുന്നതാണ് സംഭവമെങ്കിലും ചെറു ചിരിയോടെയാണ് സോഷ്യൽ മീഡിയ ഇതിനെ കാണുന്നത്. രാത്രികാലങ്ങളിൽ വീടുകളുടെ അടുക്കളയിൽ കയറി അല്ലറ ചിലറ ഒച്ചപ്പാടും, തട്ടിമറിക്കലുമൊക്കെ നടത്തുന്ന കൂട്ടരാണ് പൂച്ചകൾ, വീട്ടിൽ വളർത്തുന്ന പൂച്ചകളാകാം അല്ലെങ്കിൽ വിശന്ന് കയറിയ കള്ളിപ്പൂച്ചയുമാകാം. വീട്ടുകാരാകട്ടെ ചിലപ്പൊഴോക്കെ കണ്ണടയ്ക്കും, ചിലപ്പോ ചെന്ന് ഓടിച്ചു വിടും. ഇതാണ് സാധാരണ പതിവ്. അങ്ങനെ പതിവ് പ്രതീക്ഷിച്ച് പോയി നോക്കിയ വീട്ടുകാർ നടുങ്ങിയ സംഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.

ഗുജറാത്തിലെ അമ്റേലിയിൽ ഹമീർഭായ് ലഖനോത്ര എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. പാതിരാത്രി സമയത്ത് അടുക്കളയിൽ നിന്ന് ചെറിയ മുരൾച്ചയും ശബ്ദങ്ങളുമെല്ലാം കേട്ടപ്പോൾ വീട്ടുകാർ സംശയിച്ചത് പൂച്ചയെയാണ്. ഒന്നു പേടിപ്പിച്ച് ഓടിക്കാമെന്ന് കരുതി ടോർച്ച് അടിച്ച് നോക്കിയപ്പോൾ പണി പാളി. പൂച്ചയല്ല പുലിയുമല്ല സക്ഷാൽ സിംഹമായിരുന്നു ആ അതിഥി.

12 മുതൽ 13 അടി വരെ ഉയരം വരുന്ന അടുക്കളഭിത്തിക്ക് മുകളിലായാണ് സിംഹം കയറിയിരുന്നത്. അടുത്തുള്ള വനത്തിൽ നിന്നായിരിക്കാം സിംഹം വീട്ടിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ വീട്ടിൽ നിന്നിറങ്ങി അധികൃതരെ വിവരം അറിയിച്ചു.

ഭിത്തി വഴി അടുക്കളിലേക്ക് കയറാൻ പരിശ്രമിക്കുന്ന സിംഹത്തിൻ്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് ആശങ്ക അറിയിച്ചും, തമാശകൾ പറഞ്ഞുമെല്ലാം പ്രതികരിച്ചിരിക്കുന്നത്. അമ്റേലി ജനവാസമേഖലയിൽ ആദ്യമായല്ല സിംഹത്തെ കാണുന്നതെന്നും പ്രതികരണമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com