ആനന്ദലബ്ധിക്കിനിയെന്ത് വേണം? മെസിപ്പട കേരളത്തിലെത്തും, 2025ൽ കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും

ഒന്നര മാസത്തിനുള്ളിൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ വരുമെന്നും തുടർന്ന് സംയുക്ത പ്രഖ്യാപനം നടത്തുമെന്നും കായികമന്ത്രി അറിയിച്ചു
ആനന്ദലബ്ധിക്കിനിയെന്ത് വേണം? മെസിപ്പട കേരളത്തിലെത്തും, 2025ൽ കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും
Published on


നിലവിലെ ലോക ചാംപ്യൻമാരായ അർജൻ്റീന ദേശീയ ഫുട്ബോൾ ടീം 2025ൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്തുമെന്നും ലയണൽ മെസ്സിയും കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കായികമന്ത്രി വി. അബ്ദുറഹിമാൻ. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചൻ്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തിയെന്നും ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ മേൽനോട്ടത്തിൽ ആയിരിക്കും മത്സരം സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന ആരാധകവൃന്ദങ്ങൾക്കെല്ലാം ആവേശമേകുന്ന പ്രഖ്യാപനമായി ഇത് മാറുകയാണ്. ലോക ചാംപ്യന്മാരെ കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് നേരത്തെ തന്നെ ഇടതു സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. നേരത്തെ ഇന്ത്യയിൽ ഫുട്ബോൾ കളിക്കാൻ താൽപ്പര്യമുണ്ടെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചിരുന്നെങ്കിലും ഭാരിച്ച സംഘാടന ചെലവ് കാരണം വിദേശകാര്യ മന്ത്രാലയം പിന്മാറുകയായിരുന്നു. തുടർന്നാണ് അർജൻ്റീനൻ ദേശീയ ടീമിന് താൽപ്പര്യമുണ്ടെങ്കിൽ കേരളത്തിൽ കൊണ്ടുവന്ന് കളിപ്പിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ചത്. പിന്നാലെ മന്ത്രി അർജൻ്റീനൻ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ ഫലം കാണുകയായിരുന്നു.

അർജൻ്റീന ദേശീയ ഫുട്ബോൾ അസോസിയേഷൻ ആണ് മത്സര വേദിയും തീയതിയും ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത്. 50,000 കാണികളെ ഉൾക്കൊള്ളാനാകുന്ന സ്ഥലത്തുവേണം മത്സരം നടത്താനെന്നും അതിനാലാണ് കൊച്ചിക്ക് മുൻഗണന ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. നേരത്തെ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തത് കാരണം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. കൂടുതൽ ആളുകളെ ഉൾക്കൊള്ളേണ്ടതുണ്ട് എന്നതിനാൽ കൊച്ചിക്കായിരിക്കും മുൻഗണനയെന്നും മന്ത്രി പറഞ്ഞു.

ഒന്നര മാസത്തിനുള്ളിൽ അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ വരുമെന്നും തുടർന്ന് സംയുക്ത പ്രഖ്യാപനം നടത്തുമെന്നും കായികമന്ത്രി അറിയിച്ചു. അർജൻ്റീന ദേശീയ ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കേരളത്തിൽ കളിക്കുമെന്നും മുഴുവൻ സഹായവും വ്യാപാരി സമൂഹം നൽകാമെന്ന് അറിയിച്ചതായും മന്ത്രി അറിയിച്ചു. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ി

"കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷൻ്റെ അനുമതി ലഭിച്ചു. അർജൻ്റീനയുടെ നായകനും സൂപ്പർ താരവുമായ ലയണൽ മെസി ഉൾപ്പടെയുള്ള താരങ്ങൾ കേരളത്തിൽ കളിക്കാനെത്തും. അങ്ങനെയാണ് ചർച്ച നടന്നത്. കോഴിക്കോട് ആളുകളെ ഉൾക്കൊള്ളാൻ പരിമിതിയുണ്ട്. മഞ്ചേരിയിൽ 20,000 ആളുകളിൽ കൂടുതൽ ഉൾക്കൊള്ളാൻ കഴിയാത്ത പരിമിതിയുണ്ട്. രണ്ട് മത്സരങ്ങൾ അർജൻ്റീന കേരളത്തിൽ കളിക്കും. ആരുമായിട്ടിരിക്കും മത്സരം എന്നത് പിന്നീട് തീരുമാനിക്കും. കേന്ദ്ര കായിക വകുപ്പുമായി ഇക്കാര്യം ചർച്ച നടത്തും," മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com