
അമേരിക്കയ്ക്കും ലോകത്തിനും നൽകിയ സംഭാവനകളുടെ പേരിലുള്ള യുഎസിൻ്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചു. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ, ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സി, നിക്ഷേപകനും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളുടെ സ്ഥാപകനുമായ ജോർജ്ജ് സോറോസ്, നടൻ ഡെൻസൽ വാഷിംഗ്ടൺ എന്നിവരുൾപ്പെടെ 19 പേരാണ് ബഹുമതിക്ക് അർഹരായത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പുരസ്കാരം വിതരണം ചെയ്തു. അവാർഡ് ദാന ചടങ്ങിൽ മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും, അദ്ദേഹത്തിൻ്റെ കാബിനറ്റ് അംഗങ്ങളും നിരവധി സെലിബ്രിറ്റികളും എത്തിയിരുന്നു.
സ്പാനിഷ്-അമേരിക്കൻ ഷെഫ് ജോസ് ആൻഡ്രസ്, ഐറിഷ് ഗായകനും ഗാനരചയിതാവും ആക്ടിവിസ്റ്റുമായ ബോണോ, കനേഡിയൻ-അമേരിക്കൻ ആക്ടിവിസ്റ്റും മുൻ നടനുമായ മൈക്കൽ ജെ. ഫോക്‌സ്, സംരംഭകനും മനുഷ്യസ്‌നേഹിയും എൽജിബിടിക്യു പ്രവർത്തകനുമായ ടിം ഗിൽ, ഇതിഹാസ റിട്ടയേർഡ് ബാസ്‌ക്കറ്റ് ബോൾ താരം ഇർവിൻ മാജിക് ജോൺസൺ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.
യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ അഭിവൃദ്ധി, സുരക്ഷ, ലോക സമാധാനം, സാമൂഹികരംഗത്ത് നൽകിയ സംഭാവന തുടങ്ങിയവയ്ക്കാണ് പുരസ്കാരം നൽകുന്നത്. ഷെഡ്യൂളിങ്ങിലുണ്ടായ ബുദ്ധിമുട്ട് കാരണം അർജൻ്റീനിയൻ ഫുട്ബോൾ താരം മെസ്സിക്ക് അമേരിക്കൻ പ്രസിഡൻ്റിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ വൈറ്റ് ഹൗസിൽ എത്താനായില്ല.
"പ്രസിഡൻ്റ് എന്ന നിലയിൽ അവസാനമായി, നമ്മുടെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് നൽകാനുള്ള അവസരം തനിക്ക് ലഭിച്ചു," ജോ ബൈഡൻ പറഞ്ഞു. രാജ്യത്തിനും ലോകത്തിനും വേണ്ടി സംഭാവനകൾ നൽകുന്നവർ നമുക്ക് ചുറ്റിലും ഉണ്ട്. അവരെ കണ്ടെത്തുകയും അവർക്കായുള്ള പുരസ്കാരം നൽകാൻ യുഎസിന് കഴിയുന്നൂവെന്നത് വലിയ നേട്ടമാണെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
"മനുഷ്യസ്നേഹികളേ, റോക്ക് സ്റ്റാറുകളേ, കായിക താരങ്ങളേ..., നിങ്ങൾ വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നു, വേദനിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നു, നിങ്ങളുടെ ചലനങ്ങളും ഓർമകളും അടയാളങ്ങളും ശബ്ദങ്ങളും നിങ്ങളെ ആളുകളിൽ രേഖപ്പെടുത്തുന്നു. ഇത് അതിശയകരമായ ഒന്നാണ്. നിങ്ങൾ ഇത് തുടരുക, നിങ്ങളുടെ വാക്കും പ്രവൃത്തിയും നിരവധി ജീവിതങ്ങൾക്ക് രോഗശാന്തിയും സന്തോഷവും നൽകുന്നു", ജോ ബൈഡൻ പറഞ്ഞു.
പുരസ്കാരത്തിന് അർഹയായ ഹിലാരി ക്ലിൻ്റണേയും വേദിയിൽ വച്ച് നിരവധിയാളുകൾ പ്രശംസിച്ചു. രാജ്യത്തെ പ്രഥമ വനിത എന്ന നിലയിൽ ഹിലാരി ക്ലിൻ്റൺ സാർവത്രിക ആരോഗ്യ സംരക്ഷണത്തിനായി പോരാടുകയും സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അവർ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചുവെന്നും പ്രകീർത്തിച്ചു. സെനറ്റർ എന്ന നിലയിൽ, 2001 സെപ്തംബർ 11 ന് ശേഷം ന്യൂയോർക്കിനെ പുനർനിർമിക്കാൻ സഹായിച്ചുവെന്നും അവാർഡ് വിതരണം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
നിക്ഷേപകനും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളുടെ സ്ഥാപകനുമായ ജോർജ് സോറോസിന് വേണ്ടി മകൻ അലക്‌സ് സോറോസ് അവാർഡ് സ്വീകരിച്ചു. ലോകമെമ്പാടുമുള്ളവർക്ക് സ്വാതന്ത്ര്യത്തോടെ ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. എന്നാൽ സോറോസിന് പുരസ്കാരം നൽകിയതിൽ നിരവധി പേർ വിമർശനവുമുന്നയിച്ചു. എന്ത് പരിഹാസ്യമായ നടപടിയാണിതെന്നായിരുന്നു ടെസ്‌ല ഉടമ ഇലോൺ മസ്‌കിൻ്റെ പ്രതികരണം.