
മദ്യ വില വര്‍ധിപ്പിച്ചത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുതാര്യതയില്ലാത്ത തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കമ്പനികള്‍ക്ക് കൊള്ള ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് 341 ബ്രാന്‍ഡുകളുടെ വില കൂട്ടിയത്. വില വര്‍ധിപ്പിച്ച മദ്യത്തിൻ്റെ പട്ടികയില്‍ ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാന്‍ഡുകൾ ഉൾപ്പെടുത്തിയത് സംശയകരമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
എലപ്പുള്ളി മദ്യക്കമ്പനി വിവാദത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒയാസിസ് കമ്പനിയെ സഹായിക്കാനുള്ള ബാധ്യത ആർക്കാണ്? എക്സൈസ് മന്ത്രി ഒയാസിസുമായി ചർച്ച നടത്തിയാണോ മദ്യനയം മാറ്റിയതെന്ന് വ്യക്തമാക്കണം. പൊതുമേഖലയിലുള്ള മലബാർ ഡിസ്റ്റലറിക്ക് ഒരു ലക്ഷം ലിറ്റർ വെള്ളം കൊടുക്കുന്നില്ല. അപ്പോഴാണ് സ്വകാര്യ കമ്പനിക്ക് വേണ്ടി വെള്ളം നൽകുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
അതേസമയം, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് ജി. സുധാകരൻ ആവശ്യപ്പെട്ടു. അധ്യാപക നിയമനത്തിന് മാനേജ്മെന്റുകൾ ഒരു കോടി രൂപ വരെ കൈക്കൂലി വാങ്ങുന്നുണ്ട്. സർക്കാരാണ് അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത്. എന്നിട്ടും അധ്യാപകരുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങുകയാണെന്നും ജി. സുധാകരൻ ആരോപിച്ചു.