
ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് കടൽ നൂറുമീറ്ററോളം ഉൾവലിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നാകാം കടൽ ഉൾവലിഞ്ഞെതെന്നാണ് കരുതുന്നത്. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം എല്ലാ തീരദേശ ജില്ലകളിലും റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും നൽകിയ മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.