
മെട്രോ റെയിലിന്‍റെ രണ്ടാംഘട്ട ജോലികള്‍ ആരംഭിച്ചപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ലെന്ന ഉമ തോമസ് എംഎൽഎയുടെ ആരോപണത്തിനു മറുപടിയുമായി മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്റ. പ്രശ്നം പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നുവെന്നും ഇടവഴിയുടെ കാര്യം ഡിപിആറിൽ ഉണ്ടായിരുന്നില്ലെന്നും ബെഹ്റ പറഞ്ഞു. ഫണ്ട് കിട്ടുന്നത് അനുസരിച്ച് പ്രശ്ന പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും ബെഹ്റ വ്യക്തമാക്കി.
പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങള്‍ കാരണം സമീപ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുവെന്നും വൈദ്യുതി തടസം നേരിടുന്നുവെന്നുമായിരുന്നു എംഎല്‍എയുടെ ആരോപണം. ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പ് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഉമാ തോമസ് എംഎല്‍എ പറഞ്ഞു.
Also Read: പി.വി. അൻവർ പങ്കെടുത്ത പരിപാടിക്കിടെ സംഘർഷം, മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു; രണ്ടുപേർക്ക് പരുക്ക്
പ്രദേശത്തെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാന്‍ ഹൈബി ഈഡന്‍ എംപി, തൃക്കാക്കര എംഎൽഎ ഉമാ തോമസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികൾ എന്നിവർ യോഗം ചേർന്നിരുന്നു. യോഗ തീരുമാനങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് കൊച്ചി മെട്രോ എംഡിക്ക് കത്ത് നല്‍കിയിട്ടും നടപടികൾ ഉണ്ടായില്ലെന്നാണ് ഉമ തോമസിന്‍റെ പരാതി. മെട്രോയുടെ ഒന്നാം ഘട്ട ജോലികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി 258 കോടിയോളം രൂപ മുടക്കി 22 റോഡുകളും നാല് പാലങ്ങളും ഉൾപ്പെടെ നിർമിച്ചത് മുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കിയെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
Also Read: കെഎസ്ആർടിസി ബസുകളുടെ സർവീസ് കാലാവധി നീട്ടി; 15 വർഷം പൂർത്തിയാക്കുന്ന വാഹനങ്ങളും ഇനി നിരത്തില്‍
അതേസമയം, മെട്രോയുടെ രണ്ടാം ഘട്ട ജോലികള്‍ ആരംഭിക്കുന്നതിനു മുന്‍പ് മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നത് സംസ്ഥാന സർക്കാരിൻ്റെ ഗുരുതരമായ വീഴ്ചയാണെന്ന് ഹൈബി ഈഡൻ എംപി ആരോപിച്ചു. നഗരത്തിൽ 290 കോടിയുടെ പ്രിപ്പറേറ്ററി വർക്ക് നടന്നിരുന്നു. മെട്രോ രണ്ടാംഘട്ട നിർമാണം പൂർത്തിയാകേണ്ട സമയം കഴിഞ്ഞു. ആളുകൾ കടുത്ത ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതായും എംപി ആരോപിച്ചു. അടിയന്തരമായി 25 കോടിയെങ്കിലും ഈ റോഡിനായി വേണമെന്നും അതിനായി സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് രണ്ടാം ഘട്ട ജോലികള്‍ നടക്കുന്നതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേർത്തു.