
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹർജിയിൽ നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത്തിന് നോട്ടീസ് അയച്ച് ഹിമാചൽപ്രദേശ് ഹൈക്കോടതി. നാമനിർദ്ദേശ പത്രിക തെറ്റായി നിരസിച്ചെന്നാരോപിച്ച് കിന്നൗർ സ്വദേശി ലായക് റാം നേഗി സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ജ്യോത്‌സ്‌ന റേവാളിൻ്റെ കീഴിലുള്ള ബെഞ്ച് കങ്കണയോട് ഓഗസ്റ്റ് 21നകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തെറ്റായി നിരസിച്ചതാണെന്നാണ് ഹർജിക്കാരനായ ലായക് റാം നേഗിയുടെ വാദം. ഇതു കണക്കിലെടുത്ത് കങ്കണയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് നേഗി കോടതിയിൽ അപേക്ഷിച്ചു.
കാലാവധിക്ക് മുൻപായി റിട്ടയർ ചെയ്ത വനംവകുപ്പ് ജീവനക്കാരനായ നേഗി, റിട്ടേണിംഗ് ഓഫീസർക്ക് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം കുടിശ്ശിക ഇല്ലെന്ന സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. പിന്നാലെ വൈദ്യുതി, ജലം, ടെലിഫോൺ വകുപ്പുകളിൽ നിന്ന് 'നോ ഡ്യൂ സർട്ടിഫിക്കറ്റ്' ഹാജരാക്കണമെന്ന് ഓഫീസർ ആവശ്യപ്പെട്ടു. ഇതിന് നേഗിക്ക് ഒരു ദിവസം സമയമാണ് അനുവദിച്ചിരുന്നത്. എന്നാൽ അവ സ്വീകരിക്കാൻ കൂട്ടാകാതെ റിട്ടേണിംഗ് ഓഫീസർ നാമനിർദ്ദേശ പത്രിക തള്ളുകയായിരുന്നെന്നാണ് ഹർജിക്കാരൻ്റെ ആരോപണം. നാമനിർദേശ പത്രികകൾ സ്വീകരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നുവെന്നും ഈ സാഹചര്യത്തിൽ കങ്കണയുടെ ജയം അസാധുവാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
മാണ്ഡി ലോക്‌സഭാ സീറ്റിൽ എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കങ്കണ വിജയിച്ചത്. സിംഗിൻ്റെ 4,62,267 വോട്ടിനെതിരെ 5,37,002 വോട്ടുകൾ നേടിയായിരുന്നു കങ്കണയുടെ വിജയം.