
പൊതുതെരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ പുറത്ത് വന്നതോടെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്ന് തെളിഞ്ഞതായി നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ.
ഓരോ തെരഞ്ഞെടുപ്പിന് ശേഷവും പൊതു ജനങ്ങൾ ഒരു മാറ്റം കാണുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാര്‍ ആളുകളെ വിചാരണ കൂടാതെ ജയിലിലടയ്ക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. പണക്കാരനും ദരിദ്രനും തമ്മിലുള്ള അന്തരവും വർധിച്ചു. ഇങ്ങനെ തുടരുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു മതേതര ഭരണഘടനയുള്ള രാജ്യമായതിനാൽ രാഷ്ട്രീയമായി തുറന്ന മനസ്സുള്ളവരായിരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം നിർദേശിച്ചു.
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു. പുതിയ കേന്ദ്ര മന്ത്രിസഭ നേരത്തെയുള്ള മന്ത്രിസഭയുടെ പകർപ്പാണെന്നും സമാനമായ വകുപ്പുകൾ തന്നെയാണ് അവർ വഹിക്കുന്നതെന്നും അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു.
അയോധ്യയിൽ രാമക്ഷേത്രം പണിതിട്ടും ഫൈസാബാദ് ബിജെപിയെ കൈവിട്ടതാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി ചിത്രീകരിക്കുന്നതിനുള്ള ശ്രമമായിരുന്നു രാമക്ഷേത്രത്തിൻ്റെ നിർമാണം. ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിച്ചു വരികയാണ്. പ്രാഥമിക ആരോഗ്യസംരക്ഷണം പോലുള്ള മേഖലകൾ അവഗണിക്കപ്പെടുകയാണെന്നും സെൻ പറഞ്ഞു.