
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. പകുതിയലധികം ഫീസിളവാണ് പുതിയ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്. ഫീസ് വർധന ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന സിപിഐഎം വിലയിരുത്തലിന് പിന്നാലെയാണ് ഫീസുകളിൽ ഇളവ് വരുത്തുന്നത്.
2023 ഏപ്രിൽ 1നായിരുന്നു സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് ഒറ്റയടിക്ക് കുത്തനെ വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുന്നത്. പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍ നിന്ന് 7500 രൂപയും വലിയ കെട്ടിടങ്ങള്‍ക്ക് 1750 രൂപയായിരുന്നത് 25000 രൂപയും ആക്കിയിരുന്നു. ഇത്തരത്തിൽ വലിയ രീതിയിലുള്ള നിരക്ക് വർധന സാധാരണ ജനങ്ങളില്‍ വലിയ അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നായിരുന്നു സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തല്‍.
അതേസമയം വിഷയം സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്തിരുന്നെന്നും എന്നാൽ ലോക്സഭ തോൽവി ഇതിന്റെ ഭാഗം ആണെന്ന് വിശ്വസിക്കുന്നില്ലെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കെട്ടിടങ്ങളെ താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായി തിരിച്ചു പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം പുതുക്കിയ നിരക്ക് അടച്ചവർക്ക് പണം മടക്കി നൽകാൻ ആകുമോ എന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.