
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ദീർഘ അവധി എടുക്കുന്നതിനെതിരെ വിമർശനവുമായി മന്ത്രി എം.ബി രാജേഷ്. ഉത്തരവാദിത്തരഹിതമായി അവധി എടുക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുന്നതും ദീർഘ ലീവ് എടുക്കുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും. ആശുപത്രി അവശ്യത്തിനല്ലാതെ മറ്റൊന്നിനും ദീർഘ അവധി അനുവദിക്കരുത് എന്നും മറ്റെല്ലാ ദീർഘ അവധികളും റദ്ദാക്കുവാനും മന്ത്രി നിർദേശം നൽകി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയരക്ടർ അതിനാവശ്യമായ മാനദണ്ഡം തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
17 LSGD അദാലത്തുകൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടന്നതായും മന്ത്രി അറിയിച്ചു. അദാലത്ത് ദിവസങ്ങളിൽ അനേകം പേർ പരാതിയുമായി എത്തി.രണ്ടാഴ്ചയ്ക്കുള്ളിൽ പരാതികൾ പരിഹരിക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു. ആ പ്രക്രിയ അവസന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 17,799 പരാതികൾ ആണ് 17 അദാലത്തുകളിൽ ലഭിച്ചത്. അതിൽ 16,767 പരാതികളും തീർപ്പാക്കി. 92 ശതമാനം പരാതികളും അനുകൂലമായാണ് തീർപ്പാക്കിയത്. 1032 പരാതികൾ മാത്രമാണ് ഇനി തീർപ്പാക്കാൻ ഉള്ളത്. ഒക്ടോബർ 15നകം എല്ലാ പരാതികളും തീർപ്പാക്കി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത് വിലയിരുത്താൻ മന്ത്രിതല അവലോകനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.