

2025ല്‍ ഇന്ത്യ നിരവധി സുപ്രധാന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പഹല്‍ഗാം തീവ്രവാദ ആക്രമണവും എയര്‍ ഇന്ത്യ വിമാന ദുരന്തവും കരൂര്‍ ആള്‍ക്കൂട്ട ദുരന്തവും തുടങ്ങി നിരവധി സുപ്രധാന സംഭവങ്ങളാണ് ഇക്കുറി രാജ്യത്ത് നടന്നത്.
ജനുവരിയില്‍ തന്നെ ഞെട്ടിച്ചുകൊണ്ട് പ്രശ്നമായത് മഹാ കുംഭമേളയ്ക്കിടെ നടന്ന ആള്‍ക്കൂട്ട ദുരന്തമാണ്. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ജനുവരി- തിരുപ്പതി ക്ഷേത്ര ദുരന്തം
വൈകുണ്ഠ ഏകാദശി ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി ഭക്തരായിരുന്നു തിരുമല തിരുപ്പതിയിലെത്തിയത്. ഇവിടെ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളില്‍ കൂപ്പണ്‍ വിതരണത്തിനായി തലേ ദിവസം മുതല്‍ ക്ഷേത്രത്തിന് മുന്നില്‍ ആള്‍ക്കൂട്ടം തിങ്ങി നില്‍ക്കുകയായിരുന്നു. ഇതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു സ്ത്രീക്ക് ശ്വാസം മുട്ടല്‍ നേരിടുകയും ഇവരെ പുറത്തേക്ക് കൊണ്ടു പോകാന്‍ ക്യൂവിന്റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറക്കുകയുമായിരുന്നു. എന്നാല്‍ ഈ സമയം ആളുകള്‍ ഇവിടേക്ക് ഇടിച്ചു കയറി. പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് പേരുടെ ജീവന്‍ പൊലിഞ്ഞത്. ജനുവരി എട്ടിന് നടന്ന അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജനുവരി-മഹാകുംഭമേള
ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മഹാ കുംഭമേള നടന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആസൂത്രണത്തിലെ പോരായ്മയും ജനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്തതുമാണ് വലിയ രീതിയില്‍ ദുരന്തത്തിലേക്ക് നയിച്ചത്. 30ഓളം പേരാണ് ജനുവരി 29ലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചതെന്നാണ് കണക്ക്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും വരുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏപ്രില്‍- പഹല്‍ഗാം ഭീകരാക്രമണം
ഏപ്രില്‍ 22നാണ് പഹല്‍ഗാം ഭീകരാക്രമണം നടക്കുന്നത്. ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികളായ നിരപരാധികള്‍ക്ക് നേരെയാണ് ഭീകരാക്രമണം നടന്നത്. ബൈസാരന്‍ വാലിയില്‍ വെച്ച് ഒരു കശ്മീര്‍ സ്വദേശി അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.
വിനോദ സഞ്ചാരികള്‍ക്ക് നേരെ നിറയൊഴിക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്നതിനിടെയാണ് കശ്മീര്‍ സ്വദേശിയും കുതിരസവാരിക്കാരനുമായ സയ്യീദ് ആദില്‍ ഹുസൈന്‍ കൊല്ലപ്പെട്ടത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ടിആര്‍എഫ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. ആദ്യം ടിആര്‍എഫ് തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നെങ്കിലും പിന്നീട് അവരല്ലെന്ന് പിന്നിലെന്ന് പറയുകയും ചെയ്തു. ഇതിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ഇന്ത്യ മറുപടി നല്‍കുകയും ചെയ്തു.
മെയ്-ഓപ്പറേഷന്‍ സിന്ദൂര്‍
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ കടുപ്പിച്ചിരുന്നു. പിന്നാലെ മെയ് ഏഴിനാണ് ഇന്ത്യ പാകിസ്ഥാനില്‍ രഹസ്യമായി മിസൈല്‍ ആക്രമണം നടത്തുന്നത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്‍ ആക്രമണം ശക്തമാക്കി. എന്നാല്‍ തുടര്‍ച്ചയായുള്ള തിരിച്ചടിയിലൂടെ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. മെയ് പത്തിന് സംയുക്ത ചര്‍ച്ചയിലൂടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു.
ജൂണ്‍- എയര്‍ ഇന്ത്യ വിമാന അപകടം
രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച വിമാന അപകടമായിരുന്നു ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന വാര്‍ത്ത. 241 യാത്രക്കാരും വിമാനത്തിലെ 19 ക്രൂ അംഗങ്ങളും വെന്തുമരിച്ചു. ഒരേയൊരു യാത്രക്കാരന്‍ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ജൂണ്‍ 12നായിരുന്നു സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടണിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം 171 പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണത്.
എഞ്ചിന്‍ തകരാര്‍ ആണ് വിമാന ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇന്ധന സ്വിച്ച് ഓഫ് ആയി പോയതും അപകടത്തിന് ആക്കം കൂട്ടി. ഇന്ധന സ്വിച്ച് പൈലറ്റ് ഓഫ് ചെയ്തതാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായതിന് പിന്നാലെ അട്ടിമറി സാധ്യതകള്‍ വരെ ഊഹാപോഹങ്ങളില്‍ പെട്ടു. എന്നാല്‍ ഇതിനെതിരെ പൈലറ്റ് സുമീത് സഭര്‍വാളിന്റെ പിതാവ് നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായി അത്തരം അട്ടിമറി ഊഹാപോഹങ്ങള്‍ നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജൂണ്‍ - ബെംഗളൂരു ആള്‍ക്കൂട്ട ദുരന്തം
ബെംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് ഐപിഎല്‍ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയം ആഘോഷിക്കാന്‍ ഒത്തുകൂടിയത് നിരവധി പേരാണ്. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ആഘോഷം ദുരന്തമായി മാറി. ആറ് വയസുള്ള കുട്ടിയടക്കം 33 പേരാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ മരിച്ചത്. സ്റ്റേഡിയത്തിന്റെ പുറത്ത് ആഘോഷത്തില്‍ പങ്കുചേരാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണും ശ്വാസം കിട്ടാതെയുമാണ് പലരും മരിച്ചു വീണത്.
സെപ്തംബര്‍- കരൂര്‍ ദുരന്തം
സെപ്തംബര്‍ 27ന് തമിഴ്‌നാട്ടിലെ കരൂരില്‍ നടനും തമിഴക വെട്രി കഴകം തലവനുമായി വിജയ് യുടെ റാലിയില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞ് വീഴുകയും മരിക്കുകയും ചെയ്തു. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതും ആസൂത്രണത്തിലെ പാളിച്ചകളുമാണ് അപകടത്തിന് കാരണമായത്. 41 പേര്‍ക്കാണ് ആള്‍ക്കൂട്ട ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്ന ഉടനെ വിജയ് സ്ഥലത്ത് നിന്ന് പോയതും വിവാദത്തിന് കാരണമായിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നവംബര്‍- ചെങ്കോട്ട സ്‌ഫോടനം
ജമ്മു കശ്മീര്‍, ഫരീദാബാദ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ വലിയ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് അടുത്ത ദിവസമായിരുന്നു തലസ്ഥാനത്തെ നടക്കിയ സ്‌ഫോടനമുണ്ടായത്. നവംബര്‍ പത്തിന് ചെങ്കോട്ടയ്ക്കും ലാല്‍ ക്വില മെട്രോ സ്‌റ്റേഷനും സമീപത്ത് വെച്ച് സിഗ്നലില്‍ കിടന്നിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ കാറില്‍ കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമികമായി വന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
13 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതും തുടര്‍ന്നുണ്ടായ സ്‌ഫോടനവുമായും ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാര്‍ അടക്കം ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ഭീകരവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് പിടിയിലായവര്‍ അധികവും. ഇവര്‍ പലയിടങ്ങളിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഡിസംബര്‍- ഇന്‍ഡിഗോ വിമാന പ്രതിസന്ധി
ഡിസംബര്‍ രണ്ടിനാണ് ഇന്‍ഡിഗോ വിമാന പ്രതിസന്ധി രാജ്യമൊട്ടുക്ക് നേരിടുന്നത്. പുതിയ ക്രൂ ഡ്യൂട്ടി ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമായത്. കേരളത്തിലടക്കം രാജ്യമൊട്ടാകെ വിമാനയാത്രക്കാര്‍ പ്രതിസന്ധി നേരിട്ടു. ഇത് മുതലെടുത്ത് നിരവധി വിമാനക്കമ്പനികള്‍ ടിക്കറ്റ് വില കുത്തനെ ഉയര്‍ത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. സര്‍വീസ് മെച്ചപ്പെടാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും ഫെബ്രുവരിയോടെയേ പൂര്‍ണമായും പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്നുമാണ് ഇന്‍ഡിഗോ അറിയിച്ചത്.
ഡിസംബര്‍- കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്
കര്‍ണാടകയിലെ യെലഹങ്കയില്‍ 150 വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ത്തത്. ഡിസംബര്‍ 20ന് പുലര്‍ച്ചെ ഫക്കീര്‍ കോളനിയിലെ 200 ഓളം വീടുകളാണ് നാല് ബുള്‍ജോസറുകള്‍ എത്തി 150 ഓളം പൊലീസുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്. സംഭവം വിവാദമായതോടെ കുടിയിറക്കപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പിക്കാനായി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മതിയായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും രേഖകള്‍ നല്‍കുക.