24 'വെട്ട്' കിട്ടിയ 'എമ്പുരാൻ', പേരിന് ഇൻഷ്യലിട്ട് 'ജാനകി'; 2025ൽ സെൻസ‍ർ കത്തിക്ക് ഇരയായ മലയാള സിനിമകൾ

മലയാള സിനിമ സെൻസർ ബോർഡിന്റെ കത്രികപ്പൂട്ടിൽ കുടുങ്ങിയ വർഷമാണ് കടന്നുപോകുന്നത്
സെൻസർ ബോർഡും മലയാള സിനിമയും
സെൻസർ ബോർഡും മലയാള സിനിമയുംSource: News Malayalam 24x7
Published on
Updated on

സെൻസർഷിപ്പ് എന്നത് സർക്കാർ ചെലവിൽ നൽകുന്ന പരസ്യമാണ് - ഫെഡറിക്കോ ഫെല്ലിനി

മലയാള സിനിമകൾ സെൻസർ ബോർഡിന്റെ കത്തിയാൽ പരിക്കേറ്റ ഒന്നിലധികം സംഭവങ്ങൾ അരങ്ങേറിയ വർഷമാണ് 2025. മോഹൻലാൽ ചിത്രം എമ്പുരാൻ, സുരേഷ് ഗോപിയുടെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള, പ്രൈവറ്റ്, അവിഹിതം, ഹാൽ എന്നീ ചിത്രങ്ങൾക്ക് സെൻസർ ബോർഡ് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കത്രികപ്പൂട്ടിട്ടു. സംഘപരിവാർ സ്വാധീനം ഈ കട്ടുകളിൽ പ്രകടമായിരുന്നു. ബീഫും ഗുജറാത്ത് കലാപവും പുരാണകഥാപാത്രങ്ങളുടെ പേരും സിനിമകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പലപ്പോഴും സെൻസർ ബോർഡ് കടുംപിടുത്തം പിടിച്ചു. കോടതി കയറിയ സിനിമകളുടെ റിലീസ് വൈകി. ജഡ്ജിമാർ കണ്ട് തൃപ്തരായ ശേഷമാണ് സിനിമകളിൽ പലതും വെളിച്ചം കണ്ടത്. 'ആവിഷ്കാര സ്വാതന്ത്ര്യം' എന്ന് കോടതി പറഞ്ഞാലും "ഞാനൊന്നും കേട്ടില്ലേ രാമനാരായണ" ( സെൻസർ ചെയ്യപ്പെട്ടേക്കാം) എന്നാണ് സെൻസർ ബോർഡിന്റെ നിലപാട്. അതായത് 'സീത' എന്ന് പേരിടും മുൻപ് വക്കാലത്ത് ഏറ്റെടുക്കാൻ നല്ലൊരു വക്കീലിനെ കണ്ടെത്തേണ്ട അവസ്ഥ.

24 കട്ട് ഏറ്റുവാങ്ങിയ 'എമ്പുരാൻ'

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസിന് എത്തിയത്. റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം വാർത്തകളിൽ നിറഞ്ഞത് സംഘപരിവാർ സൈബർ ​ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ കാരണമാണ്. ആക്രമണം കടുത്തപ്പോൾ സിനിമയുടെ കളക്ഷൻ കുതിച്ചുയർന്നു എന്ന വൈരുദ്ധ്യം എടുത്തുപറയണം. മുഖ്യമന്ത്രി പിണറായി വിജയനെ വരെ തിയേറ്ററുകളിലെത്തിക്കാൻ വിവാദങ്ങൾക്കായി.

എമ്പുരാനിലെ, ഗുജറാത്ത് കലാപത്തെ സംബന്ധിച്ച റെഫറൻസുകളാണ് വിവാദങ്ങൾക്ക് കാരണമായത്. സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണങ്ങളാണ് അണിയറ പ്രവർത്തകർ നേരിട്ടത്. മോഹൻലാലിനേയും പൃഥ്വിരാജിനേയും പരിവാർ സംഘങ്ങൾ കടന്നാക്രമിച്ചു. റിലീസിന് പിന്നാലെ സിനിമയ്ക്ക് 24 കട്ടുകള്‍ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതോടെ വിവാദങ്ങള്‍ ശക്തമായി. വിവാദങ്ങള്‍ക്ക് ഇടയാക്കിയതിൽ മോഹൻലാൽ മാപ്പ് പറഞ്ഞപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂ‍ർ‌ സിനിമയിൽ 24 എഡിറ്റുകൾക്ക് വഴങ്ങി. രണ്ട് മിനുട്ടോളമാണ് സിനിമയില്‍ നിന്ന് നീക്കിയത്. എന്നിട്ടും സംവിധായകൻ പൃത്വിരാജിന് നേരെയുള്ള ആർഎസ്എസ് മുഖവാരികയായ ഓർഗനൈസറിന്റെ ആക്രമണം അവസാനിച്ചില്ല. പൃഥ്വിരാജിനെ ദേശവിരുദ്ധനായി ചിത്രീകരിക്കാനുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു ഓർഗനൈസർ.

മോഹൻലാലിനേയും പൃഥ്വിരാജിനേയും പരിവാർ സംഘങ്ങൾ കടന്നാക്രമിച്ചു. റിലീസിന് പിന്നാലെ സിനിമയ്ക്ക് 24 കട്ടുകള്‍ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതോടെ വിവാദങ്ങള്‍ ശക്തമായി.

എമ്പുരാനിൽ, ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നായിരുന്നു പ്രധാന ആരോപണം. അതിന് പല വിചിത്ര വാദങ്ങളും വിമർശകർ നിരത്തി. 'സെയ്ദ് മസൂദ്' എന്ന പൃത്വിരാജ് കഥാപാത്രത്തിന്റേ പേര് പല ഭീകരവാദികളുമായി ചേ‍ർത്തുവായിക്കാനുള്ള ശ്രമങ്ങൾ നടന്നു. അതുപോലെ മോഹൻലാലിനെ പൃത്വിരാജ് കുടുക്കിയതാണെന്നും നടൻ സ്ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നു. എന്താണ് എമ്പുരാനിൽ സംഘപരിവാറിനെ ചൊടിപ്പിച്ചത്?

2002 എന്ന് എഴുതി കാണിച്ചാണ് സിനിമയിലെ കലാപ ദൃശ്യങ്ങൾ അവതരിപ്പിച്ചിരുന്നത്. സിനിമ ആരംഭിക്കുമ്പോൾ ടൈറ്റിലുകള്‍‌ക്കൊപ്പം കാണിക്കുന്ന (​ഗോധ്ര) ട്രെയിൻ കത്തിയമരുന്ന ദൃശ്യങ്ങൾ കൂടി ചേർത്തു വായിക്കുമ്പോൾ ഇത് സൂചിപ്പിക്കുന്നത് ​ഗുജറാത്ത് കലാപത്തെയാണെന്ന് വ്യക്തം. ഇതാണ് പരിവാർ സംഘങ്ങളെ പ്രകോപിപ്പിച്ചത്. ചിത്രത്തിലെ മുഖ്യ പ്രതിനായകനായ 'ബാബ ബൽരാജ് ബജ്റം​ഗി' എന്ന കഥാപാത്രത്തിന്റെ പേരും ചർച്ചയായി. ഹനുമാന്റെ മറ്റൊരു പേരായ 'ബജ്റംഗ് ബലി' എന്ന പേര് വില്ലന് നൽകിയതിൽ പൃഥ്വിരാജ് മറുപടി നല്‍കണമെന്ന് ഓർ​ഗനൈസർ ആവശ്യപ്പെട്ടു. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും വിമർശനപരമായി അവർ ലേഖനങ്ങളിൽ ചൂണ്ടിക്കാട്ടി. സിനിമയിലെ പ്രതിനായകന് 'ബാബു ബജ്‌റംഗി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബാബുഭായ് പട്ടേലുമായും സാമ്യമുണ്ടെന്ന് വായനകൾ വന്നിരുന്നു. 36 സ്ത്രീകളും 26 പുരുഷന്മാരും 35 കുട്ടികളും ഉൾപ്പെടെ 97 മുസ്ലീങ്ങൾ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലയുടെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വ്യക്തിയാണ് ബാബു ബജ്‌റംഗി. ഇത് തീവ്ര വലതുപക്ഷത്തിന്റെ സൈബർ ആക്രമണങ്ങളുടെ മൂർച്ച കൂട്ടി.

എല്ലാത്തിനും ഒടുവിൽ, സെൻസർ ബോർഡ് കട്ട് വിളിച്ചു. ആ വിളി നിർമാതാവ് കേട്ടു. വില്ലന്റെ പേരും മറ്റു പലതും റീ എഡിറ്റഡ് വേർഷനിൽ മാറി. എന്നിരുന്നാലും, സംഘം എതി‍ർത്താൽ സംഘടന നോക്കാതെ ഒരുമിച്ച് തിയേറ്ററിൽ പോയി സിനിമ വിജയിപ്പിക്കുക എന്ന പതിവ് മലയാളി തെറ്റിച്ചില്ല. 265.5 കോടി രൂപ കളക്ട് ചെയ്താണ് എമ്പുരാൻ തിയേറ്റർ വിട്ടത്. മോഹൻലാലിന് മറ്റൊരു ഇൻഡസ്ട്രി ഹിറ്റ്. ഫെഡറിക്കോ ഫെല്ലിനിക്ക് സ്തുതി!

പേരിൽ 'ജാനകി' വേണ്ട?

കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ചിത്രത്തേയും സെൻസർ ബോർഡ് വെറുതെ വിട്ടില്ല. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത കോർട്ട് റൂം ലീഗൽ ത്രില്ലർ, ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് കുരുക്കായത് സിനിമയുടെ പേര് തന്നെയാണ്. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. 96 കട്ടുകളാണ് സിനിമയ്ക്ക് ബോ‍ർഡ് നിർദേശിച്ചത്.

സിനിമാറ്റോഗ്രാഫ് ആക്ടിലെ സെക്ഷൻ 5ബി (2) പ്രകാരം ആശങ്ക അറിയിച്ചാണ് സിനിമയ്ക്ക് സെൻസ‍ർ സ‍ർട്ടിഫിക്കറ്റ് നിഷേധിച്ചത്. സിനിമയിലെ നായികയുടെ പേര് ശ്രീരാമന്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരായ 'ജാനകി' എന്നാണെന്നും ഇത് ഹിന്ദു മതവിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നുമായിരുന്നു സിബിഎഫ്സിയുടെ കണ്ടെത്തൽ. സിനിമയിലെ കോടതി രംഗങ്ങളിൽ ക്രോസ് എക്സാമിനേഷൻ വരുന്ന ഭാഗങ്ങളിൽ ജാനകി എന്ന പേര് പറയുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ബോ‍ർഡ് ചൂണ്ടിക്കാട്ടി. അണിയറപ്രവ‍ർത്തക‍ർ സിനിമയുമായി ഹൈക്കോടതിയിലേക്ക് എത്തി. ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചായിരുന്നു നിർമാതാക്കളുടെ ഹർജി. കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങളുണ്ടായി.

സിനിമയിലെ നായികയുടെ പേര് ശ്രീരാമന്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരായ 'ജാനകി' എന്നാണെന്നും ഇത് ഹിന്ദു മതവിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നുമായിരുന്നു സിബിഎഫ്സിയുടെ കണ്ടെത്തൽ

ജാനകി എങ്ങനെ മതപരമായ വിഷയമാകും? എന്തിനാണ് പേര് മാറ്റുന്നത്? എന്നിങ്ങനെ പല ചോദ്യങ്ങൾ കോടതി ചോദിച്ചു. വിധി പറയും മുൻപ് ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായ ബെഞ്ച് സിനിമ കാണാൻ തീരുമാനിച്ചു. ജസ്റ്റിസ് നഗരേഷും കോടതി ജീവനക്കാരായ മൂന്ന് പേരും, അഡ്വ. ആനന്ദ് മേനോൻ, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് പ്രതിനിധികളായ അൽക്കാ വാര്യർ, എസ്.ബിജു എന്നിവരാണ് സിനിമ കണ്ടത്.

ഒടുവിൽ കേസ് തീർപ്പായി. സിനിമയുടെ പേര് മാറ്റാമെന്ന് അണിയറപ്രവ‍ർത്തക‍ർ സമ്മതിച്ചു. ജെഎസ്‌കെ- ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. എട്ട് മാറ്റങ്ങളോടെയാണ് സിനിമയ്ക്ക് പ്രദ‍ർശനാനുമതി ലഭിച്ചത്. ക്രോസ് എക്സാമിനേഷന് ഇടയിൽ 'ജാനകി' എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. ഈ ഭാ​ഗങ്ങളിൽ 'ജാനകി' എന്ന പേര് മ്യൂട്ട് ചെയ്തു. സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നുമാക്കി. ഇൻഷ്യൽ വന്നതോടെ മതവികാരം വ്രണപ്പെടാതെ രക്ഷപ്പെട്ടു. സുരേഷ് ​ഗോപിയുടെ 'കേരള സ്റ്റോറി'ക്ക് സെൻസ‍ർ സ‍ർട്ടിഫിക്കറ്റും ലഭിച്ചു. സിനിമ കണ്ടവർ സിനിമയിൽ അടിമുടി പ്രശ്നം കണ്ടപ്പോൾ ഒറ്റ കാര്യമാകും ചിന്തിച്ചിട്ടുണ്ടാകുക- ആവശ്യമില്ലാത്ത ഒരു ശ്രദ്ധയല്ലേ ഈ ചിത്രത്തിന് സെൻസർ വിവാദങ്ങൾ നേടിക്കൊടുത്തത്?

അവിഹിതത്തിൽ 'സീത'ക്ക് എന്ത് കാര്യം?

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാര ജേതാവായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രത്തിനും 'സീത' ആണ് പ്രശ്നമായത്. സിനിമയിൽ നായികയെ 'സീത' എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടി. ക്ലൈമാക്സ് രംഗത്തിലായിരുന്നു ഈ കടുത്ത നടപടി.

മലയാളി സമൂഹത്തിലെ സാദാചാര ചിന്തകളെ ഇഴകീറി പരിഹസിച്ച ചിത്രത്തിനാണ് ഈ ഗതി എന്ന് ആലോചിക്കണം. സിനിമയിൽ കൂട്ട വിചാരണ ചെയ്യപ്പെടുന്ന സ്ത്രീയുടെ പേര് അഗ്നിശുദ്ധി വരുത്താൻ വിധിക്കപ്പെട്ട 'സീത' എന്നല്ലാതെ എന്താകണമായിരുന്നു?

ധ്വജ പ്രണാമവും താമരശേരി രൂപതയും

ഷെയ്ൻ നി​ഗം നായകനായ ഹാൽ ആണ് സെൻസ‍ർ കുരുക്കിൽ പെട്ട മറ്റൊരു ചിത്രം. മുസ്ലീം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് വീര സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം. സിനിമയുടെ റിലീസിനെ സെൻസർ ബോർഡ് പ്രതിസന്ധിയിലാക്കി. മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. സാധാരണ ഗതിയിൽ രണ്ടാഴ്ച കൊണ്ട് കിട്ടേണ്ട സെൻസർ സർട്ടിഫിക്കറ്റ് അതിലുമേറെ നീണ്ടതുകൊണ്ടാണ് മൂന്ന് വട്ടം റിലീസ് മാറ്റിവയ്‌ക്കേണ്ടിവന്നത്.

ഹാൽ, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ബോർഡിന്റെ കണ്ടെത്തൽ. സിനിമയിലെ ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ പ്രയോഗങ്ങള്‍ സാംസ്കാരിക സംഘടനകളെ താഴ്ത്തിക്കെട്ടുന്നതാണെന്നും അവ നീക്കണമെന്നുമായിരുന്നു റീജിയണല്‍ സെൻസർ ഓഫീസറുടെ നിർദേശം. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, ക്രൈസ്തവമത വികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റംവരുത്തണം തുടങ്ങിയ മാറ്റങ്ങളും സെൻസർ ബോർഡ് നിർദേശിച്ചു. മൊത്തം 16 ഭാഗങ്ങളിൽ മാറ്റങ്ങൾ വേണമെന്നാണ് ബോർഡ് നിർദേശിച്ചത്.

സിനിമയിലെ ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ പ്രയോഗങ്ങള്‍ സാംസ്കാരിക സംഘടനകളെ താഴ്ത്തിക്കെട്ടുന്നതാണെന്നും അവ നീക്കണമെന്നുമായിരുന്നു റീജിയണല്‍ ഓഫീസറുടെ നിർദേശം

സിനിമ ക്രൈസ്തവരേയും താമരശേരി ബിഷപ്പിനേയും അപമാനിക്കുന്നുവെന്ന് കാട്ടി കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തി. ഈ വർഷത്തെ പതിവ് കാഴ്ച വീണ്ടും. ഹാൽ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സിനിമയ്ക്ക് എതിരായി കത്തോലിക്കാ കോൺഗ്രസും കക്ഷി ചേർന്നു. ഹർജിക്കാരായ നിർമാതാവിന്റേയും സംവിധായകന്റേയും ആവശ്യം കണക്കിലെടുത്ത് സിനിമ കണ്ട സിംഗിൾ ബെഞ്ച് ജസ്റ്റിസ് വി.ജി. അരുൺ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി. രണ്ട് ഭാഗങ്ങൾ മ്യൂട്ട് ചെയ്യണമെന്ന് മാത്രമാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. സംഭാഷണത്തിലെ ധ്വജ പ്രണാമത്തിലെ 'ധ്വജ'വും, മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണമെന്നായിരുന്നു നിർദേശം. കൃത്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് വിവാഹക്കണക്ക് പറയുന്ന ഭാഗം മാറ്റാൻ നിർദേശിച്ചത്.

സെൻസർ ബോർഡിന്റെ നിബന്ധനകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സിനിമയുടെ ഉള്ളടക്കത്തിലേക്കുള്ള കടന്നുകയറ്റം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ എടുത്തുപറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷത, സാഹോദര്യം എന്നിവ അവഗണിച്ചാകരുത് നിയന്ത്രണങ്ങളെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

എന്നാൽ, കേസ് അവിടെയും അവസാനിച്ചില്ല. സിനിമയിലെ മൂന്ന് രംഗങ്ങൾ മാറ്റാതെ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ചും സിനിമ കണ്ടു. ഒടുവിൽ കത്തോലിക്കാ കോൺഗ്രസിന്റെ ഹർജി തള്ളി.

വെട്ടിമാറ്റിയ രാമരാജ്യവും പൗരത്വ ബില്ലും

ഹാലിന് പിന്നാലെ നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത പ്രൈവറ്റ് എന്ന ചിത്രത്തിനും സെൻസർ ചുവപ്പ് കാർഡ് ഉയർത്തി. ഇന്ദ്രൻസ്-മീനാക്ഷി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ഇടതുപക്ഷ തീവ്രവാദം' പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. അപ്പീൽ പോയ ശേഷമാണ് സിനിമയ്ക്ക് ഒൻപത് മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചത്.

പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബിഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയേറ്ററിൽ എത്തിയത്.

പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബിഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയേറ്ററിൽ എത്തിയത്.

ഫെഡറിക്കോ ഫെല്ലിനി പറഞ്ഞപോലെ സെൻസർ പൂട്ട് ചില സിനിമകൾക്ക് പരസ്യമായി. അതേസമയം, പല സിനിമകൾക്കും അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള സ്റ്റേറ്റിന്റെ കടന്ന് കയറ്റമായാണ് അനുഭവപ്പെട്ടത്. 'ബിഗ് ബ്രദർ' നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നൊരു ഓർമപ്പെടുത്തൽ. അത് 2025 ഡിസംബർ 31 ഓടെ അവസാനിക്കില്ല. ജനിക്കും മുൻപ് സ്വഭാവ സർട്ടിഫിക്കറ്റ് അച്ചടിക്കുന്ന പരിപാടി വരും വർഷങ്ങളിലും തുടർന്നേക്കും. കാരണം, തീവ്ര വലതുപക്ഷം സമൂഹത്തിൽ ശക്തി പ്രാപിക്കുകയാണ്. അവർക്ക് സ്ത്രീകൾ, ദളിതർ, തൊഴിലാളികൾ എന്നിവരെ കലയിൽ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് വിഷയമല്ല. അവരുടെ വികാരം വ്രണപ്പെടുന്നത് വോട്ട് ബാങ്കുകളിൽ സിനിമ ചെന്നുതൊടുമ്പോഴാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com