പ്രബുദ്ധമെന്ന് അവകാശപ്പെടുമ്പോഴും, 2025ൽ കേരളത്തിൽ നടന്ന ക്രൂരമായ കൊലപാതകങ്ങൾ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഡിസംബർ അഞ്ച് വരെ ക്രിമിനല്‍ കേസുകളും സിവിൽ കേസുകളും ഉൾപ്പെടെ 4,73,713 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,46,843 എണ്ണം ക്രിമിനൽ കേസുകളാണ്. കണക്കുകൾ പ്രകാരം ഈ വർഷം ഒക്ടോബർ മാസം വരെ മാത്രം 283ലധികം കൊലപാതകങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലും കേരളം മുന്നിലാണെന്നത് പൊലീസിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുടെ വർധനവ് ഈ വർഷം കാണാം. ഇതിൽ ലഹരിമരുന്നിന്റെ സ്വാധീനത്തെ തുടർന്നുള്ള കേസുകളും കുടുംബാംഗങ്ങൾ പ്രതികളാകുന്ന കേസുകളും ഉൾപ്പെടെയുള്ള കേസുകളുടെ വർധന വലിയ ആശങ്കയാണ് ഉയർത്തുന്നത്.
വെഞ്ഞാറമൂട് കൂട്ടക്കൊല
തിരുവനന്തപുരം വെഞ്ഞാറമൂടിൽ കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെ അഫാൻ (23) കൊലപ്പെടുത്തിയത് നാടിനെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. അഫാൻ പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്‌സാൻ, മുത്തശി സൽമ ബീവി, അമ്മാവൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് വധിച്ചത്. മൂന്നിടങ്ങളിലായാണ് കൊലപാതകം നടത്തിയത്. കൊലപാതകങ്ങൾ നടത്തിയെന്ന് അറിയിച്ച് വെഞ്ഞാറമൂട് പെരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അഫാൻ എലിവിഷം കഴിച്ചശേഷം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. കടബാധ്യതയും ബന്ധുക്കളോടുള്ള വൈരാഗ്യവുമാണ് ഇതിന് കാരണമായത്.
സുബൈദ കൊലക്കേസ്
ഈ വര്‍ഷം ജനുവരി 18നാണ് കോഴിക്കോട് താമരശേരി അടിവാരം മുപ്പതേക്ര സ്വദേശി ആഷിഖ് കാന്‍സര്‍ ബാധിതയായ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ലഹരിയുടെ മൂര്‍ധന്യാവസ്ഥയിലായിരുന്നു കൊലപാതകം. അയല്‍വീട്ടില്‍ നിന്നും വെട്ടുകത്തി വാങ്ങി വീട്ടിലെത്തിയ ആഷിഖ് ഉമ്മ സുബൈദയുടെ കഴുത്തിനും മുഖത്തും തുടരെത്തുടരെ വെട്ടുകയായിരുന്നു. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് താൻ നടപ്പാക്കിയതെന്നായിരുന്നു പൊലീസ് പിടികൂടിയതിന് പിന്നാലെ ആഷിഖ് പറഞ്ഞത്.
ഷിബില കൊലക്കേസ്
മാർച്ച് 18നായിരുന്നു താമരശേരിയിലെ ഈങ്ങാപ്പുഴയിൽ യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. യാസിറും ഷിബിലയും പ്രണയിച്ചാണ് വിവാഹതിരായത്. എന്നാൽ യാസിറിന്റെ ലഹരി ഉപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ട് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറി. വേർപിരിഞ്ഞ് താമസിക്കുന്നതിനിടെ ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു.
ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം
ജനുവരി 30നാണ് ബാലരാമപുരം കോട്ടുകാൽക്കോണത്ത് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ രണ്ട് വയസുകാരി ദേവേന്ദുവിനെ തെരച്ചിലിനൊടുവിൽ ഫയർ ഫോഴ്സ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി തലേദിവസം ഉറങ്ങിയത് അമ്മയുടെ സഹോദരന്റെ കൂടെയാണെന്നായിരുന്നു അമ്മ ശ്രീതു പറഞ്ഞത്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു. പിന്നാലെ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ എല്ലാവരുടെയും മൊഴിയിൽ നിറയെ വൈരുധ്യങ്ങളായിരുന്നു. തുടക്കം മുതലേ സംഭവം കൊലപാതാകമെന്ന് പൊലീസ് സംശയിച്ചിരുന്നു. ഒടുവിൽ അന്വേഷണം എത്തി നിന്നത് കൊലപാതകത്തിൽ തന്നെയായിരുന്നു. കേസിൽ കുഞ്ഞിന്റെ അമ്മാവനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഷഹബാസ് കൊലക്കേസ്
ഫെബ്രുവരി 28നാണ് താമരശേരി എം.ജെ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ താമരശേരി ജിവിഎച്ച്എസ്എസിലെ ആറ് വിദ്യാർഥികൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്തുവച്ച് ഇരു സ്‌കൂളുകളിലേയും വിദ്യാർഥികൾ ഏറ്റുമുട്ടുകയും ഷഹബാസ് കൊല്ലപ്പെടുകയുമായിരുന്നു. ട്യൂഷൻ സെന്ററിലെ പരിപാടിക്കിടെ ഏതാനും കുട്ടികൾ കൂവിയെന്നു പറഞ്ഞാണ് സംഘർഷമുണ്ടായത്.
ആലപ്പുഴയിലെ സീരിയൽ കില്ലർ
2024 ഡിസംബര് 23ന് കോട്ടയം അതിരമ്പുഴയിലെ സ്ത്രീയുടെ തിരോധാനം അന്വേഷിച്ചെത്തിയ പൊലീസിന് മുന്നിൽ ചുരുളഴിഞ്ഞത് അതിക്രൂരമായൊരു സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരകളായിരുന്നു. സെബാസ്റ്റ്യൻ എന്ന 68കാരൻ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് ഈ വർഷമാണ്. ജയ്നമ്മ എന്ന സ്ത്രീയുടെ തിരോധാനക്കേസ് അന്വേഷിച്ചപ്പോഴാണ് ബിന്ദു പത്മനാഭൻ, ആയിഷ എന്നിവരുടെ കൊലപാതകങ്ങളും പുറത്തുവന്നത്. സെബാസ്റ്റ്യൻ സീരിയൽ കില്ലറെന്ന നിഗമനത്തിലേക്കാണ് അന്വേഷണം ചെന്നെത്തിയത്.
നെന്മാറയിലെ ഇരട്ടക്കൊലപാതകം
പാലക്കാട് നെന്മാറയിൽ പരോളിലിറങ്ങിയ ചെന്താമര എന്ന പ്രതി അയൽവാസിയായ 55കാരനെയും അദ്ദേഹത്തിന്റെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത് ഈ വർഷം കേരളത്തെയാകെ ഞെട്ടിച്ച ഇരട്ടക്കൊലപാതകമായിരുന്നു. സംശയരോഗവും അന്ധവിശ്വാസവും കാരണമാണ് ചെന്താമര എന്നയാൾ 2019ൽ അയാൾ തന്നെ കൊലപ്പെടുത്തിയ സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയത്. തൻ്റെ കുടുംബജീവിതം തകർത്തതിനുള്ള പ്രതികാരമാണ് കൊലപാതകങ്ങളെന്നാണ് ചെന്താമര പൊലീസിന് നൽകിയ മൊഴി. പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.
ചേന്ദമംഗലം കൂട്ടക്കൊലപാതകം
ജനുവരി 18നാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായി ഋതു മൊഴി നൽകിയത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയന്‍റെ വാദം.
കോതമംഗലത്തെ അൻസിലിൻ്റെ കൊലപാതകം
ഷാരോൺ വധക്കേസിന് സമാനമായ കേസായിരുന്നു കോതമംഗലത്തെ അൻസി (38) ലിൻ്റേത്. പെൺസുഹൃത്ത് അഥീന അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി എനർജി ഡ്രിങ്കിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിലായതോടെ അന്‍സില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് അറിയിക്കുകയായിരുന്നു. ദീർഘ നാളായുള്ള ബന്ധത്തിൽ നിന്ന് അൻസിൽ പിന്മാറാതിരുന്നതും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജെസി കൊലപാതകം
ഒക്ടോബറിലാണ് ഏറ്റുമാനൂർ കാണക്കാരിയിൽ ജെസി സാം കൊല്ലപ്പെട്ടത്. ഭർത്താവ് സാം കെ. ജോര്‍ജായിരുന്നു കൊല നടത്തിയത്. മറ്റു സ്ത്രീകളുമായി സാമിനുള്ള ബന്ധം ചോദ്യം ചെയ്തതായിരുന്നു കൊലപാതകത്തിന് കാരണം. മുളക് സ്പ്രേ മുഖത്തടിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് ജെസിയെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽ നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകം
ഡിസംബർ ഒൻപതിനാണ് സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിൽ 19കാരി ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ചതിൻ്റെ പാടുകളും ശരീരത്തിൽ മുറിവുകളും മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കവും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലനാണ് കല്ലുകൊണ്ട് തലയ്ക്കടിച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അലൻ കുറ്റസമ്മതം നടത്തിയത്. അലൻ മുൻപും പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു.
പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം
ഡിസംബര്‍ 17നാണ് 31കാരനായ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ്‍ ഭാഗേൽ പാലക്കാട് വാളയാറിൽ ക്രൂരമായ ആൾക്കൂട്ട ആക്രമണം നേരിട്ട് കൊല്ലപ്പെട്ടത്. കിൻഫ്രയിൽ ജോലി തേടി എത്തിയ രാം നാരായൺ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. കള്ളനെന്ന് ആരോപിച്ചാണ് പ്രതികള്‍ രാം നാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് രാംനാരായൺ നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണയാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു.