
പുരോഹിതരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ലോസ് ആഞ്ചലസ് അതിരൂപത. നഷ്ടപരിഹാരമായി 88 കോടി ഡോളറാണ് ലോസ് ആഞ്ചലസ് അതിരൂപത നൽകാനൊരുങ്ങുന്നത്. പ്രായപൂർത്തിയാകാത്തവരുടേത് ഉൾപ്പെടെയുള്ള ലൈംഗികാതിക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ നിയമനടപടികൾ ഇതിനോടകം നടപ്പിലാക്കിയതിനു ശേഷമാണ് തീരുമാനം.
1940 മുതൽ 1300ലേറെ പേരാണ് കത്തോലിക്ക പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തിരയായതായി പരാതികളുയർത്തിയത്. ഇരകൾക്ക് ഉണ്ടായ ദുരനുഭവങ്ങളിൽ വലിയ വിഷമമുണ്ടെന്നും, നഷ്ടപരിഹാരം നൽകുന്നത് ഒരു പരിധി വരെയെങ്കിലും ആ സ്ത്രീപുരുഷന്മാർ അനുഭവിച്ച വേദനയ്ക്ക് ശമനം നൽകുമെന്ന് പ്രത്യാശിക്കുന്നുവെന്നും ലോസ് അഞ്ചലസ് അതിരൂപത ആർച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസ് പറഞ്ഞു.
ലോസ് ആഞ്ചലസ് അതിരൂപതയുടെ നിക്ഷേപങ്ങൾ, കരുതൽ ധനം, ബാങ്ക് ധനസഹായം, മറ്റ് ആസ്തികൾ എന്നിവയിൽ നിന്നാണ് സെറ്റിൽമെൻ്റിന് നഷ്ടപരിഹാരം നൽകുന്നത്. 2026നകം എല്ലാവർക്കും നൽകാനുള്ള നഷ്ടപരിഹാരതുക നൽകി തീർക്കുമെന്ന് അതിരൂപത അറിയിച്ചു.