
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചുട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.