
ലഖ്‌നൗവിൽ 1.5 ലക്ഷം രൂപയ്ക്ക് ഓർഡർ ചെയ്ത ഐഫോൺ വിതരണം ചെയ്യാൻ പോയ 30 കാരനായ ഡെലിവറി ഏജൻ്റിനെ രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ്. ഡെലിവറി ഏജൻ്റായ സാഹുവിനെ കൊലപ്പെടുത്തിയതിന് ശേഷം ഇന്ദിര കനാലിൽ തള്ളിയതായി പ്രതികൾ മൊഴി നൽകി. മൃതദേഹം കണ്ടെത്താൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
രണ്ട് ദിവസമായിട്ടും സാഹു വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. സാഹുവിൻ്റെ കോൾ ഡീറ്റൈൽസ് സ്‌കാൻ ചെയ്താണ് പൊലീസ് ലൊക്കേഷൻ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി ഡിസിപി ഓഫീസർ പറഞ്ഞു. സാഹുവിൻ്റെ മൃതദേഹം കണ്ടെത്താനായിട്ടില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ സേന മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഓഫീസർ വ്യക്തമാക്കി.