
നാല് കോടിയോളം വിലമതിക്കുന്ന ഭൂമി. ആഡംബര ആശ്രമം. ഹത്രസ് സംഭവത്തിന്‍റെ കാരണക്കാരനായ ഭോലേ ബാബയുടെ സ്വത്തുക്കളുടെ പട്ടികയിലെ ചിലത് മാത്രമാണിത്. ഹത്രസില്‍ പ്രാര്‍ഥന യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭോലെ ബാബയ്ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബാബയുടെ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചത്. ഉത്തർ പ്രദേശിലെ മെയ്ൻപുരിയിൽ പതിമൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ബാബയുടെ ഫൈവ് സ്റ്റാർ ആശ്രമവും പൊലീസ് കണ്ടുകെട്ടി. നാല് കോടി രൂപ മൂല്യം വരുന്ന ഭൂമിയിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.
പതിമൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ ഫൈവ് സ്റ്റാർ സംവിധാനങ്ങളുള്ള നിരവധി മുറികളുണ്ട്. ഭോലെ ബാബ എന്ന് അറിയപ്പെടുന്ന സൂരജ് പാൽ തനിക്ക് താമസിക്കാനായി ആറ് മുറികളും, മറ്റ് കമ്മിറ്റി മെമ്പർമാർക്കും, വൊളണ്ടിയർമാർക്കും താമസിക്കുന്നതിനായി ആറ് മുറികളുമാണ് ആശ്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ആഡംബര ആശ്രമത്തിന് ഒരു പ്രൈവറ്റ് റോഡും, അത്യാധുനിക സംവിധാനങ്ങളുള്ള കഫറ്റീരിയയുമുണ്ട്.
ആശ്രമത്തിനുള്ള സ്ഥലം നാല് വർഷം മുമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് ബാബ പറയുന്നത്. എന്നാൽ, കോടികൾ വിലമതിക്കുന്ന മറ്റ് നിരവധി സ്വത്തുക്കളും ഭോലേ ബാബയ്ക്കുണ്ടെന്ന് രേഖകൾ പറയുന്നു. ഈ സ്വത്തുക്കളിൽ പലതും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ആശ്രമങ്ങളാണ്.
ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ ബഹാദൂര്‍ നഗരി ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച സൂരജ് പാൽ ആൾദൈവമാകുന്നതിന് മുമ്പ് ഉത്തർപ്രദേശ് പൊലീസിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു എന്നാണ് അവകാശവാദം. ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ആഗ്ര, ഇറ്റാവ, കാസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.