
പി. സരിൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. സരിനെ സ്ഥാനാർഥി ആക്കാനുള്ള തീരുമാനം സിപിഐഎമ്മിന്റെ ഗതികേട് ആണ്. അടുത്തകാലം വരെ സിപിഐഎമ്മിനേയും മുഖ്യമന്ത്രിയെയും എതിർത്തയാളാണ് സരിൻ. അവസാന നിമിഷം വരെയും സരിൻ കെ.സി. വേണുഗോപാലിനെ സമീപിച്ചിരുന്നു. രാഹുലിന്റെ പേര് വെട്ടാൻ ആവശ്യപ്പെട്ടു, നടക്കില്ല എന്ന് കണ്ടതോടെ ബിജെപിയെ സമീപിച്ചു. പിന്നീടാണ് സിപിഎമ്മിനെ സമീപിച്ചത്. ബിജെപിയുമായുള്ള കൂടിക്കാഴ്ച നിരാശ സമ്മാനിച്ചതോടെ സിപിഎമ്മുമായി കൂട്ടുകൂടിയെന്നും എം.എം. ഹസൻ ആരോപിച്ചു.
സരിൻ ഓന്തിന്റെ രാഷ്ട്രീയ രൂപം. ഒരു രാത്രി കൊണ്ട് നിലപാട് മാറ്റിയ ആൾ. സരിനെ സ്ഥാനാർഥി ആക്കിയതോടെ സിപിഐഎം ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടുവെന്നും എം.എം. ഹസൻ പറഞ്ഞു. നിലയും പാടുമില്ലാത്ത ആളെയാണ് സ്ഥാനാർഥി ആക്കിയത്. സരിൻ ഒരു ഫാക്ടർ അല്ല. എൽഡിഎഫ് യുഡിഎഫ് മത്സരമാണ് ആഗ്രഹിച്ചത്. പക്ഷെ, ഇപ്പോൾ നടക്കുന്നത് യുഡിഎഫും ബിജെപിയും തമ്മിലുള്ള മത്സരമാണെന്നും എം.എം. ഹസൻ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതാണ് കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ കൺവീനറായ ഡോ. പി. സരിനെ ചൊടിപ്പിച്ചത്. സ്ഥാനാർഥി നിർണയം ജനാധിപത്യപരമായല്ല നടന്നതെന്നായിരുന്നു സരിന്‍റെ ആരോപണം. പിന്നാലെ, പാലക്കാട് സിപിഐഎമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി സരിനെ മത്സരിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കുകയായിരുന്നു.