അരമന രഹസ്യം പുറത്തു കൊണ്ടുവന്ന അൻവറിനോട് നന്ദിയെന്ന് എം.എം. ഹസ്സൻ: പള്ളിക്കകത്താണ് കുളം എന്ന് വ്യക്തമായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

പി.വി. അൻവറും പത്തനംതിട്ട എസ്പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് എഡിജിപി അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ പുറത്ത് വന്നത്
അരമന രഹസ്യം പുറത്തു കൊണ്ടുവന്ന അൻവറിനോട് നന്ദിയെന്ന് എം.എം. ഹസ്സൻ: പള്ളിക്കകത്താണ് കുളം എന്ന് വ്യക്തമായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Published on

ഭരണപക്ഷ എംഎൽഎ പി വി അൻവറിൻ്റെ എഡിജിപിക്കെതിരെയുള്ള വെളിപ്പെടുത്തലിനെ തുടർന്ന് പ്രതികരണവുമായി യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. അരമന രഹസ്യം പുറത്ത് കൊണ്ടുവന്ന പി വി അൻവറിനോട് നന്ദിയുണ്ടെന്ന് പറഞ്ഞ എം.എം. ഹസ്സൻ ഡിജിപിക്ക് വല്ല വിലയും ഉണ്ടോയെന്നും സൂപ്പർ ആഭ്യന്തര മന്ത്രി പി ശശിയും, സൂപ്പർ ഡിജിപി എം.ആർ അജിത് കുമാറുമെന്ന് പരിഹസിക്കുകയും ചെയ്തു. ഹേമ കമ്മിറ്റി അന്വേഷണം പ്രഹസനമാക്കാൻ ശ്രമിക്കുന്നതായും ഹസ്സൻ ആരോപിച്ചു. സാംസ്കാരിക മന്ത്രിയുടെ കയ്യിലിരുന്ന് കേരളത്തിന്റെ സംസ്കാരം ഞെരിപിരി കൊള്ളുകയാണ്. പന്നിക്ക് പവിഴം കൊടുത്തതുപോലെയാണ് സജി ചെറിയാന് മുഖ്യമന്ത്രി സാംസ്കാരിക വകുപ്പ് കൊടുത്തതെന്നും ഹസ്സൻ പറഞ്ഞു.

അതേസമയം, പി വി അൻവറിൻ്റെ വെളിപ്പെടുത്തലിൽ പള്ളിയുടെ അകത്താണ് കുളം എന്ന് ഇപ്പോൾ വ്യക്തമായതായി മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ആദ്യം സ്വീകരിച്ചത് പരിഹാസ്യ നിലപാടാണെന്നും സിനിമാരംഗത്തുള്ളവർ വിചാരിച്ചത് അവർ വിമർശനത്തിന് അതീതരെന്നാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 പി.വി. അൻവറും പത്തനംതിട്ട എസ്പി സുജിത് ദാസും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് എഡിജിപി അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ പുറത്ത് വന്നത്. സ്വർണക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ പി.വി. അൻവർ എംഎൽഎ ഉന്നയിച്ചത്. പി ശശിയെ കൂട്ടുപിടിച്ച് എഡിജിപി നടത്തിയിരുന്ന പല കാര്യങ്ങളിലും പൊലീസ് സേനയുള്ളവർക്ക് എതിർപ്പുണ്ടായിരുന്നു. 

ആരോപണങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരാൾ ചെയ്യുന്ന തെറ്റ് പൊലീസ് സേനയെ മൊത്തത്തിൽ ബാധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരക്കാരെ പൊലീസ് സേനയിൽ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com