'പരാതി പറയുന്നവരെ സിനിമാ മേഖലയ്ക്ക് ഇപ്പോഴും പേടിയാണ്'; വിന്‍സിയുടെ അച്ചടക്കം അനുസരിച്ച് ഇരിക്കും ഇനിയുള്ള അവസരങ്ങള്‍: മാലാ പാര്‍വതി

സിനിമാ സെറ്റില്‍ പബ്ലിക്കായി ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും മാലാ പാര്‍വതി പറഞ്ഞു
'പരാതി പറയുന്നവരെ സിനിമാ മേഖലയ്ക്ക് ഇപ്പോഴും പേടിയാണ്'; വിന്‍സിയുടെ അച്ചടക്കം അനുസരിച്ച് ഇരിക്കും ഇനിയുള്ള അവസരങ്ങള്‍: മാലാ പാര്‍വതി
Published on


പരാതി പറയുന്നവരെ സിനിമാ മേഖലയ്ക്ക് ഇപ്പോഴും പേടിയാണെന്ന് നടി മാലാ പാര്‍വതി. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാലാ പാര്‍വതിയുടെ പ്രതികരണം. അതേസമയം സിനിമാ സെറ്റില്‍ പബ്ലിക്കായി ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ന്യൂസ് മലയാളത്തോട് മാലാ പാര്‍വതി പറഞ്ഞു.

പരാതിക്കാരന്റെ പേര് പറയാതിരിക്കുന്നത് മറ്റുള്ളവരെ സംശയത്തിന് നിഴലിലാക്കും

ഇനിയുള്ള കാലത്ത് എന്തെങ്കിലും പരാതി പറയുമ്പോള്‍ ആ വ്യക്തിയുടെ പേര് കൂടി പറയുന്നതാണ് നല്ലത്. നിയമപരമായി മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ അവരുടെ പേര് പറയുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഒരുപാട് പേരുടെ പേര് അതിലേക്ക് വലിച്ചിഴയക്കപ്പെടും. ഇപ്പോള്‍ ഇതിന് മുന്‍പ് അവര്‍ അഭിനയിച്ച സിനിമയിലെ നായകന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയല്ലോ. അതുകൊണ്ടാണ് സമൂഹമാധ്യമത്തില്‍ ആദ്യം മോശമായ പ്രതികരണം ഉണ്ടായതെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ പേര് പറഞ്ഞതോടു കൂടി അക്കാര്യത്തില്‍ സമാധാനം ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ പഴയ പോലെ അല്ലല്ലോ ഇതില്‍ ഒരു സദാചാര പ്രശ്‌നം ഒന്നുമില്ല. പരാതി ഉണ്ടെങ്കില്‍ അത് അങ്ങോട്ട് പറയുക. പ്രത്യേകിച്ച് ഡ്രഗ് പോലുള്ള ഗൗരവമായ കാര്യം സംസാരിക്കുമ്പോള്‍ മറ്റുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സെറ്റില്‍ അച്ചടക്കമുള്ള നടനാണ് ഷൈന്‍

സെറ്റിലാണ് ഞാന്‍ ഷൈനിനെ കാണുന്നത്. അല്ലാത്ത സാഹചര്യത്തില്‍ ഞാന്‍ ഷൈനിനെ കാണാറില്ല. സെറ്റില്‍ വളരെ അച്ചടക്കമുള്ള നടനാണ് ഷൈന്‍. ഞാന്‍ എപ്പോഴും പറയാറുള്ള പോലെ കണ്ടിന്യുറ്റി ഓര്‍ക്കും ഡയലോഗ് കൃത്യമായിരിക്കും. ഒരു ഡിറക്ടോറിയല്‍ ആറ്റിറ്റിയൂഡുള്ള പയ്യനായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അതിപ്പോള്‍ ഷൈനിന്റെ അച്ഛന്‍ തന്നെ പറയും, ഞാന്‍ പറഞ്ഞാല്‍ ഷൈന്‍ കേള്‍ക്കും എന്നെല്ലാം. അപ്പോള്‍ എന്നോട് കാണിക്കുന്ന ആറ്റിറ്റിയൂഡ് ബാക്കിയുള്ളവരോട് കാണിക്കണം അല്ലെങ്കില്‍ ബാക്കിയുള്ളവരോട് കാണിച്ചോ എന്നൊന്നും ജെനറലൈസ് ചെയ്യാന്‍ ഞാന്‍ ആളല്ല. എന്നോട് ഷൈന്‍ പെരുമാറുന്നത് വേറൊരു രീതിയിലാണ്. പിന്നെ ഷൈനിന്റെ അമ്മ എപ്പോഴും സെറ്റില്‍ ഉണ്ടാകും. ഞാന്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന സിനിമയാണ് ഷൈനിനൊപ്പം ചെയ്തത്, ആ സമയത്ത് അമ്മ കൂടെയുണ്ടായിരുന്നു. പിന്നെ വിവേകാനന്ദന്‍ വൈറലാണ് ചെയ്തപ്പോള്‍ അവന്റെ അച്ഛന്‍ കൂടെയുണ്ടായിരുന്നു. അതാണ് എന്റെ അനുഭവം. പിന്നെ വലിക്കില്ലെന്നൊന്നും എനിക്ക് ആരെ കുറിച്ചും പറയാന്‍ സാധിക്കില്ല. പിന്നെ പബ്ലിക്കായി ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.




വിന്‍സിയുടെ അച്ചടക്കം അനുസരിച്ച് ഇരിക്കും ഇനിയുള്ള അവസരങ്ങള്‍

ഇപ്പോള്‍ പഴയ കാലമൊന്നുമല്ല. എല്ലാവരും പരാതി പറഞ്ഞ പെണ്‍കുട്ടിക്കൊപ്പമെ നില്‍ക്കുകയുള്ളൂ. ഐസിസി വളരെ ശക്തമാണ്. സര്‍ക്കാരും ഡബ്ല്യുഡിസിയും (വിമണ്‍ ഡെവലെപ്‌മെന്റ് സെല്‍) മോണിറ്റര്‍ ചെയ്യുന്നുണ്ട്. ഡബ്ല്യൂഡിസിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം അനുസരിച്ച് അവര്‍ വളരെ അധികം സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും ഡ്രഗ് പ്രശ്‌നങ്ങളും എല്ലാം മോണിറ്റര്‍ ചെയ്യുന്നുണ്ട്. അപ്പോള്‍ ഐസിസിയില്‍ നിന്ന് റിപ്പോര്‍ട്ട് വേടിക്കാനൊക്കെ ഇവര്‍ വളരെ ജാഗരൂഗരാണ്.

ഐസിസിയില്‍ നേരത്തെ മുതലെ പരാതിപ്പെടാം. അവര്‍ ആക്ഷന്‍ എടുക്കുന്നുണ്ടോ എന്നതാണ് പ്രധാനം. എഎംഎംഎയില്‍ നിന്ന് ഞാന്‍ രാജിവെക്കാന്‍ കാരണം അവിടെ ഐസിസിയില്‍ പറഞ്ഞ ഒരു പ്രമേയം അവരുടെ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. അന്നത്തെ അറിവല്ല ഇന്ന് ഐസിസിയെ കുറിച്ച് സിനിമാ മേഖലയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഒരു കാര്യത്തിനായി ഡബ്ല്യുഡിസി മീറ്റിംഗ് വെച്ചിരുന്നു. അതില്‍ ഞാനും പങ്കെടുത്തിരുന്നു. പിന്നെ നിര്‍മാതാക്കളും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളും ചേര്‍ന്ന് മസ്‌കറ്റ് ഹോട്ടലില്‍ ഒരു മീറ്റിംഗ് കൂടിയിരുന്നു. അതുകൊണ്ടൊക്കെ തന്നെ പണ്ടത്തേക്കാളും ഐസിസിയെ കുറിച്ചുള്ള അറിവ് ഇപ്പോള്‍ കൂടിയിട്ടുണ്ട്. അതുകൊണ്ട് അവര്‍ അതിനെ ഗൗരവമായി കാണുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

വിന്‍സി ഇത്രയും കാലം സിനിമ സെറ്റില്‍ അച്ചടക്കത്തോടെയാണോ പെരുമാറിയിരുന്നതെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിന്‍സിക്ക് ഇനി ലഭിക്കുന്ന അവസരങ്ങള്‍. പിന്നെ പരാതി നല്‍കുന്ന ആളുകളെ ഇപ്പോഴും സിനിമാ മേഖലയ്ക്ക് പേടി തന്നെയാണ്. ട്രബിള്‍ മേക്കേഴ്‌സിനെ എടുക്കരുതെന്നൊരു കാര്യമുണ്ട്. പക്ഷെ അത് വളരെ ഒഫീഷ്യലായി ഞങ്ങള്‍ക്കൊക്കെ നേരെ വന്ന പോലെ മാലാ പാര്‍വതിയെ ബാന്‍ ചെയ്യണം എന്ന തരത്തിലൊന്നും ഇനി വരാന്‍ സാധ്യതയില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com