
രാജ്യസഭയിൽ പിഡിപി നേതാവ് അബ്ദുല്‍ നാസർ മഅദനിയെ തീവ്രവാദി എന്ന് പരാമർശിച്ച് ബിജെപി എംപി. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി അംഗം സുധാന്‍ശു ത്രിവേദിയാണ് പരാമർശം നടത്തിയത്. അബുദുല്‍ നാസർ മഅദനിയെ മോചിപ്പിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം ഭരണഘടനാ ലംഘനമാണെന്ന് സുധാൻശു ആരോപിച്ചു. നന്ദി പ്രമേയ ചർച്ചയിലാണ് കേരള നിയമസഭയെയും മഅദനിയെയും കുറിച്ചുള്ള പരാമർശങ്ങൾ ഉയർന്നത്.
കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതിയായ മഅദനിയെ മോചിപ്പിക്കുന്നതിനായി ഇടതുപക്ഷവും വലതുപക്ഷവും ഒരുമിച്ച് നിന്നെന്ന് സുധാൻശു ത്രിവേദി ആരോപിച്ചു. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും എംപി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത് കോൺഗ്രസാണെന്ന വാദം സാധൂകരിക്കാനാണ് കേരള നിയമസഭയെയും മഅദനിയെയും ബിജെപി നേതാവ് രാജ്യസഭയിൽ വിമർശിച്ചത്.