മാടായി കോളേജ് നിയമന വിവാദം: എം. കെ രാഘവന്‍റെ വാദങ്ങള്‍ പൊളിയുന്നു; കൈക്കൂലി ആരോപണവുമായി ഉദ്യോഗാർഥി

എം.കെ. രാഘവന്‍ എംപിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കണ്ണൂർ ഡിസിസി
മാടായി കോളേജ് നിയമന വിവാദം: എം. കെ രാഘവന്‍റെ വാദങ്ങള്‍ പൊളിയുന്നു; കൈക്കൂലി  ആരോപണവുമായി ഉദ്യോഗാർഥി
Published on

കണ്ണൂർ മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്‍റെ വാദങ്ങള്‍ നിഷേധിച്ച് ഉദ്യോഗാർഥി. അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർഥിയാണ് രാഘവനെതിരെ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയത്. 10 ലക്ഷം അഡ്വൻസായും അഞ്ച് ലക്ഷം നിയമന ശേഷവും ആവശ്യപ്പെട്ടുവെന്നും കോളേജ് മാനേജ്‌മെന്റിലെ സർക്കാർ പ്രതിനിധിക്ക് ഉദ്യോഗാർഥി അയച്ച കത്തിൽ പറയുന്നു. യൂത്ത് കോൺഗ്രസ്സ് കല്യാശേരി മണ്ഡലം വൈസ് പ്രസിഡന്‍റ് ടി.വി. നിധീഷാണ് ആരോപണവുമായി രംഗത്തെത്തിയത്. മാടായി കോളേജ് ഭരണസമിതി ചെയർമാനാണ് എം.കെ. രാഘവന്‍.

നിയമനവുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണങ്ങള്‍ നിഷേധിച്ച് എം.കെ. രാഘവന്‍ മാധ്യമങ്ങളോട് സംസാരിച്ചതിനു പിന്നാലെയാണ് അഭിമുഖത്തില്‍ പങ്കെടുത്ത വ്യക്തി തന്നെ ആരോപണവുമായി എത്തിയത്.  മാനേജ്മെന്‍റ് നടപടികള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. കോഴ വാങ്ങി ഇന്‍റർവ്യൂ അട്ടിമറിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ ഒപ്പുവയ്ക്കരുതെന്നും സർക്കാർ പ്രതിനിധിക്കയച്ച കത്തില്‍ നിധീഷ് പറയുന്നു.

Also Read: പാലക്കാട് തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ; പിന്തുണയുമായി രമേശ് ചെന്നിത്തല

മാടായി കോളേജിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് മൂന്നും (ഭിന്നശേഷി വിഭാ​ഗം) കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഓപ്പൺ മെറിറ്റ്) ഒരൊഴിവും ഉണ്ടെന്ന് കാണിച്ച് 2024 ജൂലൈ 31നാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2024 ഡിസംബർ ഏഴിന് തസ്തികയിലേക്കുള്ള ഇന്‍റർവ്യൂവും നടന്നു. എന്നാല്‍ ഈ തസ്തികകളിലേക്ക് എംപിയുടെ ബന്ധുവായ എം.കെ. ധനേഷ് ഉൾപ്പടെ മൂന്ന് സിപിഎം പ്രവർത്തകരെ നിയമിക്കുകയായിരുന്നു.  ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 

അതേസമയം, എം.കെ. രാഘവന്‍ എംപിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കണ്ണൂർ ഡിസിസി. എംപി പ്രവർത്തകരുടെ വികാരം കണക്കിലെടുക്കുന്നില്ല എന്നാണ് കണ്ണൂരിലെ കോണ്‍ഗ്രസിന്‍റെ പരാതി. നിയമനം റദ്ദാക്കും വരെ  പ്രതിഷേധം തുടരനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പ്രതിഷേധം കോഴിക്കോട്ടേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com