
മലപ്പുറത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തിരൂര്‍ ചമ്രവട്ടം സ്വദേശിയായ ഇരുപതുകാരൻ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പ്പകഞ്ചേരി പൊലീസിൻ്റെ പിടിയിലായത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനികളുടെ സ്വര്‍ണം തട്ടിയ പ്രതിയെ ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ കെണിയൊരുക്കിയാണ് കല്‍പ്പകഞ്ചേരി പൊലീസ് പിടികൂടിയത്. തിരൂര്‍ ചമ്രവട്ടം ബോര്‍ഡ് സ്‌കൂളിന് സമീപം തൂമ്പില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം നടക്കുന്നു. പഴയ സ്വര്‍ണം പുതിയതാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് വിദ്യാര്‍ഥിനികളെ കെണിയിലാക്കിയത്. നിഫിന്‍ എന്ന ഇന്‍സ്റ്റാഗ്രാം സുഹൃത്താണ് ചതിക്കുഴി ഒരുക്കിയത്. സുഹൃത്തായി ചമഞ്ഞ് വിശ്വാസം നേടിയ ശേഷമായിരുന്നു തട്ടിപ്പ്. അജ്മലാണ് കല്‍പ്പകഞ്ചേരിയിലെത്തി വിദ്യാര്‍ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്. പിന്നീട് ഇന്‍സ്റ്റാഗ്രാം ബന്ധം നിലച്ചു. അതോടെയാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് വിദ്യാര്‍ഥിനികള്‍ മനസിലാക്കിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തട്ടിപ്പ്കാരുടെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്‍ത്ഥിനികളുടെ കൈവശമില്ലായിരുന്നു. അതോടെ പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ കെണിയൊരുക്കാന്‍ തീരുമാനിച്ചു. സ്ത്രീയുടെ പേരിൽ ഐ.ഡിയുണ്ടാക്കി നിഫിനുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് ശ്രമമുണ്ടായി. അതോടെ പൊലീസിന് പണി എളുപ്പമായി. പതിവുപോലെ സ്വര്‍ണ്ണം വാങ്ങാനെത്തിയ അജ്മലിനെ കയ്യോടെ പൊക്കി. പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങിയ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണം ചമ്രവട്ടം നരിപ്പറമ്പില്‍ വെച്ച് നിഫിന് കൈമാറിയെന്നാണ് അജ്മല്‍ പറയുന്നത്. ഇയാളും ഇന്‍സ്റ്റഗ്രാം വഴിയാണ് നിഫിനുമായി ബന്ധപ്പെട്ടിട്ടുള്ളത്. പെണ്‍കുട്ടികള്‍ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അജ്മലിനെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.