നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ താൽപ്പര്യം; ബിജെപിയുടെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടൻ: മധു മുല്ലശ്ശേരി

സിപിഎം വിട്ടുവരുന്ന ആദർശ ശുദ്ധരായവർക്ക് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി എന്നതിന്റെ തെളിവാണ് മധുവിൻ്റെ കടന്നുവരവെന്ന് വി.വി രാജേഷ് പറഞ്ഞു
നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ താൽപ്പര്യം;   ബിജെപിയുടെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടൻ: മധു മുല്ലശ്ശേരി
Published on

സിപിഎം തന്നോട് കാണിച്ചത് അവഗണനയാണെന്നും, പാർട്ടി വിടണമെന്നുള്ളത് ഏരിയ സമ്മേളനത്തിനു മുൻപേ തീരുമാനിച്ച കാര്യമാണെന്നും മധു മുല്ലശ്ശേരി. ബിജെപിയിൽ ചേർന്നതിന് ശേഷമായിരുന്നു മധു മുല്ലശേരിയുടെ പ്രതികരണം. സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറിയായ മധു മുല്ലശ്ശേരി, ഏരിയ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി എന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്  സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയിരുന്നു.

സിപിഎം വിട്ടു വന്ന മധു മുല്ലശ്ശേരിയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഷാൾ അണിയിച്ച് സ്വീകരിച്ചു. നാളെ കെ. സുരേന്ദ്രനിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്നും, വ്യക്തമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും മധു പറഞ്ഞു. ബിജെപിയുടെ പ്രവർത്തനങ്ങളിൽ താൻ ആകൃഷ്ടനായെന്നും, നരേന്ദ്രമോദിയുടെ നല്ല പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും മധു പറഞ്ഞു. ഈ പ്രദേശത്തെ സിപിഎം പ്രവർത്തകർ ബിജെപിയിൽ എത്തുമെന്നും, താൻ ഏറെ ബഹുമാനത്തോടെ ബിജെപി അംഗത്വം എടുക്കുമെന്നും പറഞ്ഞ മധു, ഇത് ബിജെപിക്ക് വേരോട്ടമുള്ള കാലഘട്ടമാണെന്നും കൂട്ടിച്ചേർത്തു.



സമ്മേളനത്തിൽ നിന്നിറങ്ങി വന്നാൽ അപ്പോൾ പുറത്താക്കുന്ന രീതിയല്ലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉള്ളതെന്ന് മധു പറഞ്ഞു. നേതാക്കളെ പൂട്ടിയിട്ട് കാര്യങ്ങൾ നടത്തുന്ന രീതിയിൽ സിപിഎം എത്തിയെന്നും, ഒന്ന് ആഞ്ഞുപിടിച്ചാൽ ഈ മണ്ഡലം ബിജെപി ഭരിക്കുമെന്നും മധു പ്രതികരിച്ചു. മോദി നടത്തിയ വികസന പ്രവർത്തനങ്ങളൊന്നും ചെറുതായി കാണാൻ ആകില്ല. ഏരിയ സെക്രട്ടറി ആയാലും സിപിഎമ്മിൽ നിന്ന് മാറുമായിരുന്നെന്നും മധു കൂട്ടിച്ചേർത്തു.

മധു നടത്തിയ പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും കാണാതിരിക്കാൻ ആകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ബിജെപിയുടെ ആശയങ്ങളോട് യോജിച്ചുവരുന്ന എല്ലാ ആളുകളെയും ഞങ്ങൾ സ്വീകരിക്കും. മധുവിൻ്റെ അനുഭവജ്ഞാനം ജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം മംഗലപുരം സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കിയിരുന്നു. മധു പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാണ് സിപിഎം പറയുന്നത്. മധു മുല്ലശ്ശേരി ബിജെപിയിൽ ചേരുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ തീരുമാനം.

മധു മുല്ലശ്ശേരി പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വലിയ ശ്രമം നടത്തി അതുകൊണ്ടാണ് പുറത്താക്കാൻ ശുപാർശ ചെയ്തതെന്നായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയുടെ പ്രതികരണം. മധു ഏതെങ്കിലും പാർട്ടിയിൽ ചേരുന്നത് സിപിഎമ്മിന് ബാധകമല്ല.
കുറച്ചു നാളായി ബിജെപിയുമായി അടുത്ത് ഇടപഴകിയിരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നതായും, പാർട്ടി അംഗത്തിന് പോലും യോജിക്കാത്ത കാര്യങ്ങളാണ് മധു ചെയ്തിരുന്നതെന്നും ജോയി പറഞ്ഞു. മധുവിനെ പുറത്താക്കിയത് പാർട്ടിയുടെ കൂട്ടായ തീരുമാനമാനത്തിന് പുറത്താണെന്നും ജോയി വ്യക്തമാക്കി. കൂടാതെ തനിക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും ജോയി പറഞ്ഞു.


ഇങ്ങനെയൊരാൾ ഏരിയാ സെക്രട്ടറി സ്ഥാനത്ത് തുടർന്നതിൽ ഞങ്ങൾക്ക് തെറ്റ് പറ്റിയെന്നാണ് കടകംപള്ളി സുരേന്ദ്രൻ്റെ അഭിപ്രായം. സംഘടനാ ബോധ്യമില്ലാത്ത ഒരാളെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയത്. അത് സ്വയം വിമർശനമായി ഏറ്റെടുക്കുന്നുവെന്നും, സുരേന്ദ്രൻ പറഞ്ഞു.


മധുവിൻ്റെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും, മധുവിനെ പോലെയുള്ളവർക്ക് നിൽക്കാൻ കഴിയാത്ത വിധം സിപിഎം ജീർണിച്ചുവെന്നും,
ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വി. വി. രാജേഷ് പറഞ്ഞു. സിപിഎം വിട്ടുവരുന്ന ആദർശ ശുദ്ധരായവർക്ക് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടിയാണ് ബിജെപി എന്നതിന്റെ തെളിവാണ് മധുവിൻ്റെ കടന്നുവരവെന്നും രാജേഷ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com