
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ വീണ്ടും ക്ഷമാപണവുമായി ബിജെപി മന്ത്രി കുൻവർ വിജയ് ഷാ. കേണൽ സോഫിയാ ഖുറേഷിക്കെതിരായ പരമാമർശം ഭാഷാപരമായമായുണ്ടായ പിഴവാണെന്നും, ഒരു മതസമൂഹത്തേയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആയിരുന്നു മന്ത്രിയുടെ പുതിയ വാദം.
"എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും നാട്ടുകാരെയും വേദനിപ്പിച്ചു. മുഴുവൻ ഇന്ത്യൻ സൈന്യത്തോടും,കേണൽ സോഫിയയോടും, എല്ലാ നാട്ടുകാരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു", പഹൽഗാമിൽ നടന്ന ഹീനമായ കൂട്ടക്കൊലയിൽ ഞാൻ വളരെയധികം ദുഃഖിതനും അസ്വസ്ഥനുമാണ്. എന്റെ രാജ്യത്തോട് എനിക്ക് എപ്പോഴും അതിരറ്റ സ്നേഹവും ഇന്ത്യൻ സൈന്യത്തോട് ബഹുമാനവുമുണ്ട്. കുൻവർ വിജയ് ഷാ ഒരു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെ പറ്റിയുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് കേണൽ സോഫിയാ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്. പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ തൻ്റെ ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് കുൻവർ വിജയ് ഷാ അറിയിച്ചിരുന്നു. സ്വപ്നങ്ങളിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയില്ല. എന്നിരുന്നാലും, എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമ ചോദിക്കാൻ ഞാൻ തയ്യാറാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബിജെപി മന്ത്രിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കുൻവർ വിജയ് ഷായുടെ പരാമർശം അംഗീകരിക്കാന്‍ കഴിയില്ലെന്നും നിരുത്തരവാദപരമാണെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി പറഞ്ഞു. "എന്ത് തരം പ്രസ്താവനയാണ് നിങ്ങള്‍ നടത്തുന്നത്? കുറച്ചെങ്കിലും വിവേകം കാണിക്കൂ. ഹൈക്കോടതിയില്‍ മാപ്പ് പറയണം," എന്നും സുപ്രീം കോടതി അറിയിച്ചു. പരാമര്‍ശത്തില്‍ മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേണല്‍ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയെന്നാണ് ബിജെപി മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പരമാര്‍ശം പ്രഥമദൃഷ്ട്യാ കുറ്റമാണെന്നും കോടതി അറിയിച്ചിരുന്നു.
ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയെയും കുറ്റകരമാക്കുന്ന ബിഎന്‍എസ് സെക്ഷന്‍ 152 പ്രകാരം മന്ത്രി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്.
'നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സിന്ദൂരം അവര്‍ തുടച്ചുമാറ്റി. അവരെ പാഠം പഠിപ്പിക്കാന്‍ അവരുടെ സഹോദരിയെ തന്നെ നമ്മള്‍ ഉപയോഗിച്ചു,' എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഷായുടെ പരാമര്‍ശങ്ങള്‍ വര്‍ഗീയ സ്വഭാവമുള്ളതും അവഹേളിക്കുന്നതുമാണ്. ആയതിനാല്‍ ഗുരുതരമായ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.