
ജോലിസ്ഥലത്ത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം ലൈംഗിക അതിക്രമമാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർ.എൻ. മഞ്ജുളയാണ് ഉത്തരവിട്ടത്. ഉപദ്രവിക്കുന്നയാളുടെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ഈ നിയമം ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എച്ച്സിഎൽ ടെക്നോളജീസിലെ സർവീസ് ഡെലിവറി മാനേജർ പാർത്ഥസാരഥിക്കെതിരെ അതേ സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാർ നൽകിയ പരാതി, ലൈംഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന പ്രിൻസിപ്പൽ ലേബർ കോടതിയുടെ വിധി റദ്ദാക്കി കൊണ്ടാണ്
മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. പോഷ് നിയമപ്രകാരം ആരോപണ വിധേയൻ്റെ ഉദ്ദേശ്യത്തേക്കാൾ പ്രവൃത്തി നേരിട്ട വനിതക്ക് എന്ത് അനുഭവപ്പെട്ടു എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.